‘ഇന്ത്യൻ പ്രീമിയർ ലീഗിൽ കുറച്ച് പണി ബാക്കിയുണ്ട്’ : സഞ്ജീവ് ഗോയങ്ക

google news
‘ഇന്ത്യൻ പ്രീമിയർ ലീഗിൽ കുറച്ച് പണി ബാക്കിയുണ്ട്’ : സഞ്ജീവ് ഗോയങ്ക

ന്യൂഡൽഹി : ഐപിഎലിൽ കുറച്ച് പണികൾ ബാക്കിയുണ്ടെന്ന് പുതിയ രണ്ട് ഐപിഎൽ ടീമുകളിൽ ഒന്നായ ലക്നൗ ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്ക. മികച്ച ഒരു ടീം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്നും 2017ൽ റൈസിങ് പൂനെ സൂപ്പർ ജയൻ്റ് മുംബൈ ഇന്ത്യൻസിനോട് ഫൈനലിലാണ് കീഴടങ്ങിയത് എന്നും ഗോയങ്ക ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

“ഇത് വെറുമൊരു തുടക്കമാണ്. ടൂർണമെൻ്റ് വിജയിക്കാൻ കഴിയുന്ന ടീമിനെ കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. 2017 ഐപിഎൽ ഫൈനലിൽ റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ ഐപിഎലിൽ കുറച്ച് പണികൾ ബാക്കിയുണ്ട്. ഫ്രാഞ്ചൈസിയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ലേലത്തിൽ എങ്ങനെ ഇടപെടണമെന്ന് റിട്ടൻഷൻ പോളിസി അറിഞ്ഞതിനു ശേഷം തീരുമാനിക്കും.”- ഹർഷ് ഗോയങ്ക പറഞ്ഞു.

ഇന്നലെയാണ് പുതിയ രണ്ട് ഐപിഎൽ ടീമുകൾ ആരൊക്കെ സ്വന്തമാക്കിയെന്ന് ബിസിസിഐ അറിയിച്ചത്. ഉയർന്ന രണ്ട് ബിഡുകൾ സമർപ്പിച്ച ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ പാർട്ണേഴ്സുമാണ് പുതിയ രണ്ട് ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയത്. യഥാക്രമം ലക്നൗ, അഹ്മദാബാദ് ഫ്രാഞ്ചൈസികളാണ് ഇവർ ബിഡിലൂടെ നേടിയത്. 7090 കോടി രൂപയോടെ ആർപിഎസ്ജിയാണ് ഏറ്റവും ഉയർന്ന ടെൻഡർ സമർപ്പിച്ചത്. 5600 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച സിവിസി രണ്ടാമത് എത്തി. 22 ഗ്രൂപ്പുകളാണ് പുതിയ ടീമുകൾക്കായി രംഗത്തുണ്ടായിരുന്നത്.

കോഴ വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയിരുന്ന രണ്ട് സീസണുകളിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പിന് ഐപിഎൽ ടീം ഉണ്ടായിരുന്നു. പൂനെ ആസ്ഥാനമാക്കിയുള്ള റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ആയിരുന്നു ആർപിഎസ്ജി ഗ്രൂപ്പിൻ്റെ ടീം. രാജസ്ഥാനും ചെന്നൈയും തിരികെ എത്തിയതോടെ ഈ ടീം ഇല്ലാതായി. ഫോർമുല 1ൻ്റെ ഉടമസ്ഥരായിരുന്ന ഇക്വിറ്റി ഫേം സിവിസി ക്യാപിറ്റൽ പാർട്ണേഴ്സ് സ്റ്റാർക്ക് ഗ്രൂപ്പ്, സ്കൈ ബെറ്റിങ് ആൻഡ് ഗെയിമിങ് തുടങ്ങിയ കമ്പനികളുടെയും ഉടമകളാണ്.

The post ‘ഇന്ത്യൻ പ്രീമിയർ ലീഗിൽ കുറച്ച് പണി ബാക്കിയുണ്ട്’ : സഞ്ജീവ് ഗോയങ്ക first appeared on Keralaonlinenews.

Tags