തീയറ്റര്‍ ഉടമകളുടെ ആവശ്യത്തില്‍ തീരുമാനം പിന്നീട് : മന്ത്രി സജി ചെറിയാന്‍

google news
തീയറ്റര്‍ ഉടമകളുടെ ആവശ്യത്തില്‍ തീരുമാനം പിന്നീട് : മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം : തീയറ്റര്‍ ഉടമകളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം പിന്നീടെന്ന് മന്ത്രി സജി ചെറിയാന്‍. തീയറ്റര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിക്ക് അനുഭാവപൂര്‍ണമായ സമീപനമാണുണ്ടായത് എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി അറിയിച്ചു.

തീയറ്റര്‍ ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ വകുപ്പ് മന്ത്രിമാരുമായി വീണ്ടും യോഗം ചേരും. ധന-തദ്ദേശ-വൈദ്യുതി-ആരോഗ്യ വകുപ്പുകളിലെ മന്ത്രിമാരുമായി കൂടിയാലോചിച്ചായിരിക്കും തീരുമാനം. സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കും. സിനിമാ വ്യവസായത്തെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

ഈ മാസം 22നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യമനുസരിച്ച് സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്. അന്നുയര്‍ന്ന ആവശ്യങ്ങളാണ് ഇന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്. അതേസമയം സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മലയാള സിനിമകളുടെ റിലീസിംഗ് ആശങ്കയിലാണ്. വെള്ളിയാഴ്ച മലയാള സിനിമ റിലീസ് ചെയ്യുമെന്ന് പറയാനാകില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചു. നാളെ ചേരുന്ന ചേംബര്‍ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

സിനിമാ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ച ആവശ്യങ്ങള്‍ക്ക് കൃത്യമായ മറുപടി സര്‍ക്കാരില്‍ നിന്നുണ്ടായില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച തന്നെ സിനിമകള്‍ റിലീസ് ചെയ്തുതുടങ്ങുമെന്ന് തീയറ്റര്‍ ഉടമകള്‍ പറഞ്ഞത്. എന്നാല്‍ മലയാള സിനിമയുടെ റിലീസിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിലപാട് വ്യക്തമാക്കണമെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം.

The post തീയറ്റര്‍ ഉടമകളുടെ ആവശ്യത്തില്‍ തീരുമാനം പിന്നീട് : മന്ത്രി സജി ചെറിയാന്‍ first appeared on Keralaonlinenews.