ടി-20 ലോകകപ്പ് : ന്യൂസീലൻഡിനെതിരെ പാകിസ്താന് 135 റൺസ് വിജയലക്ഷ്യം

google news
ടി-20 ലോകകപ്പ് : ന്യൂസീലൻഡിനെതിരെ പാകിസ്താന് 135 റൺസ് വിജയലക്ഷ്യം

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസീലൻഡിനെതിരെ പാകിസ്താന് 135 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റൺസെടുത്തു. 27 റൺസ് വീതം നേടിയ ഡാരിൽ മിച്ചലും ഡെവോൺ കോൺവേയുമാണ് കിവീസിൻ്റെ ടോപ്പ് സ്കോറർമാർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി.

ആദ്യ പന്ത് മുതൽ ഗംഭീരമായി പന്തെറിഞ്ഞ പാക് ബൗളർമാർ ന്യൂസീലൻഡിനെ ഒരു ഘട്ടത്തിലും ഫ്രീ ആയി സ്കോർ ചെയ്യാൻ അനുവദിച്ചില്ല. ആറാം ഓവറിൽ, സ്കോർബോർഡിൽ 36 റൺസുള്ളപ്പോൾ ഗപ്റ്റിൽ (17) മടങ്ങി. ഹാരിസ് റൗഫിൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആയാണ് കിവീസ് ഓപ്പണർ മടങ്ങിയത്. 9ആം ഓവറിൽ സഹ ഓപ്പണർ ഡാരിൽ മിച്ചലും (27) പുറത്തായി.

ഇമാദ് വാസിമിനെ തുടർച്ചയായി സിക്സറടിക്കാനുള്ള ശ്രമത്തിനിടെ താരം ഫഖർ സമാന് പിടികൊടുത്തു മടങ്ങുകയായിരുന്നു. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ജെയിംസ് നീഷം (1) വേഗം പുറത്തായി. നീഷമിനെ മുഹമ്മദ് ഹഫീസ് ഫഖർ സമാൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മധ്യ ഓവറുകളിൽ സ്കോർ ഉയർത്താൻ ഏറെ ബുദ്ധിമുട്ടിയ കെയിൻ വില്ല്യംസണൊപ്പം ഡെവോൺ കോൺവേ എത്തിയതോടെയാണ് സ്കോർബോർഡ് ചലിച്ചുതുടങ്ങിയത്. നാലാം വിക്കറ്റിൽ 34 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. 14ആം ഓവറിൽ വില്ല്യംസൺ (25) റണ്ണൗട്ടായി.

മികച്ച രീതിയിൽ കളിച്ചുവന്ന ഡെവോൺ കോൺവേയെ 18ആം ഓവറിൽ ഹാരിസ് റൗഫ് ബാബർ അസമിൻ്റെ കൈകളിലെത്തിച്ചു. അതേ ഓവറിൽ തന്നെ ഗ്ലെൻ ഫിലിപ്സും (13) മടങ്ങി. ഫിലിപ്സിനെ ഹസൻ അലി കൈപ്പിടിയിലൊതുക്കി. ഷഹീൻ അഫ്രീദി എറിഞ്ഞ 19ആം ഓവറിൽ ടിം സീഫർട്ട് (8) ഹഫീസിനു പിടികൊടുത്ത് മടങ്ങി. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ മിച്ചൽ സാൻ്റ്നർ (6) ക്ലീൻ ബൗൾഡായി.

The post ടി-20 ലോകകപ്പ് : ന്യൂസീലൻഡിനെതിരെ പാകിസ്താന് 135 റൺസ് വിജയലക്ഷ്യം first appeared on Keralaonlinenews.

Tags