മഴക്കാല വൈദ്യുത അപകടങ്ങള്‍ : ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി

google news
മഴക്കാല വൈദ്യുത അപകടങ്ങള്‍ : ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി

കൊല്ലം : മഴക്കാല വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി. ശക്തമായ കാറ്റ്, മഴ, മിന്നലോടുകൂടിയ ഇടി എന്നിവയില്‍ വൈദ്യുത ഉപകരണങ്ങള്‍ തകരാറിലാകാനും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകള്‍ തകരുവാനുമുള്ള സാധ്യതയുണ്ട്. വൈദ്യുതി ലൈന്‍/സര്‍വീസ് വയര്‍ പൊട്ടി വീണു കിടക്കുന്നത് കണ്ടാല്‍ യാതൊരുകാരണവശാലും സ്പര്‍ശിക്കരുത്.

കെ.എസ്.ഇ.ബി ഓഫീസില്‍ അറിയിച്ച് പ്രസ്തുത ലൈന്‍ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്തണം. ഇടിമിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കി സുരക്ഷിതമായ സ്ഥാനത്തേക്ക് മാറണം. വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. അവയെ പ്ലഗില്‍ നിന്ന് വേര്‍പെടുത്തണം. വൈദ്യുതി പോസ്റ്റുകളിലും സ്റ്റേകളിലും കന്നുകാലികളെ കെട്ടുകയോ അയ കെട്ടുകയോ ചെയ്യരുത്.

വെള്ളം കയറിയത് മൂലം വൈദ്യുതബന്ധം വിച്ഛേദിച്ച കെട്ടിടങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കുന്നതിനുമുമ്പ് വയറിങ്ങും അനുബന്ധ ഉപകരണങ്ങളും അംഗീകൃത വയര്‍മാനെകൊണ്ട് പരിശോധിപ്പിച്ച് അപകട രഹിതമാണെന്ന് ഉറപ്പാക്കേണ്ടതാണ്. വൈദ്യുത അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത കെഎസ്ഇബി ഓഫീസിലോ അല്ലെങ്കില്‍ 1912, 9496010101 എന്നീ നമ്പറുകളിലോ വിളിച്ച് അറിയിക്കണം.

കാലവര്‍ഷത്തിനു മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞു കിടക്കുന്നതും വീഴാറായതുമായ മരങ്ങളും ചില്ലകളും വെട്ടി മാറ്റുന്നതിനും വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

The post മഴക്കാല വൈദ്യുത അപകടങ്ങള്‍ : ജാഗ്രത പാലിക്കണമെന്ന് കെ എസ് ഇ ബി first appeared on Keralaonlinenews.