വടക്കാഞ്ചേരിയിൽ കയറ്റിറക്ക് കൂലിതര്‍ക്കം സംഘട്ടനം : ചുമട്ടുതൊഴിലാളികള്‍ അറസ്റ്റില്‍

google news
വടക്കാഞ്ചേരിയിൽ കയറ്റിറക്ക് കൂലിതര്‍ക്കം സംഘട്ടനം : ചുമട്ടുതൊഴിലാളികള്‍ അറസ്റ്റില്‍

തൃശൂര്‍ : വടക്കാഞ്ചേരി തെക്കുകര മലാക്കയില്‍ വീടു നിര്‍മാണത്തിനുള്ള ഗ്രാനൈറ്റ് ഇറക്കുന്നതിനുള്ള കൂലിതര്‍ക്കത്തില്‍ വീട്ടുടമയെ ആക്രമിച്ചു പരുക്കേല്പിച്ച സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികളായ എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.

ഇക്കഴിഞ 20 ന് രാത്രി 10 ന് മലാക്ക കദലിക്കാട്ടുവീട്ടില്‍ പ്രകാശന്റെ മലാക്കയിലുള്ള പുതിയ വീടുപണിക്കായി ടോറസില്‍ കൊണ്ടുവന്ന ഗ്രാനൈറ്റ് ഇറക്കാനായി കയറ്റിറക്ക് തൊഴിലാളികളെ വിളിച്ചില്ല എന്ന കാരണത്താല്‍ സ്ഥലത്തെത്തിയ ഇവരും പ്രകാശന്റെ പണിക്കാരായ
ആളുകളും തമ്മില്‍ വാക്കുതര്‍ക്കവും തുടര്‍ന്ന് സംഘട്ടനവും നടന്നിരുന്നു.

ഇതില്‍ പ്രകാശനു കൈക്ക് പരുക്ക് പറ്റിയിരുന്നു. പ്രകാശനെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ മലാക്ക യൂണിയനിലുള്ള ജയകുമാര്‍, ജോര്‍ജ്, തമ്പി, വിഷ്ണു, രാജേഷ്, രാജീവന്‍, സുകുമാരന്‍, രാധാകൃഷ്ണന്‍ എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

യൂണിയന്‍ തൊഴിലാളികളെ ആക്രമിച്ചു പരുക്കേല്പിച്ചുവെന്ന കാര്യത്തിന് തൊഴിലാളികളുടെ പരാതിയില്‍ സി.പി.എം. പ്രവര്‍ത്തകനായ പ്രകാശനെയും കണ്ടാലറിയാവുന്ന ആറു പേരെയും ചേര്‍ത്ത് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് കയറ്റിറക്ക് വകയില്‍ കിട്ടാനുള്ള കൂലി ഇപ്പോള്‍ ആവശ്യപ്പെട്ടതു അടിപിടിക്ക് കാരണമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

The post വടക്കാഞ്ചേരിയിൽ കയറ്റിറക്ക് കൂലിതര്‍ക്കം സംഘട്ടനം : ചുമട്ടുതൊഴിലാളികള്‍ അറസ്റ്റില്‍ first appeared on Keralaonlinenews.