തൃശ്ശൂരിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് : പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

google news
തൃശ്ശൂരിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് : പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍ : മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ചെന്ത്രാപ്പിന്നി മാരാത്ത് സുധാകരന്റെ മകന്‍ സുരേഷിനെ (52) മാരകമായി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി. ബന്ധു കൂടിയായ ചെന്ത്രാപ്പിന്നി മാരാത്ത് അനൂപ്കുമാറിന്റെ (40) ജാമ്യാപേക്ഷയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.ജെ. വിന്‍സെന്റ് തള്ളിയത്.

2021 ആഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം. മരിച്ച സുരേഷിന്റെ ഭാര്യയോട് അനൂപ്കുമാര്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് കൊലപാതകം. സുരേഷിനെ കൈയിലിരുന്ന കത്തിയെടുത്ത് കുത്തിയും വെട്ടിയും മാരകമായി മുറിവേല്‍പ്പിച്ചു.

ഗുരുതാരാവസ്ഥയിലായ സുരേഷിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപ്പെടുത്താനുപയോഗിച്ച ആയുധവും, ഇയാള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തിരുന്നു.

ഓഗസ്റ്റ് 22 മുതല്‍ അനൂപ് റിമാന്‍ഡിലാണ്. കൊടുങ്ങല്ലൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. തന്നെ ആക്രമിക്കാന്‍ വന്നപ്പോഴാണ് സുരേഷിനെ കുത്തിയതെന്നും, കൊച്ചുകുഞ്ഞുങ്ങളടക്കമുള്ള കുടുംബം തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ വാദം.

കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും വിവിധ സ്റ്റേഷനുകളിലായി ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതി ഉള്‍പ്പെട്ടിട്ടുണ്ടെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദങ്ങള്‍ സ്വീകരിച്ചാണ് കോടതി നടപടി.

The post തൃശ്ശൂരിൽ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ് : പ്രതിയുടെ ജാമ്യാപേക്ഷ തള്ളി first appeared on Keralaonlinenews.