അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സമൂഹം ഒറ്റക്കെട്ടായി കൈകോർക്കണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

google news
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സമൂഹം ഒറ്റക്കെട്ടായി കൈകോർക്കണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അതി ദാരിദ്ര്യ നിർമ്മാർജ്ജനം സംബന്ധിച്ച സർക്കാരിന്റെ മാർഗരേഖ വിശദീകരിച്ച് സംസാരിച്ച മന്ത്രി, അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് വ്യക്തമാക്കി.

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി, അവരെ ആ അവസ്ഥയിൽ നിന്നും പുറത്തെത്തിക്കാനുള്ള സഹായവും പദ്ധതികളും മൈക്രോപ്ലാനിലൂടെ തയ്യാറാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി സമൂഹത്തിലെ ദാരിദ്ര്യത്തെയും, അതിദാരിദ്ര്യത്തെയും വേർതിരിച്ചറിഞ്ഞ് അതിദാരിദ്ര്യത്തിലുഴറുന്ന വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി അതിജീവനത്തിനുളള കരുത്ത് പകരണമെന്നും അത് സാമൂഹിക ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.

അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയയുടെ പ്രാരംഭ പഠനം തിരുവനന്തപുരം ജില്ലയിലെ അഞ്ച് തെങ്ങ് പഞ്ചായത്ത്, വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്ത്, തൃശ്ശൂർ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നടത്തിയിട്ടുണ്ട്. അതിദരിദ്രരുടെ പേരുവിവരം ഉൾപ്പെടെയുളള പട്ടിക തയ്യാറാക്കൽ അവിടങ്ങളിൽ അന്തിമ ഘട്ടത്തിലാണ്.

അനർഹരായവർ പട്ടികയിൽ ഇടം പിടിക്കാതെയും അർഹരായ ഒരാളും വിട്ടുപോകാതെയും അതീവ ജാഗ്രതയോടെ, ജനകീയ പങ്കാളിത്തത്തോടുകൂടിയാണ് പട്ടിക തയ്യാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സംസ്ഥാനതല സമിതി, ജില്ലാതല സമിതി, പഞ്ചായത്ത് തല സമിതികൾ എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിണ്ട്.

അതിദരിദ്രരെ കണ്ടെത്തേണ്ട പ്രക്രിയയുടെ പൂർണ്ണ ഉത്തരവാദിത്വം അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണെന്നും അത് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

സമ്പൂർണ്ണ സാക്ഷരതയുടെയും ജനകീയാസൂത്രണ, കുടുംബശ്രീ പ്രസ്ഥാനങ്ങളുടെയും വിജയത്തിന് ചുക്കാൻ പിടിച്ച സമൂഹമാണ് കേരളത്തിലുള്ളത്. അതിന്റെ തുടർച്ചയായി അതിദരിദ്രരെ കണ്ടെത്തി അവർക്ക് അതിജീവനത്തിനുളള പദ്ധതി തയ്യാറാക്കുന്ന ബൃഹത്തായ ജനകീയ മുന്നേറ്റത്തിന് എല്ലാവരുടെയും പിന്തുണയും സഹായസഹകരണവുമുണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സൂം മുഖേന നടത്തിയ യോഗത്തിൽ സ്റ്റേറ്റ് നോഡൽ ഓഫീസർ വി എസ്. സന്തോഷ് കുമാർ, കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ തുടങ്ങിയവരും പങ്കെടുത്തു.

The post അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സമൂഹം ഒറ്റക്കെട്ടായി കൈകോർക്കണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ first appeared on Keralaonlinenews.