ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലെ ഭിന്നത വീണ്ടും രൂക്ഷം

google news
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലെ ഭിന്നത വീണ്ടും രൂക്ഷം

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലെ ഭിന്നത വീണ്ടും രൂക്ഷമായി. ഇന്ന് ഭരണസമിതി യോഗം വിളിച്ചെങ്കിലും വിട്ടുനില്‍ക്കുെമെന്ന് പറഞ്ഞിരുന്ന അംഗങ്ങള്‍ പങ്കെടുത്തില്ല. പ്രധാന അജന്‍ഡകളില്‍ തീരുമാനമെടുക്കേണ്ട യോഗം ആയിരുന്നുവെങ്കിലും ദേവസ്വത്തിലെ അഞ്ച് ഭരണസമിതി അംഗങ്ങളാണ് വിട്ടുനിന്നത്.

ക്വാറം തികയാതെ വന്നതിനാല്‍ യോഗം ചേരാനായില്ല. കഴിഞ്ഞ ദിവസം ക്ഷേത്രദര്‍ശനത്തിനെത്തിയ നടന്‍ മോഹന്‍ലാലിന്റെ വാഹനം ക്ഷേത്രനടയിലേക്ക് പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജകുമാരി എടുത്ത നടപടിയാണ് ഭരണസമിതിയില്‍ വീണ്ടും ഭിന്നത പ്രകടമാക്കിയത്.

അഡ്മിനിസ്‌ട്രേറ്റര്‍ പങ്കെടുക്കുന്ന ഭരണസമിതി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നു ഭരണസമിതിയംഗങ്ങള്‍ നേരത്തെ ദേവസ്വം കമ്മിഷണറെ ധരിപ്പിച്ചിരുന്നു. കൂടിയാലോചിക്കാതെ അഡ്മിനിസ്‌ട്രേറ്ററും ചെയര്‍മാനും തീരുമാനങ്ങളെടുക്കുകയാണെന്നാണ് ഇവരുടെ പരാതി.

കോയ്മമാരുടെ നിയമനം, സെക്യുരിറ്റി ഓഫീസര്‍മാരുടെ നിയമനം, ഭക്തര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍, നിര്‍മാണങ്ങളുടെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍
തുടങ്ങിയവയാണ് ഇന്നത്തെ ഭരണസമിതിയില്‍ അജന്‍ഡയിലുണ്ടായിരുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ ബ്രീജാകുമാരിയുടെ ഔദ്യോഗിക കാലാവധി നാളെ പൂര്‍ത്തിയാകുമെന്നതിനാല്‍ തുടര്‍യോഗങ്ങളില്‍ അഞ്ചംഗങ്ങളും പങ്കെടുത്തേക്കുമെന്നാണറിയുന്നത്.

സര്‍ക്കാര്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതുവരെ ജില്ലാ കലക്ടര്‍ക്കായിരിക്കും അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല.

The post ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലെ ഭിന്നത വീണ്ടും രൂക്ഷം first appeared on Keralaonlinenews.