നാളികേര കൃഷിയുടെ സമഗ്ര വികസനത്തിന് എളവള്ളിയിൽ കേരഗ്രാമം പദ്ധതി

google news
നാളികേര കൃഷിയുടെ സമഗ്ര വികസനത്തിന് എളവള്ളിയിൽ കേരഗ്രാമം പദ്ധതി

തൃശൂർ : കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി എളവള്ളി ഗ്രാമപഞ്ചായത്തിലും. നാളികേര കൃഷിയുടെ സമഗ്ര വികസനത്തിനും നാളികേര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ പ്രദേശത്ത് 50 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എൽ എ നിർവ്വഹിച്ചു.

തെങ്ങിൻ തടങ്ങളിൽ മഴവെള്ള സംരക്ഷണത്തിനായി നടത്തുന്ന പുതയിടൽ പ്രക്രിയ മുതൽ തെങ്ങിൻ്റെ തടം തൂർക്കൽ, തെങ്ങിൻ തോപ്പുകളിലെ ജലസേചനത്തിന് ആവശ്യമായ പമ്പുസെറ്റ് വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങളുടെ വിതരണം, ജൈവവള നിർമാണ യൂണിറ്റ്, തെങ്ങിനാവശ്യമായ രാസവളങ്ങൾ, കീടനാശിനി തുടങ്ങി വിവിധ പദ്ധതികൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. ഇവയ്ക്കെല്ലാം പുറമെ കേടുവന്ന തെങ്ങുകൾ മുറിച്ച് മാറ്റി ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ നടൽ, തെങ്ങിൻ തോട്ടങ്ങളിൽ ഇഞ്ചി, മഞ്ഞൾ, കൂർക്ക, കൊക്കോ തുടങ്ങിയ ഇടവിളകൃഷിക്ക് വേണ്ട സഹായങ്ങളും പ്രോത്സാഹനവും പദ്ധതിയിലൂടെ നടപ്പാക്കും.

പദ്ധതിയുടെ ഭാഗമായി ചാണകവളം, ട്രൈക്കോഡർമ, സ്യൂഡോമോണസ് തുടങ്ങിയവ ഉണ്ടാക്കുന്ന സ്വയം സംഘങ്ങൾക്ക് ധനസഹായം നൽകും. തെങ്ങിനാവശ്യമായ രാജ്ഫോസ്, മസൂരിഫോസ്, എം ഒ പി, മിക്സഡ് വളങ്ങൾ തുടങ്ങിയ രാസവളങ്ങളും കപ്പലണ്ടിപ്പിണ്ണാക്ക്, വേപ്പിൻപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളും വിതരണം ചെയ്യും. ഒരു ഹെക്ടർ ഭൂമിയ്ക്ക് 175 തെങ്ങുകൾ എന്ന കണക്കിൽ എളവള്ളി ഗ്രാമപഞ്ചായത്തിലെ 250 ഹെക്ടർ ഭൂമിയിൽ സർവ്വെ നടത്തി ആനുകൂല്യങ്ങൾ നൽകുന്നതിനാണ് പദ്ധതിയിലൂടെ ഒരുങ്ങുന്നത്. ഇതോടെ പഞ്ചായത്തിലെ നാളികേര കൃഷി വികസിക്കുന്നതിനും നാളികേര കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സാധിക്കും.

എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ എളവള്ളി കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ്കുമാർ സ്വാഗതവും എളവള്ളി കേരസമിതി സെക്രട്ടറി കെ പി രാജു നന്ദിയും പറഞ്ഞു.

The post നാളികേര കൃഷിയുടെ സമഗ്ര വികസനത്തിന് എളവള്ളിയിൽ കേരഗ്രാമം പദ്ധതി first appeared on Keralaonlinenews.