ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ച മധുവിന്റെ മുടുക ഗോത്ര ഭാഷ പ്രമേയമായി ഒരു ചിത്രം; ‘ആദിവാസി’ ഒരുങ്ങുന്നു

google news
ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ച മധുവിന്റെ മുടുക ഗോത്ര ഭാഷ പ്രമേയമായി ഒരു ചിത്രം; ‘ആദിവാസി’ ഒരുങ്ങുന്നു

ആദിവാസി യുവാവ് ‘മധു’വിന്റെ മുടുക ഗോത്ര ഭാഷയില്‍, വിശപ്പ് പ്രമേയമായി ‘ആദിവാസി’ ( ദി ബ്ലാക്ക് ഡെത്ത് ) എന്ന പേരില്‍ സിനിമയുമായി സോഹന്‍ റോയ്-വിജീഷ് മണി ടീം. ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘മ് മ് മ് ( സൗണ്ട് ഓഫ് പെയിന്‍) എന്ന സിനിമയ്ക്ക് ശേഷം സോഹന്‍ റോയ്, വിജീഷ് മണി എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ആദിവാസി’. (ദി ബ്ലാക്ക് ഡെത്ത്).

ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും സംവിധായകനുമായ സോഹന്‍ റോയ് നിര്‍മ്മിയ്ക്കുന്ന ഈ ചിത്രം വിജീഷ് മണി സംവിധാനം ചെയ്യുന്നു.

മൂന്നര വര്‍ഷം മുന്‍പാണ് കേരളീയ മനസ്സാക്ഷിയെ ഉലച്ച മധുവിന്റെ മരണം നടന്നത്. വിശപ്പിന്റെ പേരില്‍ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി ‘യാത്രാമൊഴി’ എന്ന പേരില്‍ സോഹന്‍ റോയ് എഴുതിയ കവിത കേരളീയ സമൂഹം ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം സിനിമയാക്കാന്‍ തനിക്കുണ്ടായ പ്രചോദനമെന്ന് സോഹന്‍ റോയ് പറഞ്ഞു.

‘വിശപ്പ്’ എന്നത് ഒരു ആഗോള വിഷയമാണ്. ലോകത്ത് ഏതൊരു മനുഷ്യനും അത് ഒരുപോലെയാണ്. വര്‍ണ്ണവെറി മുതല്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹിക ജീവിതം വരെയുള്ള നിരവധി വിഷയങ്ങളും ഇതിനോട് ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടു തന്നെ മധുവിന് മരണമില്ല. ഇത്തരം നിരവധി ജീവിതങ്ങള്‍ നമുക്കുചുറ്റും ഇപ്പോഴും അടിച്ചമര്‍ത്തപ്പെടുകയും മരണമടയുകയും ചെയ്യുന്നു. അതുതന്നെയാണ് ഈ സിനിമക്കുള്ള പ്രചോദനം.

‘വളരെ ഗൗരവമുള്ള പ്രമേയങ്ങളാണ് എന്നും വിജീഷ് മണി സംവിധാനം ചെയ്ത് ശ്രദ്ധ നേടിയിട്ടുള്ളത്. ഞങ്ങള്‍ നിര്‍മ്മിച്ച ‘മ് മ് മ്’ ( സൗണ്ട് ഓഫ് പെയിന്‍) എന്ന സിനിമ, കൃത്യമായ പ്രമേയാവതരണത്തോടെ പറഞ്ഞ സമയത്ത് തന്നെ വിജീഷ് മണി പൂര്‍ത്തിയാക്കി തന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര മാനം കൈവരുന്ന ഈയൊരു പ്രമേയവും വളരെയധികം ഭംഗിയായി വിജീഷ് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ സോഹന്‍ റോയ് പറഞ്ഞു.

വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്‌നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ‘ആദിവാസിയുടെ’ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റാണ്. പി. മുരുഗേശ്വരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംങ്ങ്- ബി. ലെനിന്‍, സംഭാഷണം- എം. തങ്കരാജ്, ഗാനരചന- ചന്ദ്രന്‍ മാരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍-ബുസി ബേബിജോണ്‍.

The post ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ച മധുവിന്റെ മുടുക ഗോത്ര ഭാഷ പ്രമേയമായി ഒരു ചിത്രം; ‘ആദിവാസി’ ഒരുങ്ങുന്നു first appeared on Keralaonlinenews.