മഹാരാഷ്ട്രയില്‍ സിനിമാ തീയറ്ററുകള്‍ തുറക്കുന്നു; തീരുമാനം കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍

google news
മഹാരാഷ്ട്രയില്‍ സിനിമാ തീയറ്ററുകള്‍ തുറക്കുന്നു; തീരുമാനം കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍

മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 22 മുതല്‍ സിനിമാ തീയറ്ററുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയ സംസ്ഥാനമായ മഹാരാഷ്ട്ര വാക്‌സിനേഷനില്‍ പുരോഗതി നേടിയതോടെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണ്. മുംബൈയില്‍ മാത്രം ജനസംഖ്യയുടെ 41 ശതമാനം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. 88 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും നല്‍കി.

മഹാരാഷ്ട്രയില്‍ അടുത്ത മാസം 4 മുതലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഗ്രാമപ്രദേശങ്ങളില്‍ 5 മുതല്‍ 12 വരെയും നഗര പ്രദേശങ്ങളില്‍ 8 മുതല്‍ 12 വരെയുമുള്ള ക്ലാസുകളാണ് പുനരാരംഭിക്കുക. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തി കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വര്‍ഷ ഗൈഗ്വാദ് പറഞ്ഞു.

നവരാത്രിയോടനുബന്ധിച്ച് അടുത്ത മാസം 7 മുതല്‍ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതിനിടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കുറച്ചുവരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

The post മഹാരാഷ്ട്രയില്‍ സിനിമാ തീയറ്ററുകള്‍ തുറക്കുന്നു; തീരുമാനം കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ first appeared on Keralaonlinenews.