മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ലോക്‌നാഥ് ബെഹ്റ

google news
മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ലോക്‌നാഥ് ബെഹ്റ

കൊച്ചി: മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എംഡി ലോക്‌നാഥ് ബെഹ്റ. ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും അമ്പതു ശതമാനം നിരക്കില്‍ യാത്ര അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വാരാന്ത്യങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ബെഹ്‌റ അറിയിച്ചു.

2021 സെപ്റ്റംബര്‍ 18ന് നടത്തിയ കേക്ക് ഫെസ്റ്റിവല്‍ വന്‍വിജയകരമാവുകയും പൊതുജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. 24 ,25 തീയതികളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ടാറ്റൂ/ മെഹന്തി ഫെസ്റ്റ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ബെഹ്റ വ്യക്തമാക്കി.

മാത്രമല്ല, മാനസിക ദൗര്‍ബല്യമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കും. കൂടെ യാത്രചെയ്യുന്ന ഒരാള്‍ക്ക് പകുതി നിരക്കു മതിയാവും. ‘ഇപ്പോള്‍ മെട്രോയില്‍ ആളില്ല. 10-12 പേര്‍ വച്ചാണ് ഒരു മെട്രോ ഓടുന്നത്. ടിക്കറ്റ് കുറയ്ക്കാതിരുന്നിട്ടു വലിയ കാര്യമില്ല. ഇതേപടി ഓടും. ടിക്കറ്റ് കുറച്ചാല്‍ നാലാള്‍ കൂടുതല്‍ കയറിയാല്‍ ആത്രയും നല്ലത്. കോടികള്‍ മുടക്കി ഉണ്ടാക്കിയ സംവിധാനങ്ങള്‍ നാട്ടുകാര്‍ ഉപയോഗിക്കട്ടെ’ എന്ന് ബെഹ്‌റ പറഞ്ഞു.

മെട്രോയുടെ ഓരോ ട്രെയിനിനും വാട്ടര്‍ മെട്രോ ബോട്ടുകള്‍ക്കും നമ്പറിനു പകരം പേരു നല്‍കുന്ന കാര്യവും ബെഹ്‌റ പ്രഖ്യാപിച്ചു. ഇഷ്ടമുള്ള ബോട്ടിനെയും മെട്രോയേയും ഇനി പേരുചൊല്ലി വിളിക്കാം. മെട്രോയില്‍ ആളുകളെ ആകര്‍ഷിക്കാനും, കടംകയറി തകര്‍ന്നുകിടക്കുന്ന പണപ്പെട്ടിയില്‍ ചില്ലറ വീഴ്ത്താനും ബെഹ്റ മുന്നിട്ടിറങ്ങുന്നതായാണ് സംഭവത്തിലൂടെ വായിച്ചെടുക്കാനാവുന്നത്.

The post മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ലോക്‌നാഥ് ബെഹ്റ first appeared on Keralaonlinenews.