‘ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ അടിയന്തരമായി ഇടപെടണം’ ; പൊലീസിന് ഡിജിപിയുടെ നിര്‍ദേശം

google news
‘ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ അടിയന്തരമായി ഇടപെടണം’ ; പൊലീസിന് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം : ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഇടപെടലുമായി ഡിജിപി. ആരോഗ്യ പ്രവര്‍ത്തകരുടെ പരാതികളില്‍ വേഗത്തില്‍ ഇടപെടണമെന്ന് പൊലീസിന് ഡിജിപിയുടെ കര്‍ശനനിര്‍ദേശം.പുതിയ സര്‍ക്കുലറിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ അടിയന്തര സ്വഭാവത്തില്‍ ഇടപെടാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

നിലവിലുള്ള കേസുകളില്‍ ശക്തമായ നടപടി വേണം. ആശുപത്രികളില്‍നിന്നോ ആശുപത്രി ജീവനക്കാരില്‍നിന്നോ ലഭിക്കുന്ന പരാതികളില്‍ അടിയന്തരമായ നടപടിയുണ്ടാകണം. ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള അമാന്തം കാണിക്കരുത്. ഇത്തരം കേസുകള്‍ക്ക് ജില്ലാ പൊലീസ് മേധാവികള്‍ മേല്‍നോട്ടം വഹിക്കുകയും വേണം. ആശുപത്രികളിലെ പൊലീസ് എയ്ഡ്‌പോസ്റ്റ് കാര്യക്ഷമമാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പ്രത്യേകം നിയമം നിലനില്‍ക്കുന്നുണ്ട്. ഇതുപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ കേസെടുത്തുവരികയും ചെയ്യുന്നുണ്ട്. എന്നാല്‍, സംസ്ഥാനത്തെ ആരോഗ്യപരിചരണ സംവിധാനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ഇപ്പോഴും പൊതുജനങ്ങളില്‍നിന്ന് അത്തരം ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ഇത് ഭീതിയുണ്ടാക്കുന്നുണ്ട്. അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത്-സര്‍ക്കുലറില്‍ പറയുന്നു.

The post ‘ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ അടിയന്തരമായി ഇടപെടണം’ ; പൊലീസിന് ഡിജിപിയുടെ നിര്‍ദേശം first appeared on Keralaonlinenews.