മീമീ ഫിഷ് ആപ് സേവനം കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കും

google news
മീമീ ഫിഷ് ആപ് സേവനം കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കും

കോട്ടയം: കറിവയ്ക്കാന്‍ പാകത്തിന് വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തിക്കാനുള്ള സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ (കെഎസ് സിഎഡിസി) നടപ്പാക്കുന്ന പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായുള്ള മീമീ ആപ്പിന്‍റെ സേവനം കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. മൂന്നു ജില്ലകളിലുമായി 16 നഗരസഭകളിലും 55 പഞ്ചായത്തുകളിലേക്കുമാണ് മീമീ ആപ്പിന്‍റെ സേവനമെത്താന്‍ പോകുന്നത്.

പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഈ ആപ്പിന്‍റെ സഹായത്തോടെ വീട്ടമ്മമാര്‍ക്ക് ഗുണമേന്‍മയുള്ള രാസവസ്തുരഹിതമായ മത്സ്യം വൃത്തിയാക്കി വീട്ടുപടിക്കല്‍ ലഭിക്കും. അരക്കിലോ പാക്കറ്റിലാണ് മത്സ്യം ലഭിക്കുന്നത്. https://play.google.com/store/apps/details എന്ന ലിങ്കിലൂടെയോ അല്ലെങ്കില്‍ ഫോണിലുള്ള പ്ലേ സ്റ്റോര്‍ ആപ്പിലൂടെയോ മീമീ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. മീമീ സ്റ്റോറുകളുടെ പൂര്‍ണമായ പ്രയോജനം ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. മീമീ സ്റ്റാളുകള്‍ സ്ഥാപിച്ച് പൂര്‍ണ സജ്ജമാകുന്നത് വരെ വിതരണം പൂര്‍ണമായും വിതരണകേന്ദ്രങ്ങള്‍ വഴിയാകും. സ്റ്റാളുകളാരംഭിക്കുന്നതിനു മുന്നോടിയായി വിതരണകേന്ദ്രങ്ങള്‍ അനുവദിക്കും.

മേല്‍പറഞ്ഞ മൂന്നു ജില്ലകളില്‍ മീമീ സ്റ്റോറുകള്‍ തുറക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.parivarthanam.org എന്ന വെബ്സൈറ്റിലോ അല്ലെങ്കില്‍ +91 9383454647എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ആലപ്പുഴയിലും കോട്ടയത്തും ആറ് വീതം നഗരസഭകളിലും 20 വീതം പഞ്ചായത്തുകളിലുമാണ് മീമീ ആപ്പിലൂടെ മത്സ്യം ലഭ്യമാക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ നാല് നഗരസഭകളിലും 15 പഞ്ചായത്തുകളിലും മീമീ സേവനം ലഭിക്കും.

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവ ശ്രദ്ധ നല്‍കുന്ന മീമീ ഫിഷിന്‍റെ സംഭരണം, സംസ്കരണം, പാക്കിംഗ്, മുതലായവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. കടലിന്‍റെ ഏതു ഭാഗത്തുനിന്നു വലയില്‍ വീണ മത്സ്യമെന്നത് മുതല്‍ മത്സ്യബന്ധനത്തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരമടക്കം ഉപഭോക്താക്കള്‍ക്ക് അറിയാനാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും വിശ്വാസ്യതയുള്ള മത്സ്യക്കൃഷിയിടങ്ങളില്‍ നിന്നുമാണ് മീമീ സ്റ്റോറുകള്‍ മത്സ്യം സംഭരിക്കുന്നത്.

യാതൊരുതരത്തിലുള്ള രാസവസ്തുക്കളും മീമീ ഫിഷിന്‍റെ ഉത്പങ്ങളില്‍ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. യൂറോപ്യന്‍ യൂണിയന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഗുണമേന്‍മാ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്ക്കരണം, സൂക്ഷിക്കല്‍ മുതലായവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിച്ച മത്സ്യത്തെ ഉടനെ തന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

The post മീമീ ഫിഷ് ആപ് സേവനം കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കും first appeared on Keralaonlinenews.

Tags