സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയമെന്ന വിമര്‍ശനം ശക്തം

google news
സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയമെന്ന വിമര്‍ശനം ശക്തം

സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുന്ന അടച്ചിടലിനു കാരണം അശാസ്ത്രീയമായ ടിപിആര്‍ നിര്‍ണയമെന്ന ആരോപണം കൂടുതല്‍ പേര്‍ ഉന്നയിക്കുന്നുണ്ട് .ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പകുതിയിലേറെ പ്രദേശങ്ങളും മുപ്പൂട്ടിലാണ്. ടിപിആര്‍ നിര്‍ണയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുമോ എന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നു.

49153 ജനങ്ങളുള്ള കാസര്‍ഗോട്ടെ അജാന്നൂരില്‍ ഒരാഴ്ച 737 പരിശോധന നടത്തി 193 പേര്‍ പോസിറ്റീവായി. ടിപിആര്‍ 26 ശതമാനത്തിനു മുകളിലാണ്. ചില തദ്ദേശ സ്ഥാപനങ്ങളില്‍ രോഗികള്‍ ഏറെയുണ്ടെങ്കിലും പരിശോധനകളുടെ എണ്ണത്തിലൂടെ സമ്പൂര്‍ണ അടച്ചിടല്‍ ഒഴിവായപ്പോള്‍ പരിശോധനയും രോഗികളും കുറഞ്ഞ മറ്റു ചില തദ്ദേശ സ്ഥാപനങ്ങള്‍ മുപ്പൂട്ടില്‍ കുടുങ്ങി. തദ്ദേശ സ്ഥാപനങ്ങളിലെ ജനസംഖ്യയും കൊവിഡ് രോഗബാധിതരുടെ എണ്ണവും തമ്മിലുള്ള അനുപാതം കണക്കിലെടുത്ത് വിവിധ കാറ്റഗറികള്‍ നിശ്ചയിച്ചാല്‍ ഭൂരിപക്ഷം പ്രദേശങ്ങളും അടച്ചിടല്‍ പരിധിക്ക് പുറത്തു വരും.

ലോണ്‍ എടുത്ത് കട തുടങ്ങിയ നെടുമങ്ങാട്ടുകാരന്‍ അര്‍ഷാദ് ദുരിതത്തിലാണ്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നവര്‍ ഇന്ന് കേരളത്തില്‍ ഏറെയുണ്ട്. വായ്പയുടെ പലിശ കൂടുകയും വരുമാനം നിലയ്ക്കുകയും ചെയ്തവരാണിവര്‍.

ഇന്നിപ്പോള്‍ അര്‍ഷാദിന്റെ കടയുള്ള നെടുമങ്ങാട് നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആണ്. നഗരസഭാ ചെയര്‍ പേര്‍സണ്‍ വിളിച്ച യോഗത്തില്‍ ടിപിആറിലെ അശാസ്ത്രീയതക്കെതിരെ പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായ അര്‍ഷാദ് എന്ന മറ്റൊരു വ്യാപാരിയും ട്വന്റിഫോറിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

ടിപിആര്‍ പ്രകാരം അടച്ചിടലിലേക്ക് നീങ്ങുന്നത് അശാസ്ത്രീയമെന്ന വിമര്‍ശനം കൂടുകയാണ്. ഒരു പഞ്ചായത്തില്‍ ഒരാളെ മാത്രം ടെസ്റ്റ് ചെയ്യുകയും അയാള്‍ രോഗിയെന്ന് കണ്ടെത്തിയപ്പോള്‍ 100 % ടിപിആര്‍ എന്നു നിര്‍ണയിച്ച സംഭവമുണ്ട്. കാസര്‍ഗോട്ടെ വോര്‍ക്കാടി പഞ്ചായത്തിലായിരുന്നു ഇത്.

The post സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയമെന്ന വിമര്‍ശനം ശക്തം first appeared on Keralaonlinenews.