വാക്‌സീന്‍ എടുത്തവരും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് പിണറായി വിജയന്‍

google news
വാക്‌സീന്‍ എടുത്തവരും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവരും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇതുവരെ 1,77,09,529 പേര്‍ക്ക് വാക്‌സീന്‍ നല്‍കി. ഇതില്‍ 1,24,64,589 പേര്‍ക്ക് ഒരു ഡോസും 52,44,940 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് വാക്‌സീന്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ ഇപ്പോള്‍ കേരളം വാക്‌സീന്‍ വിതരണം ചെയ്യുന്ന വേഗത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ 60 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കാനാവും. രോഗം വന്ന് ഭേദമായവരുടെ എണ്ണം കൂടിയിട്ടുണ്ട്. വാക്‌സീന്‍ ലഭിക്കുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ സാമൂഹ്യ പ്രതിരോധ ശേഷി അധികം വൈകാതെ കൈവരിക്കാനാവും.

എന്നാല്‍ ഇത് കൈവരിച്ചാല്‍ പോലും കോവിഡ് പെരുമാറ്റച്ചട്ടം പെട്ടെന്ന് പിന്‍വലിക്കാനാവില്ല. വാക്‌സീനെടുത്തവരിലും രോഗം വന്ന് പോയവരിലും വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വാക്‌സീന്‍ എടുത്തവരും പെരുമാറ്റച്ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോസിറ്റീവ് കേസുകള്‍ ഇപ്പോള്‍ ഒരേ നിലയില്‍ നില്‍ക്കുകയാണ്. ഈ ദിവസങ്ങളില്‍ കാണുന്നത് ചെറിയ വര്‍ധനവാണ്. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിലയാണ് ഇവിടെ. ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവും വിധം രോഗികളുടെ എണ്ണം നിയന്ത്രിക്കാനാവും. മരണനിരക്ക് മറ്റേത് പ്രദേശത്തേക്കാളും കുറച്ച് നിര്‍ത്താനാവും. മറ്റ് രോഗാവസ്ഥ ഉള്ളവര്‍ക്കിടയിലാണ് കോവിഡ് ഗുരുതരമാകുന്നത്.

അത്തരം രോഗാവസ്ഥകള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണം. കൃത്യമായ ചികിത്സ മുടക്കം കൂടാതെ ഉറപ്പാക്കണം. കോവിഡ് ഇതര രോഗം ചികിത്സിക്കാന്‍ സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ പുനരാരംഭിച്ചു. ഇത് ഉപയോഗിക്കണം. ഇത്തരം രോഗാവസ്ഥ ഉള്ളവര്‍ കോവിഡ് ബാധിച്ചാല്‍ വീട്ടില്‍ കഴിയാതെ ആശുപത്രികളില്‍ പ്രവേശിക്കണം. അനുബന്ധ രോഗം ഉള്ളവര്‍ വാക്‌സീന്‍ കഴിയാവുന്ന വേഗത്തില്‍ എടുക്കണം. അവര്‍ക്ക് വാക്‌സീന്‍ ലഭിക്കാന്‍ മുന്‍ഗണനയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

The post വാക്‌സീന്‍ എടുത്തവരും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് പിണറായി വിജയന്‍ first appeared on Keralaonlinenews.