ഫാദർ ദേവസി ഈരത്തറയ്ക്ക് നാടിന്റെ യാത്രാമൊഴി

google news
ഫാദർ ദേവസി ഈരത്തറയ്ക്ക് നാടിന്റെ യാത്രാമൊഴി

കണ്ണൂർ : അന്തരിച്ച കണ്ണൂര്‍ രൂപത വികാരി ജനറാളും കണ്ണൂരിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യവുമായിരുന്ന മോണ്‍. ദേവസി ഈരത്തറ (84)യുടെ ഭൗതിക ശരീരം ബർണശേരി കത്തീഡ്രൽ പള്ളിയിൽ സംസ്കരിച്ചു.

രാവിലെ 9.30 മുതൽ കണ്ണൂർ ബിഷപ്സ് ഹൗസിലും 11.30 മുതൽ ബർണശേരി ഹോളിട്രിനിറ്റി കത്തീഡ്രൽ പള്ളിയിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ രാഷ്‌ട്രീയ-സാമൂഹ്യ സേവനരംഗത്തെ നിരവധി പേരും ഈരത്തറയച്ചൻ സേവനം ചെയ്ത ഇടവകയിലെ അംഗങ്ങളും നാനാജാതി മതസ്ഥരും ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

ഉച്ചകഴിഞ്ഞ് 3.30 ന് ബർണശേരി ഹോളിട്രിനിറ്റി കത്തീഡ്രൽ പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, കോഴിക്കോട് രൂപത ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ, തലശേരി അതിരൂപത ബിഷ്പ് എമിരറ്റ്സ് മാർ ജോർജ് വലിയമറ്റം എന്നിവർ നേതൃത്വം നല്കി.

കരുതലും കാരുണ്യവും ഉള്ള കാരണവരെയാണ് ഈരത്തറയച്ചന്‍റെ വേർപാടിലൂടെ നഷ്ടപ്പെട്ടതെന്ന് കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല സംസ്കാര ശുശ്രൂഷക‌ൾക്ക് മുന്നോടിയായി നടന്ന സന്ദേശത്തിൽ പറഞ്ഞു. ഒരു കാലഘട്ടത്തിന്‍റെ ധന്യമായ ചരിത്രമാണ് അച്ചനിലൂടെ കടന്നുപോയത്. വിശ്രമമറിയാതെയായിരുന്നു അച്ചന്‍റെ ശുശ്രൂഷകൾ.

സാമൂഹ്യക, രാഷ്ട്രീയ, മാധ്യമ മേഖലയിലുള്ളവരോടും മറ്റ് മതസ്ഥരോടും അച്ചന്‍റെ കരുതലും സ്നേഹവും ഉണ്ടായിരുന്നു.ആടുകളുടെ ഗന്ധമുള്ള ഇടയനായ ഈരത്തറയച്ചൻ പൗരോഹിത്യ ശുശ്രൂഷ കാലഘട്ടത്തിൽ ഒരു പാട് പേരുടെ ഹൃദയങ്ങൾ കവർന്നിരുന്നുവെനും വടക്കുതല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഏറ്റവും നല്ല അജപാലകനെയാണ് രൂപതയ്ക്ക് നഷ്ടമായതെന്ന് കോഴിക്കോട് രുപത ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. എല്ലാവർക്കും പ്രീയങ്കരനായിരുന്നു. വിശ്വസ്തനായ ഒരു ഭരണാധികാരിയും അജപാലകനുമായിരുന്നു.

എല്ലാവരെയും അംഗീകരിക്കാനും സ്വീകരിക്കാനും ഈരത്തറയച്ചന് കഴിഞ്ഞിരുന്നു. ദൈവത്തിന്‍റെ നിഴലായി ജീവിച്ച ധീരനായ ഒരു വൈദികനെയാണ് സഭയ്ക്ക് നഷ്ടമായതെന്നും ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു.

രാവിലെ ബിഷപ്സ് ഹൗസിലും ബർണശേരി ഹോളിട്രിനിറ്റി കത്തീഡ്രൽ പള്ളിയിലും പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിന് അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി, കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ, കണ്ണൂർ, കോഴിക്കോട്, തലശ്ശേരി അതിരൂപതയിലെ വൈദീകരും വിവിധ കോൺഗ്രേഷനിലെ സന്യാസ്തരും , കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ , സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ, ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ്, അഡ്വ. സണ്ണി ജോസഫ് എംഎൽഎ, ഫാ.ജോസ് നെടുങ്ങാട്ട്, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ.ഹരിദാസൻ ,കേരള ലാറ്റിൻ കത്തോലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ആൻറണി നൊറോണ,രൂപത പ്രസിഡൻറ് രതീഷ് ആൻറണി എന്നിവർ ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

The post ഫാദർ ദേവസി ഈരത്തറയ്ക്ക് നാടിന്റെ യാത്രാമൊഴി first appeared on Keralaonlinenews.