റീട്ടെയില്‍ സ്റ്റോറിനെ 4.4 കോടി രൂപ വിലയുള്ള സ്വപ്ന വീടാക്കി യുവതി

google news
റീട്ടെയില്‍ സ്റ്റോറിനെ 4.4 കോടി രൂപ വിലയുള്ള സ്വപ്ന വീടാക്കി യുവതി

സ്വന്തമായി ഒരു വീട് വേണമെന്നത് എല്ലാവരുടെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ വീടിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി വീടുപണി പൂര്‍ത്തിയാക്കുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം കാഠിന്യമേറിയ പണിയാണ്. ഇത്തരത്തില്‍ തന്നെയാണ് എലിസബത്ത് വില്യംസും തന്റെ സ്വപ്ന ഭവനം പണിയുന്നതിന് ഇറങ്ങിത്തിരിച്ചത്. എന്നാല്‍ സ്ഥലം കണ്ടെത്തുന്നത് മുതല്‍ വീട് പൂര്‍ത്തിയാകുന്നത് വരെ അവര്‍ക്ക് വലിയൊരു കടമ്പ തന്നെയായിരുന്നു വീടു പണി. കോവിഡ് വ്യാപനം രൂക്ഷമായതും വെല്ലുവിളികള്‍ ഇരട്ടിയാക്കി. എന്നാല്‍ തോറ്റു കൊടുക്കാന്‍ വിസമ്മതിച്ച എലിസബത്ത് തന്റെ സ്വപ്ന ഭവനം പൂര്‍ത്തിയാക്കുക തന്നെ ചെയ്തു.

തന്റെ സ്വപ്ന ഭവനം പണിയുന്നതിനായി യുകെയിലെ വെയില്‍സില്‍ ഒരു റീട്ടെയ്ല്‍ സ്റ്റോറിന്റെ സ്ഥലം വാങ്ങിയ ഇവര്‍ അതിനെ അഞ്ചു ലക്ഷം യൂറോ (4.4 കോടി രൂപ) വിലയുള്ള ഒരു അതിമനോഹര ആഡംബര ഭവനമാക്കി മാറ്റുകയായിരുന്നുവെന്ന് ഫിന്‍ടെക്‌സൂം.കോം റിപോര്‍ട്ട് ചെയ്യുന്നു.

വാങ്ങിയ സ്ഥലത്ത് വീട് പണി ആരംഭിച്ചെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് എലിസബത്തിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. എലിസബത്തിന്റെ സ്വപ്നത്തിലേക്ക് ആദ്യത്തെ വഴി മുടക്കിയത് വാങ്ങിച്ച സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാതിരുന്നു എന്നതാണ്. സ്ഥലം ഈര്‍പ്പമുള്ളതും വെളിച്ചം കുറഞ്ഞതും ആയതിനാല്‍ നിര്‍മാണം എളുപ്പമായിരുന്നില്ല. കൂടാതെ, വാങ്ങിച്ച സ്ഥലം നേരത്തെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതിനാല്‍ റെസിഡന്‍ഷ്യല്‍ പ്ലോട്ടായി മാറ്റേണ്ടതുണ്ടായിരുന്നു. അതിന്റെ നടപടി ക്രമങ്ങള്‍ക്കായി അവര്‍ പ്രാദേശിക കൗണ്‍സിലിനെ സമീപിച്ചു.

അതിനു പിന്നാലെയാണ് ഏറ്റവും വലിയ വെല്ലുവിളിയായി കോവിഡ് മഹാമാരി എത്തിയത്. കോവിഡ് കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങളോളം മുടങ്ങി. എന്നാല്‍ തോറ്റു കൊടുക്കാന്‍ വിസമ്മതിച്ച എലിസബത്ത് ഏതുവിധേനയും തന്റെ ദൗത്യവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.

എലിസബത്തിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കാണുക തന്നെ ചെയ്തു. ഏഴു മാസത്തെ പരിശ്രമങ്ങള്‍ക്കു ശേഷം വാങ്ങിയ സ്ഥലത്ത് നല്ല വായുസഞ്ചാരമുള്ള ഒരു ആഡംബര ഭവനം തന്നെ എലിസബത്ത് നിര്‍മ്മിച്ചെടുത്തു.

വീടിന്റെ ഡിസൈനിന് പിന്നിലെ ആശയത്തെ കുറിച്ച് പറയുമ്‌ബോഴും എലിസബത്തിന് നൂറുനാവാണ്. തന്റെ വീട് ന്യൂട്ടണ്‍ ബീച്ചിന് സമീപം ആയതിനാല്‍ വീട്ടില്‍ ഒരു ബീച്ചിന്റെ പ്രതീതി കൊണ്ടുവരാന്‍ ആഗ്രഹിച്ചിരുന്നതായി എലിസബത്ത് പറയുന്നു. തന്റെ ആശയങ്ങള്‍ ആര്‍ക്കിടെക്റ്റായ പീറ്റര്‍ ലീയോട് പറഞ്ഞ് അത്തരമൊരു ഡിസൈന്‍ തയ്യാറാക്കുകയായിരുന്നു. പുതുതായി പണിത വീട്ടില്‍ മൂന്ന് ബെഡ് റൂമുകള്‍, ഒരു ഓപ്പണ്‍ കിച്ചന്‍, ഒരു ലോഞ്ച്, ഒരു ഗാര്‍ഡന്‍ ഏരിയ എന്നിവയാണുള്ളത്.

പുതിയതായി വീടു പണി നടത്തുന്നവര്‍ക്ക് തന്റെ അനുഭവത്തില്‍ നിന്നും ചില ഉപദേശങ്ങള്‍ നല്‍കാനും എലിസബത്ത് മറന്നില്ല. വീട് പണിയുന്നവര്‍ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് എല്ലാ സാധ്യതകളക്കുറിച്ചും പഠിക്കണം. പണി തുടങ്ങും മുമ്പേ വിദഗ്ധരുമായി സംസാരിച്ച് നിര്‍മാണ രീതി, ചെലവ് എന്നിവയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കണം. തുടര്‍ന്ന് നിങ്ങളുടെ ബജറ്റ് അനുസരിച്ച് ഏറ്റവും മികച്ചത് കണ്ടെത്തി നിര്‍മാണം ആരംഭിക്കണമെന്നും എലിസബത്ത് പറയുന്നു.

The post റീട്ടെയില്‍ സ്റ്റോറിനെ 4.4 കോടി രൂപ വിലയുള്ള സ്വപ്ന വീടാക്കി യുവതി first appeared on Keralaonlinenews.