കോവിഡ്: ഒരു വര്‍ഷക്കാലത്തെ വേര്‍പിരിയലിന് ശേഷം വീണ്ടും ഒന്നിച്ച് 92 വയസുകാരായ ഇരട്ട സഹോദരങ്ങള്‍

google news
കോവിഡ്: ഒരു വര്‍ഷക്കാലത്തെ വേര്‍പിരിയലിന് ശേഷം വീണ്ടും ഒന്നിച്ച് 92 വയസുകാരായ ഇരട്ട സഹോദരങ്ങള്‍

കൊറോണ വൈറസ് മൂലം പ്രിയപ്പെട്ടവരില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് നിങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്ന കുടുംബത്തില്‍ നിന്നോ അന്ത്യശ്വാസം വലിക്കുന്നത് വരെ നിങ്ങള്‍ക്ക് പിന്തുണയായി കൂടെയുണ്ടാകുന്ന ഭാര്യയില്‍ നിന്നോ മാറി നില്‍ക്കുന്നതിനെക്കുറിച്ച്? അത്തരമൊരു അനുഭവമാണ് ഇംഗ്ലണ്ടിലെ ഈ ഇരട്ട സഹോദരങ്ങള്‍ക്ക് പറയാനുള്ളത്. 92 വയസ് പ്രായമുള്ള ഈ ഇരട്ട സഹോദരങ്ങള്‍ കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികം പരസ്പരം കാണാതെ കഴിയുകയായിരുന്നു.

മിന്നി വാല്‍ഷ്, പാട്രിക് സ്പീഡ് എന്നിങ്ങനെ പേരുള്ള ഇംഗ്ലണ്ടിലെ ഈസ്റ്റ് യോര്‍ക്ക്‌ഷൈര്‍ സ്വദേശികളായ ഈ സഹോദരങ്ങള്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചാണ് കഴിഞ്ഞത്. കൊറോണ വൈറസ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്നാണ് ആദ്യമായി ഇവര്‍ക്ക് അകന്നു നില്‍ക്കേണ്ടി വന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും ഹള്‍ എന്ന പ്രദേശത്തെ സാള്‍ട്ട്ഹൗസ് കെയര്‍ ഹോമിലേക്ക് മാറുകയായിരുന്നു. മിയൂക്‌സ് യൂണിറ്റില്‍ കഴിഞ്ഞ മിന്നിയ്ക്കും ബില്‍ട്ടണ്‍ ലോഡ്ജ് യൂണിറ്റില്‍ കഴിഞ്ഞ പാട്രിക്കിനും കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പരസ്പരം കാണാന്‍ അവസരം ലഭിച്ചില്ല. ഒടുവില്‍, ഇരുവരും കോവിഡ് വാക്‌സിനേഷന് വിധേയരായതിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും സഹോദരങ്ങള്‍ക്ക് കെയര്‍ ഹോമിന്റെ പൂന്തോട്ടത്തില്‍ വെച്ച് പരസ്പരം കാണാന്‍ അവസരം ഒരുക്കി കൊടുക്കുകയുമായിരുന്നു അധികൃതര്‍. ഈ സഹോദരങ്ങള്‍ വിവാഹിതരാണെങ്കിലും ജീവിതകാലം മുഴുവന്‍ ഒന്നിച്ചാണ് കഴിഞ്ഞത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് പാട്രിക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയ രണ്ടു വര്‍ഷക്കാലയളവില്‍ മാത്രമാണ് ഇരുവരും ഇതിനുമുമ്ബ് അകന്നു കഴിഞ്ഞിട്ടുള്ളത്.

ഒന്നിലേറെ വര്‍ഷത്തിന് ശേഷം ആദ്യം കണ്ടുമുട്ടിയതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ പരസ്പരം ആശ്ലേഷിക്കുകയും കൈകള്‍ ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന സഹോദരങ്ങളുടെ വീഡിയോ ആരുടെയും കണ്ണ് നനയ്ക്കും. വീഡിയോ ക്ലിപ്പില്‍ പാട്രിക് ഒരു നഴ്സിന്റെ സഹായത്തോടെ തന്റെ സഹോദരിയുടെ സമീപത്തേക്ക് പോകുന്നതും രണ്ടുപേരും പരസ്പരം വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്നത് കാണാം. ഇരുവരും സന്തോഷത്തോടെ കെട്ടിപ്പുണരുകയും ചുംബനം പങ്കുവെക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

‘എന്നെ കണ്ടപ്പോള്‍ അദ്ദേഹം കരഞ്ഞുപോയി. പരസ്പരം വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്’, അത്യപൂര്‍വമായ ഈ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മിന്നി പ്രതികരിച്ചു. ‘ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ വളരെ അടുത്ത് ഒന്നിച്ചാണ് കഴിഞ്ഞിട്ടുള്ളത്. ഞങ്ങള്‍ ഒന്നിച്ചാണ് ജോലി ചെയ്തിരുന്നതും. എനിക്ക് ഇന്ത്യയില്‍ നിയമനം ലഭിച്ച സമയത്ത് മാത്രമാണ് അകന്നു കഴിഞ്ഞത്. ഞങ്ങള്‍ ഒന്നിച്ച് ജനിച്ചു, ഇപ്പോള്‍ വീണ്ടും ഒന്നിച്ചിരിക്കുന്നു’, പാട്രിക് സന്തോഷപൂര്‍വം പ്രതികരിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരും കഴിയുന്ന കെയര്‍ ഹോമിന്റെ ആക്റ്റിവിറ്റി കോര്‍ഡിനേറ്റര്‍ ആയ സാറ പാട്രിക്ക് ആണ് ഈ സഹോദരങ്ങളുടെ സന്തോഷപ്രകടനം ക്യാമറയില്‍ പകര്‍ത്തിയത്.

The post കോവിഡ്: ഒരു വര്‍ഷക്കാലത്തെ വേര്‍പിരിയലിന് ശേഷം വീണ്ടും ഒന്നിച്ച് 92 വയസുകാരായ ഇരട്ട സഹോദരങ്ങള്‍ first appeared on Keralaonlinenews.