ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കും, വില്ലേജ് ഓഫീസ് പ്രവര്‍ത്തനം സ്മാര്‍ട്ടാക്കും: മന്ത്രി കെ. രാജന്‍

google news
ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കും, വില്ലേജ് ഓഫീസ് പ്രവര്‍ത്തനം സ്മാര്‍ട്ടാക്കും: മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കി എല്ലാവര്‍ക്കും ഭൂരേഖകള്‍ നല്‍കുമെന്നും ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെ തുടങ്ങി വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം സ്മാര്‍ട്ടാക്കുമെന്നും മന്ത്രി കെ. രാജന്‍. പത്രപ്രവര്‍ത്തക യൂണിയനും കേസരി സ്മാരകവും ഹോട്ടല്‍ വിവാന്തയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ 1028 വില്ലേജുകളുടെ റീസര്‍വേ പൂര്‍ത്തിയായി. 54 കൊല്ലമായി 54 ശതമാനം റീസര്‍വേയാണ് പൂര്‍ത്തിയാക്കാനായത്. വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ച് കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി സര്‍വേ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ജനസൗഹൃദ വില്ലേജാഫീസ് പ്രാവര്‍ത്തികമാക്കും. ഇതിലേക്കായി എല്ലാ രേഖകളും ഡിജിറ്റലാക്കും. ഒരിക്കല്‍ ലഭിക്കുന്ന രേഖ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ സംവിധാനം ഒരുക്കും. ഇതിലൂടെ വീണ്ടും വില്ലേജ് ഓഫീസിലെത്തി സര്‍ട്ടിഫിക്കറ്റിനായി ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

നിയമകുരുക്ക് ഒഴിവാക്കി എല്ലാവര്‍ക്കും പട്ടയം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിലവില്‍ 153000 പട്ടയം നല്‍കിക്കഴിഞ്ഞു. അതേസമയം അനധികൃതമായി ഭൂമി കൈയേറിയത് സര്‍ക്കാര്‍ തിരിച്ചുപിടിക്കും.റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് റവന്യൂ ജോലികളും നിയമങ്ങളും സംബന്ധിച്ച് പരിശീലനം നല്‍കും.

25 സെന്റിനു താഴെയുള്ള ഭൂമി തരം മാറ്റാനായി നല്‍കി അപേക്ഷയില്‍ ഇതേവരെ തീരുമാനമെടുത്തിട്ടില്ല. റവന്യൂ വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരുമായി ചര്‍ച്ച നടത്തിയശേഷം 2021- 2026 വിഷന്‍ ഓഗസ്റ്റില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

The post ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കും, വില്ലേജ് ഓഫീസ് പ്രവര്‍ത്തനം സ്മാര്‍ട്ടാക്കും: മന്ത്രി കെ. രാജന്‍ first appeared on Keralaonlinenews.