ഇന്ത്യയ്ക്കൊരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; ചീഫ് ജസ്റ്റിസ്

google news
ഇന്ത്യയ്ക്കൊരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഒരു വനിത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ഹൈക്കോടതിയില്‍ അഡ്‌ഹോക്ക് ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

ജുഡീഷ്യറിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കൊളീജിയത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗഹള്‍, സൂര്യ കാന്ത് എന്നിവരുടെ പ്രത്യേക ബെഞ്ചിന്റേതാണ് നിരീക്ഷണം.

വനിതകളെ വേണമെന്ന താല്പര്യം ഞങ്ങളുടെ മനസിലുണ്ട്. ഞങ്ങള്‍ അത് മികച്ച രീതിയില്‍ നടപ്പാക്കുന്നുമുണ്ട്. ഞങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ല. നല്ല ഒരു ആളെ ലഭിക്കണമെന്ന് മാത്രമേയുളളൂ- ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജുഡീഷറിയില്‍ 11 ശതമാനം സ്ത്രീകള്‍ മാത്രമേയുളളൂവെന്നും, കൂടുതല്‍ പേരെ ജഡ്ജിമാരായി നിയമിക്കണമെന്നും വനിതാ അഭിഭാഷകരുടെ അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകരായ സ്നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഹൈക്കോടതികളില്‍ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ പറഞ്ഞു.എന്നാല്‍ കുട്ടികളുടെ പഠനകാര്യത്തില്‍ ശ്രദ്ധിക്കണമെന്നും മറ്റും പറഞ്ഞ് അവര്‍ പലപ്പോഴും പിന്മാറാന്‍ നോക്കുന്നുവെന്നും ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു

ഇന്ത്യയില്‍ 25 ഹൈക്കോടതികളില്‍ തെലങ്കാനയില്‍ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുളളത്. ജസ്റ്റിസ് ഹിമ കോഹ് ലിയാണ് തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്. രാജ്യത്തെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് വനിതകള്‍.

The post ഇന്ത്യയ്ക്കൊരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; ചീഫ് ജസ്റ്റിസ് first appeared on Keralaonlinenews.