ഭക്ഷ്യവിഷബാധ ജീവനു ഭീഷണിയാകാം…

google news
ഭക്ഷ്യവിഷബാധ ജീവനു ഭീഷണിയാകാം…

ഹോട്ടല്‍ ഭക്ഷണം, പൊതുചടങ്ങുകളില്‍ വിതരണംചെയ്യുന്ന ഭക്ഷണം എന്നിവ വഴിയും ചിലപ്പോള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധ സംഭവിക്കാറുണ്ട്. ഭക്ഷണം പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയിലേക്ക് വഴിയൊരുക്കുന്നത്.

പലപ്പോഴും പഴകിയ ആഹാരം കഴിക്കുന്നതാണ് ഭക്ഷ്യവിഷബാധയിലേക്കു വഴിതെളിക്കുന്നത്. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കിയത്, ബേക്കറിയിലെ പഴയ സ്നാക്കുകൾ, ബിരിയാണി പോലുള്ള ആഹാരം വൈകി കഴിക്കുന്നത് ഇവയെല്ലാം കാരണമാകും. പഴകുന്തോറും ആഹാരത്തിൽ അണുക്കൾ വർധിക്കുകയാണ്. സാലഡ്, ചട്നി, തൈരുസാദം എന്നിവ തയാറാക്കിയ ഉടൻ കഴിക്കണം. ഇല്ലെങ്കിൽ വിഷബാധയുണ്ടാകും.

ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സാൽമണൊല്ല, സ്റ്റെഫൈലോകോക്കസ് എന്നിവയും ഇതിനു കാരണമാകുന്നു. ഈ ബാക്ടീരിയകൾ പുറത്തുവിടുന്ന അപകടകാരികളായ ടോക്സിനുകൾ ജീവനുപോലും ഭീഷണിയാണ്.

ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യമുള്ള ആഹാരം കഴിച്ച് ഏകദേശം പന്ത്രണ്ടുമണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ തുടങ്ങും. ഭക്ഷണം കഴിച്ചശേഷമുണ്ടാകുന്ന ഓക്കാനം, ഛര്‍ദി, മനംപിരട്ടല്‍, ശരീരവേദന, ശരീരത്തില്‍ തരിപ്പ്, വയറിളക്കം, വയറുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരുദിവസം വരെ നീണ്ടുനില്‍ക്കുന്ന ഇടവേളയ്ക്കുശേഷമോ ലക്ഷണം പ്രത്യക്ഷപ്പെടാം. ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണംവരെ സംഭവിക്കാം.

പ്രഥമശുശ്രൂഷ എന്ന നിലയിൽ വിഷാംശം കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം. ആശുപത്രിയിലെത്തിയാൽ വിഷബാധയെ നിർവീര്യമാക്കുന്ന ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ നൽകും.

ഭക്ഷ്യവിഷബാധ എങ്ങനെ തടയാം ..

∙ പഴകിയ ആഹാരം ഉപയോഗിക്കരുത്, രുചി, മണം, നിറം എന്നിവയിൽ വ്യത്യാസമനുഭവപ്പെട്ടാൽ എത്ര വിലകൂടിയ ആഹാരമായാലും കഴിക്കരുത്.

∙ പാകം ചെയ്ത ആഹാരം ഏറെനേരം തുറന്നു വയ്ക്കാതെ ഫ്രിജിൽ സൂക്ഷിക്കാം. പാകം ചെയ്ത, മാംസം, മുട്ട, മത്സ്യം ഇവയും അധികനേരം പുറത്തു വയ്ക്കരുത്.

∙ തണുത്ത ആഹാരം നന്നായി ചൂടാക്കി, അല്ലെങ്കിൽ തിളപ്പിച്ചു മാത്രം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

∙ ബേക്കറി പലഹാരങ്ങൾ അന്നന്നു പാകപ്പെടുത്തിയവ തന്നെ കഴിക്കുക. പഴകിയ എണ്ണപ്പലഹാരങ്ങളും ഉപയോഗിക്കരുത്.

∙ പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോൾ നല്ല ബാൻഡ് തിരഞ്ഞെടുക്കണം. എക്സ്പെയറി ഡേറ്റും പരിശോധിക്കണം.

ഇൻസ്റ്റന്റ് കറിക്കൂട്ടുകൾ

മഞ്ഞൾപ്പൊടി, മുളകുപൊടി തുടങ്ങി എല്ലാത്തരം പൊടികളും മസാലകളും ഇന്നു വിപണിയിലുണ്ട്. വാങ്ങി നേരിട്ടുപയോഗിച്ചാൽ മാത്രം മതി. എന്നാൽ ഇവയിൽ ചിലതെങ്കിലും മായം കലർത്തപ്പെടുന്നു എന്ന് ആരോപണമുണ്ട്. അത്തരം ആഹാരം കഴിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളുണ്ടാകുമെന്നതിൽ സംശയം വേണ്ട. അവ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.

∙ നല്ല ബ്രാൻഡ് ഉത്പന്നങ്ങൾ മാത്രം വാങ്ങുക. കാലഹരണതീയതി കൃത്യമായി പരിശോധിക്കണം.

∙ ഉപയോഗിക്കാൻ ആവശ്യമുള്ളത്ര ചെറിയ അളവിൽ വാങ്ങിയാൽ മതി. കൂടുതൽ കാലത്തേക്ക് മുൻകൂട്ടി വാങ്ങി വയ്ക്കുന്നത് ഗുണമേന്മയെ ബാധിക്കും. ഇരുന്നു പഴകാം.

∙ ഉപയോഗം കഴിഞ്ഞാൽ വായു കടക്കാത്ത ബോട്ടിലിൽ ഇവ ഭദ്രമായി അടച്ചു സൂക്ഷിക്കണം. നനഞ്ഞ സ്പൂൺ ഇട്ട് കോരിയെടുക്കരുത്. ഫംഗസ് ബാധയുണ്ടാകും.

. യാത്രകളില്‍ കഴിയുന്നതും സസ്യാഹാരം മാത്രം കഴിക്കുക

The post ഭക്ഷ്യവിഷബാധ ജീവനു ഭീഷണിയാകാം… first appeared on Keralaonlinenews.