പ്രത്യാശയും കാരുണ്യയും : രണ്ട് മറൈൻ ആംബുലൻസുകൾ കൂടി

google news
പ്രത്യാശയും കാരുണ്യയും : രണ്ട് മറൈൻ ആംബുലൻസുകൾ കൂടി

കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഒരുക്കാൻ സംസ്ഥാന സർക്കാരിന്റെ രണ്ട് മറൈൻ ആംബുലൻസുകളായ പ്രത്യാശയും കാരുണ്യയും കൂടി 28 മുതൽ പ്രവർത്തനം തുടങ്ങും.

ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ മറൈൻ ആംബുലൻസുകളുടെ ഫ്ളാഗ് ഓഫ് കൊച്ചിൻ ഷിപ്പ്യാർഡിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9.30 ന് നിർവഹിക്കും. ചടങ്ങിൽ റ്റി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും.

മത്സ്യബന്ധനത്തിനിടെയുണ്ടാകുന്ന അപകടങ്ങളിൽപ്പെട്ട് ഓരോ വർഷവും നിരവധി മത്സ്യത്തൊഴിലാളികളാണ് മരിക്കുകയോ, കാണാതാവുകയോ, ഗുരുതര പരിക്ക് ഏൽക്കുകയോ ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളിൽ അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനാണ് മറൈൻ ആംബുലൻസ് സംവിധാനം സർക്കാർ ഒരുക്കിയിട്ടുള്ളത്.

മൂന്ന് മറൈൻ ആംബുലൻസുകളാണ് ഇതിനായി സർക്കാർ ഉദ്ദേശിച്ചത്. ഇതിൽ ആദ്യത്തെ മറൈൻ ആംബുലൻസായ പ്രതീക്ഷ 2020 ആഗസ്റ്റ് 2020 ൽ തന്നെ നീറ്റിലിറങ്ങി. 18.24 കോടി രൂപയാണ് മൂന്ന് മറൈൻ ആംബുലൻസുകൾക്കായി ചെലവായത്.

23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 3 മീറ്റർ ആഴവുമുള്ള മറൈൻ ആംബുലൻസുകൾക്ക് അപകടത്തിൽപ്പെടുന്ന പത്ത് പേരെ ഒരേസമയം കിടത്തി കരയിലെത്തിക്കാൻ സാധിക്കും. 700 എച്ച്.പി വീതമുള്ള രണ്ട് സ്‌കാനിയ എൻജിനുകൾ ഘടിപ്പിച്ച ആംബുലൻസുകൾക്ക് പരമാവധി 14 നോട്ടിക്കൽ സ്പീഡ് ലഭിക്കും.

ഐ.ആർ.എസ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ബോട്ടുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഒരുക്കിയിട്ടുള്ള ആംബുലൻസിൽ 24 മണിക്കൂറും പാരാമെഡിക്കൽ സ്റ്റാഫിന്റെ സേവനം ഉണ്ടാകും.

കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ മറൈൻ ആംബുലൻസുകളുടെ പ്രവർത്തനത്തിനുള്ള സാങ്കേതിക ജീവനക്കാരുടെ സേവനം ലഭ്യമാക്കും.

ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ എസ്. ശർമ്മ, വി.കെ.സി. മമ്മദ്കോയ, കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ.എം. അനിൽകുമാർ, കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാൻ & എം.ഡി മധു.എസ്. നായർ, എസ്. ശശികല, സുരേഷ് ബാബു.എൻ.വി എന്നിവർ പങ്കെടുക്കും.

The post പ്രത്യാശയും കാരുണ്യയും : രണ്ട് മറൈൻ ആംബുലൻസുകൾ കൂടി first appeared on Keralaonlinenews.