കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകര്‍

google news
കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകര്‍

മാരകമായ കൊറോണ വൈറസില്‍ നിന്ന് മനുഷ്യന് സംരക്ഷണം നല്‍കാന്‍ കഞ്ചാവിന് കഴിയുമെന്ന് ഗവേഷകര്‍. വൈറസ് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവിന് കഴിയുമെന്നാണ് കാനഡയിലെ ലെത്ത്ബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിഡിയോള്‍ എന്ന കന്നാബിനോയ്ഡ് സംയുക്തമാണ് വൈറസിനെ പ്രതിരോധിക്കുക. വിവിധ ഇനം കഞ്ചാവ് ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത 23 തരം സത്തകളുപയോഗിച്ചായിരുന്നു പരീക്ഷണം. വായ, ശ്വാസകോശം, ഉദര കോശങ്ങള്‍ എന്നിവയുടെ കൃത്രിമ ത്രീഡി മാതൃകകളിലാണ് പരീക്ഷണം നടത്തിയത്.

13 സത്തകള്‍ വൈറസിന്റെ പ്രവര്‍ത്തനങ്ങളെ തടയുന്നതായി കണ്ടെത്തി. വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഓറല്‍ കാവിറ്റിക്ക് (വദന ഗഹ്വരം) പ്രാധാന്യം നല്‍കണമെന്നും കണ്ടെത്തി. കൊറോണ വൈറസിനെ പോലുള്ള മറ്റു വൈറസുകളെയും നേരിടാന്‍ കഞ്ചാവ് ഉപയോഗിക്കാനാവുമോയെന്ന പരീക്ഷണമാണ് ഇനി ഗവേഷകര്‍ നടത്തുക.

പരീക്ഷണങ്ങള്‍ വിജയിക്കുകയാണെങ്കില്‍ കന്നാബിഡിയോള്‍ കൂടുതല്‍ അടങ്ങിയ കഞ്ചാവ് സത്ത ഉപയോഗിച്ച് വൈറസുകള്‍ക്കെതിരെ പോരാടാനാവും. കൊറോണക്കെതിരെ കഞ്ചാവ് ഉപയോഗിക്കുന്നതില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ പഠനഫലം വ്യക്തമാക്കുന്നതെന്ന് ഗവേഷക സംഘത്തിലെ പ്രഫ. ഓള്‍ഗ കോള്‍ച്ചക്ക് പറഞ്ഞു.

ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ കഞ്ചാവ് ഉപയോഗം നിയമനം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റു പലരാജ്യങ്ങളിലും കഞ്ചാവ് നിയമവിധേയമാണ്. കഞ്ചാവില്‍ അടങ്ങിയ കന്നാബിഡിയോള്‍ അര്‍ബുദമടക്കമുള്ള മാരകരോഗങ്ങള്‍ക്കെതിരെ ഉപയോഗിക്കാമെന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇരുപതോളം രോഗാവസ്ഥകള്‍ക്ക് ചികില്‍സയായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

കൂടാതെ വിഷാദരോഗം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ രൂക്ഷമായവരില്‍ കഞ്ചാവ്, മാജിക് മഷ്‌റൂം എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്കും പല രാജ്യങ്ങളും അനുമതി നല്‍കുന്നുണ്ട്.

The post കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകര്‍ first appeared on Keralaonlinenews.