പുല്ലില്‍ ഉപേക്ഷിച്ച ചൂണ്ടക്കൊളുത്ത് പശുക്കുട്ടിയുടെ നാവില്‍ തുളഞ്ഞു കയറി

google news
പുല്ലില്‍ ഉപേക്ഷിച്ച ചൂണ്ടക്കൊളുത്ത് പശുക്കുട്ടിയുടെ നാവില്‍ തുളഞ്ഞു കയറി

തൃശൂര്‍: പുല്ലില്‍ ഉപേക്ഷിച്ച ചൂണ്ടക്കൊളുത്ത് പശുക്കുട്ടയുടെ വില്‍ തുളഞ്ഞു കയറി. കിടാവ് വേദനയില്‍ കഴിഞ്ഞത് ആറ് മണിക്കൂര്‍. അവസാനം നാലുഡോക്ടര്‍മാര്‍ പരിശ്രമിച്ച് ചൂണ്ട നീക്കം ചെയ്തു.

വരന്തരപ്പിള്ളി റൊട്ടിപ്പടി ചെറോടന്‍ രാജന്റെ വീട്ടിലെ ഏഴുമാസം പ്രായമുള്ള പശുക്കിടാവാണ് തീറ്റപ്പുല്ലില്‍പെട്ട ചൂണ്ട കടിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.

വീടിനു സമീപത്തെ കുറുമാലിപുഴയോരത്ത് വളര്‍ന്നുനിന്ന പുല്ലാണ് രാജന്‍ പശുക്കള്‍ക്ക് നല്‍കാന്‍ അരിഞ്ഞുകൊണ്ടു വന്നിരുന്നത്. എന്നാല്‍ പുഴയോരത്ത് ചൂണ്ടയിട്ട് മീന്‍പിടിച്ചിരുന്ന ചിലര്‍ അശ്രദ്ധമായി ഉപേക്ഷിച്ച പൊട്ടിയ ചൂണ്ടയുടെ മുര്‍ച്ചയുള്ള കൊളുത്ത് പുല്ലില്‍ അകപ്പെട്ടിരുന്നു.

പുല്ലുതിന്ന ശേഷം വെള്ളം കുടിച്ച പശുക്കുട്ടിയുടെ മുഖത്ത് ചോര കണ്ടതോടെയാണ് വീട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്. നാവില്‍ തറച്ചുകയറിയ ചൂണ്ടക്കൊളുത്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചില നാട്ടുകാര്‍ക്ക് പശുക്കുട്ടിയുടെ കടിയേല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് വരന്തരപ്പിള്ളി വെറ്ററിനറി ആശുപത്രിയിലെ ജീവനക്കാരെ വിവരമറിയിച്ചു. എന്നിട്ടും ചൂണ്ടയെടുക്കാനാവാതെ വന്നപ്പോള്‍ ചെങ്ങാലൂര്‍, വെള്ളിക്കുളങ്ങര മൃഗാശുപത്രിയിലെ ഡോക്ടര്‍മാരും സ്ഥലത്തെത്തി. തുടര്‍ന്ന് കുത്തിവെച്ച് പശുക്കിടാവിനെ മയക്കിയ ശേഷമാണ് ചൂണ്ട നീക്കംചെയ്തത്.

ഒന്നിലേറെ കൊളുത്തുകളുള്ള പ്രത്യേകതരം ചൂണ്ടയായതിനാല്‍ പശുക്കുട്ടിയുടെ നാവില്‍നിന്ന് നീക്കം ചെയ്യാന്‍ ഏറെ പാടുപെട്ടെന്ന് വെറ്ററിനറി വകുപ്പ് ജീവനക്കാര്‍ പറയുന്നു.

ആറുമണിക്കൂര്‍ പാടുപെട്ടാണ് കിടാവിന്റെ നാവില്‍ നിന്ന് ചൂണ്ട പുറത്തെടുത്തത്. നാവിന്നടിയിലും കവിളിലും കാര്യമായ മുറിവുണ്ടായിരുന്ന പശുക്കുട്ടി സുഖം പ്രാപിച്ചു വരുന്നു.

മുറിവുണങ്ങുന്നതിനുള്ള മരുന്നും ദ്രവരൂപത്തിലുള്ള ഭക്ഷണവുമാണ് ഇപ്പോള്‍ നല്‍കുന്നത്. പുഴയോരത്തെ അനധികൃത ചൂണ്ടയിടല്‍ നിര്‍ത്താന്‍വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

The post പുല്ലില്‍ ഉപേക്ഷിച്ച ചൂണ്ടക്കൊളുത്ത് പശുക്കുട്ടിയുടെ നാവില്‍ തുളഞ്ഞു കയറി first appeared on Keralaonlinenews.