ചെമ്പൈ സ്മരണകളുണര്‍ത്തി ഗുരുവായൂരില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം

google news
ചെമ്പൈ സ്മരണകളുണര്‍ത്തി ഗുരുവായൂരില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം

തൃശൂര്‍: ചെമ്പൈ സ്മരണകളുണര്‍ത്തി ഗുരുവായൂരില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം. ദശമി ദിനത്തില്‍ മറ്റു സംഗീത വിരുന്നുകളൊന്നുമില്ലെങ്കിലും ആസ്വാദകര്‍ക്കിതു പ്രിയമേറുന്നതായി മാറി.

പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിലെ പ്രധാന ആകര്‍ഷണമാണ് ഒരു മണിക്കൂറോളം നീളുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ചെമ്പൈ സംഗീതോത്സവം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ദശമി ദിനത്തിലെ പ്രധാന ആകര്‍ഷണ വിരുന്നു സംഗീത നഗരിയെ ഉണര്‍ത്തുന്നതായിരുന്നു. നൂറോളം സംഗീതജ്ഞര്‍ ഒന്നിച്ചിരുന്നാണു കീര്‍ത്തനം ആലപിക്കാറെങ്കിലും ഇന്നലെ 11 സംഗീതജ്ഞര്‍ മാത്രമിരുന്നാണു സംഗീത തേന്‍മഴ പൊഴിച്ചത്.

സംഗീത രംഗത്തെ തുടക്കക്കാരും പ്രഗത്ഭരുമടക്കം ആയിരങ്ങളാണ് ആസ്വദിക്കാനെത്താറെങ്കിലും ഇത്തവണ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ആസ്വാദകര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങള്‍ ഒരുക്കിയത്. രാവിലെ ഒമ്പതിനു ഗുരുവായൂര്‍ മുരളിയും സംഘവും അവതരിപ്പിച്ച മംഗളവാദ്യത്തോടെയായിരുന്നു തുടക്കം. തുടര്‍ന്ന് സൗരാഷ്ട്ര രാഗത്തിലെ ‘ഗണപതിം’ എന്നു തുടങ്ങുന്ന ഗണപതി സ്തുതി.

ത്യാഗരാജ സ്വാമികളുടെ നാട്ട രാഗത്തിലുള്ള ജഗതാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡു കുഗല എന്ന കീര്‍ത്തനവും സാദിഞ്ജനേയും വരാളിയില്‍ കനകരുചിരയും ശ്രീരാഗത്തിലെ ‘എന്തൊരു മഹാനുഭാവലു’ എന്നീ കീര്‍ത്തനങ്ങളും ആലപിച്ചതോടെ സംഗീതാസ്വാദകര്‍ ആനന്ദ ലഹരിയിലായി.

കര്‍ണാടക സംഗീത രംഗത്തെ പ്രമുഖ സംഗീതജ്ഞനും ചെമ്പൈ ഭാഗവതരുടെ പ്രിയ ശിഷ്യനുമായ മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ നേതൃത്വത്തില്‍ ഡോ. ഗുരുവായൂര്‍ കെ. മണികണ്ഠന്‍, ഡോ. എം.എസ്. പരമേശ്വരന്‍, ഡോ. മഹിതവര്‍മ, ഗുരുവായൂര്‍ ഭാഗ്യലക്ഷ്മി, അഭിരാം ഉണ്ണി എന്നിവര്‍ പഞ്ചരത്‌നം ആലപിച്ചപ്പോള്‍ തിരുവിഴ വിജു എസ്. ആനന്ദ്, മാഞ്ഞൂര്‍ രഞ്ജിത്ത് എന്നിവര്‍ വയലിനിലും കുഴല്‍മന്ദം രാമകൃഷ്ണന്‍, ഗുരുവായൂര്‍ സനോജ് എന്നിവര്‍ മൃദംഗത്തിലും മാഞ്ഞൂര്‍ ഉണ്ണിക്കൃഷ്ണന്‍ ഘടത്തിലും പക്കമേളം ഒരുക്കി. സംഗീതപ്രേമികളുടെ നിരന്തര അഭ്യര്‍ഥന മാനിച്ച് ദേവസ്വം തത്സമയം ഓണ്‍ലൈനില്‍ സംപ്രേഷണം ചെയ്തിരുന്നു.

The post ചെമ്പൈ സ്മരണകളുണര്‍ത്തി ഗുരുവായൂരില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം first appeared on Keralaonlinenews.