ഈ കണ്ണൂരുകാരി പറയുന്നു ആണിന് മാത്രമല്ല പെണ്ണിനും ഇത് നിസാരം

google news
ഈ കണ്ണൂരുകാരി പറയുന്നു ആണിന് മാത്രമല്ല പെണ്ണിനും ഇത് നിസാരം

പ്രിൻസി തില്ലങ്കേരി

കണ്ണൂർ : പുരുഷന്മാർക്ക് മാത്രം സാധ്യമെന്ന് കരുതിയ പല മേഖലകളിലും ഇന്ന് സ്ത്രീകൾ കയ്യടക്കി കഴിഞ്ഞു.അതിപ്പോ ടിപ്പർ ലോറി ഓടിക്കാൻ വരെ ഇന്ന് സ്ത്രീകൾ റെഡി. കണ്ണൂർ മയ്യിൽ സ്വദേശിനിയായ ബി-ടെക് കാരി ശ്രീഷ്മ പറയുന്നതും വളയം പിടിക്കാൻ വളയിട്ട കൈകൾ തന്നെ ധാരാളമെന്നാണ് .കാക്കിയണിഞ്ഞ് ബി-ടെക് ബിരുദദാരി ടിപ്പർ ഓടിക്കുന്നതിനെ പലരും പരിഹസിച്ചപ്പോഴും ശ്രീഷ്മ അതൊന്നും കാര്യമാക്കിയില്ല. കാരണം പണ്ടേ ഇഷ്ട്ടം വണ്ടികളോടായിരുന്നു. അതും ലോറിയും ബസും ജീപ്പുമൊക്കെയായിരുന്നു പ്രിയം.18 തികഞ്ഞപ്പോൾ തന്നെ ടു, ത്രീ, ഫോർ വീലർ ലൈസൻസും ബാഡ്ജും കരസ്ഥമാക്കി. 21 പൂർത്തിയായപ്പോൾ ഹെവി ലൈസൻസുമെടുത്തു.

പഠനം കഴിഞ്ഞ് പി എസ് സി കോച്ചിംഗ്‌ ആരംഭിച്ചപ്പോഴാണ് ലോക്ഡൗണായത്. എന്നാൽ പിന്നെ ഇഷ്ട്ടമുള്ള പണി തന്നെ അങ്ങ് ചെയ്തേക്കാമെന്ന് കരുതി ടിപ്പറിൽ കൈവെച്ചു. എത്ര ഉയർന്ന വിദ്യാഭ്യാസമുണ്ടെന്ന് കരുതി ഇഷ്ട്ടമുള്ള തൊഴിൽ ചെയ്യാതിരിക്കുന്നത് എന്തിനാണെന്നും ഏത് തൊഴിലിനും അതിന്റെതായ മഹത്വമുണ്ടെന്നുമാണ് ശ്രീഷ്മ പറയുന്നത്.

സിമിൻ്റ് കട നടത്തുന്ന അച്ഛൻ പുരുഷോത്തമന് ഇന്നൊരു വലിയ സഹായിയാണ് ഈ മകൾ. ഇനി എന്ത് ജോലി ലഭിച്ചാലും ഡ്രൈവിംഗ് ജീവിതത്തിൻ്റെ ഒരു ഭാഗമായിരിക്കും എന്ന് ഈ മിടുക്കി പറയുന്നു. ഇനി ബസ് കൂടി ഓടിച്ചാൽ കൊള്ളാമെന്നുണ്ട് ശ്രീഷ്മയ്ക്ക്. മറ്റുള്ളവർ എന്ത് കരുതുമെന്ന് ചിന്തിച്ചു സ്വന്തം ഇഷ്ടങ്ങളെ ഉപേക്ഷിക്കുകയില്ല പകരം അതിനെ ചേർത്തുപിടിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു തരികയാണ് ഈ പെൺകരുത്ത്.

The post ഈ കണ്ണൂരുകാരി പറയുന്നു ആണിന് മാത്രമല്ല പെണ്ണിനും ഇത് നിസാരം first appeared on Keralaonlinenews.