വിരട്ടലും വേട്ടയാടലുമൊന്നും ബി.ജെ.പി നേതാക്കളോട് വിലപ്പോവില്ല എന്നോര്‍ത്താല്‍ നല്ലതെന്ന് വി മുരളീധരന്‍

google news
വിരട്ടലും വേട്ടയാടലുമൊന്നും ബി.ജെ.പി നേതാക്കളോട് വിലപ്പോവില്ല എന്നോര്‍ത്താല്‍ നല്ലതെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരെ തട്ടിപ്പിന് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.

കുമ്മനം രാജശേഖരനെ പോലെ ആദര്‍ശ ശുദ്ധിയുള്ള ഒരു നേതാവിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങള്‍ പുച്ഛിച്ചുതള്ളുകയാണ് ചെയ്യുകയെന്നാണ് കേന്ദ്രമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

‘ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ സാമ്ബത്തിക തട്ടിപ്പിന് കേസെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നീക്കം തീര്‍ത്തും അപലപനീയമാണ്. പിണറായിയും കൂട്ടരും തങ്ങളെ വട്ടം കറക്കുന്ന ഒരു കൂട്ടം കേസുകളുടെ പദ്മവ്യൂഹം ഭേദിക്കാനറിയാതെ നട്ടം തിരിഞ്ഞ് നില്‍ക്കുകയാണല്ലോ. മടിയില്‍ കനമില്ലാത്തവരെന്ന് സ്വയം വിശേഷിപ്പിച്ചവര്‍ ഇപ്പോള്‍ പൊതുജനമധ്യേ നാണം കെട്ട് നില്‍ക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുജന ശ്രദ്ധ തിരിച്ചു വിടാന്‍ പല തന്ത്രങ്ങളും സിപിഎം ഇറക്കുന്നത് പതിവു പരിപാടിയാണ്. ഇത്തവണ പയറ്റുന്ന പുതിയ ഒരു തന്ത്രം ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയെന്നതാണ്.. എന്നാല്‍ ആ പരിപ്പ് ഇനി വേവില്ല.

കുമ്മനം രാജശേഖരനെ പോലെ ആദര്‍ശ ശുദ്ധിയുള്ള ഒരു നേതാവിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങള്‍ പുച്ഛിച്ചുതള്ളും. സ്വര്‍ണ്ണക്കടത്തും സ്പ്രിംക്ളറും ലൈഫും മയക്കുമരുന്നും, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച….. ഒട്ടേറെ അമ്ബുകളേറ്റ് പരാജയപ്പെട്ട് ജീവച്ഛവമായി കിടക്കുന്ന പിണറായി സര്‍ക്കാരിന് വെന്റിലേറ്റര്‍ സഹായമെന്ന നിലയില്‍ ഉപദേശികളിറക്കിയ ഒരു ക്യാപ്സൂള്‍ – അത്ര വിലയേ കുമ്മനത്തിനെതിരെ കെട്ടിച്ചമച്ച ഈ കേസിനുള്ളൂ.

തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കേ, സിപിഎം ഇങ്ങനെയെന്തെങ്കിലും ചെയ്യാതെ എങ്ങനെ പിടിച്ചു നില്‍ക്കും, അല്ലേ സഖാവേ? എല്ലാം ശരിയാക്കാന്‍ അധികാരത്തില്‍ കയറിയിട്ട് , സഖാവിനെ ചുറ്റുമുള്ളവര്‍ ശരിയാക്കിക്കളഞ്ഞില്ലേ! എനിക്ക് ഒന്നേ പറയാനുള്ളൂ …..വിരട്ടലും വേട്ടയാടലുമൊന്നും ബി.ജെ.പി നേതാക്കളോട് വിലപ്പോവില്ല എന്നോര്‍ത്താല്‍ സഖാവിനും കൂട്ടര്‍ക്കും നല്ലത്!

The post വിരട്ടലും വേട്ടയാടലുമൊന്നും ബി.ജെ.പി നേതാക്കളോട് വിലപ്പോവില്ല എന്നോര്‍ത്താല്‍ നല്ലതെന്ന് വി മുരളീധരന്‍ first appeared on Keralaonlinenews.