ലൈഫ് മിഷന്‍ ക്രമക്കേട് ; സെക്രട്ടേറിയറ്റില്‍ വിജിലന്‍സെത്തി രേഖകള്‍ പരിശോധിച്ചു

google news
ലൈഫ് മിഷന്‍ ക്രമക്കേട് ; സെക്രട്ടേറിയറ്റില്‍ വിജിലന്‍സെത്തി രേഖകള്‍ പരിശോധിച്ചു

ലൈഫ് മിഷന്‍ ക്രമക്കേടിലെ അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ വിജിലന്‍സ് പരിശോധന നടത്തി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഓഫീസിലായിരുന്നു പരിശോധന. കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ സംഘം ശേഖരിച്ചു. ലൈഫ് കോഴ വിവാദത്തില്‍ കോട്ടയം വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റില്‍ പരിശോധന നടന്നത്.
തദ്ദേശസ്വയം ഭരണവകുപ്പ് പ്രവര്‍ത്തിക്കുന്ന അനക്‌സ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലായിരുന്നു പരിശോധന. തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് ചില ഫയലുകള്‍ വിജിലന്‍സ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറില്‍ അധികം നീണ്ട പരിശോധനയില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറുകളുടെ ഫയലുകള്‍ അന്വേഷണ സംഘം ശേഖരിച്ചു. ലൈഫ് മിഷനില്‍ റെഡ്ക്രസന്റ് യൂണിടാകുമായി നടത്തിയ കരാറാണ് വിജിലന്‍സ് അന്വേഷണ പരിധിയിലുള്ളത്.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായിട്ടാണ് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിനായി വിജിലന്‍സിനെ നിയോഗിച്ചത്. ലൈഫ് മിഷനില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റില്‍ എത്തിയത്. അന്വേഷണ സംഘത്തെ നിശ്ചയിച്ച ശേഷം നടന്ന ആദ്യ പരിശോധന കൂടിയാണിത്.

The post ലൈഫ് മിഷന്‍ ക്രമക്കേട് ; സെക്രട്ടേറിയറ്റില്‍ വിജിലന്‍സെത്തി രേഖകള്‍ പരിശോധിച്ചു first appeared on Keralaonlinenews.

Tags