നികുതി തര്‍ക്ക കേസ്; കേന്ദ്രസര്‍ക്കാരിനെതിരെ വൊഡഫോണിന് വിജയം

google news
നികുതി തര്‍ക്ക കേസ്; കേന്ദ്രസര്‍ക്കാരിനെതിരെ വൊഡഫോണിന് വിജയം

ന്യൂഡല്‍ഹി: അന്തര്‍ദേശീയ നികുതി തര്‍ക്ക കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വൊഡഫോണിന് വിജയം. രണ്ട് ബില്യണ്‍ ഡോളറിന്റെ നികുതി തര്‍ക്ക കേസിലാണ് ടെലികോം കമ്പനിക്ക് വിജയം നേടാനായത്. ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണലാണ് കേസില്‍ വാദം കേട്ടത്.വൊഡഫോണിന് മേല്‍ നികുതിയും പലിശയും പിഴയും ചുമത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം, നെതര്‍ലന്റുമായി ഇന്ത്യയുണ്ടാക്കിയ ഉഭയകക്ഷി കരാറിന്റെ ലംഘനമാകുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കിയതായാണ് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നികുതി ചുമത്താനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും കോടതി ചെലവായി 5.47 ദശലക്ഷം ഡോളര്‍ വൊഡഫോണിന് കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും വിധിയില്‍ പറയുന്നു. 40.32 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വൊഡഫോണിന് നല്‍കേണ്ടത്.


ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയവും വൊഡഫോണും ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ഹച്ചിസണ്‍ വാംപോയില്‍ നിന്നും മൊബൈല്‍ ആസ്തികള്‍ 2007 ല്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2012 ല്‍ സുപ്രീം കോടതി വൊഡഫോണിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ ആ വര്‍ഷം അവസാനത്തോടെ ഇത്തരം ഇടപാടുകളില്‍ കേന്ദ്രസര്‍ക്കാരിന് നികുതി അടയ്ക്കാന്‍ കമ്പനികളെ ബാധ്യതപ്പെടുത്തുന്ന വിധത്തില്‍ നിയമം പരിഷ്‌കരിച്ചു. 2014 ല്‍ വൊഡഫോണ്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

The post നികുതി തര്‍ക്ക കേസ്; കേന്ദ്രസര്‍ക്കാരിനെതിരെ വൊഡഫോണിന് വിജയം first appeared on Keralaonlinenews.