മഴക്കെടുതി : സംസ്ഥാനത്ത് കൂടുതൽ പേരെ ക്യാമ്പുകളിലേക്ക് മാറ്റി

google news
മഴക്കെടുതി : സംസ്ഥാനത്ത് കൂടുതൽ പേരെ ക്യാമ്പുകളിലേക്ക് മാറ്റി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ കനത്തതോടെ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതിയിൽ 39 വീടുകൾ പൂർണമായും 238 വീടുകൾ ഭാഗികമായും തകർന്നു.

രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ നിന്ന് 24 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയിൽ ജില്ലയിൽ 5880 ഹെക്ടർ കൃഷി നശിച്ചു.
ഇടുക്കിയിൽ കാലവർഷക്കെടുതിയിൽ 173.64 കോടി രൂപയുടെ കൃഷി നഷ്ടം ഉണ്ടായി. 17 വീടുകൾ പൂർണമായും 390 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

വയനാട് മുത്തങ്ങ വഴിയുള്ള അന്തർസംസ്ഥാന റോഡിൽ ഗതാഗതം പുനസ്ഥാപിച്ചതിനാൽ നാളെ മുതൽ യാത്രാ വാഹനങ്ങൾ ഇതുവഴി പോകണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ 627 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇതിൽ 22 വീടുകൾ പൂർണമായി തകർന്നു. വയനാട്ടിൽ 14.18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി.

ചാലക്കുടി താലൂക്കിൽ എട്ടു ക്യാമ്പുകളിലായി 225 കുടുംബങ്ങൾ കഴിയുന്നു. ചേർപ്പിൽ ആരംഭിച്ച ക്യാമ്പിൽ 24 കുടുംബങ്ങളെ മാറ്റി. മുകുന്ദപുരം താലൂക്കിൽ 14 ക്യാമ്പുകളിലായി 148 പേർ കഴിയുന്നു. തൃശൂർ താലൂക്കിലെ ഏഴു ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 1607 കുടുംബങ്ങളിലെ 5166 പേർ കഴിയുന്നു. ഇതിൽ 2087 പുരുഷൻമാരും 2232 സ്ത്രീകളും 847 കുട്ടികളുമുണ്ട്. പത്തനംതിട്ടയിലെ പമ്പ അണക്കെട്ടിന്റെ ആറ് ഷട്ടറുകളും അടച്ചു.

ഡാമിലെ ജലനിരപ്പ് 981.77 മീറ്ററിലെത്തിയതിനെ തുടർന്നാണ് നടപടി. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിർത്തികൊണ്ടുള്ള ഉത്തരവ് നീട്ടി. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വീടുകൾ പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു. 19.70 കോടി രൂപയുടെ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ 2815 പേരെക്കൂടി വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. കൂടുതൽ പേരും ബന്ധുവീടുകളിലേക്കാണ് മാറിയത്. ജില്ലയിൽ 12 ക്യാമ്പുകളിലായി 30 കുടുംബങ്ങളിൽ നിന്നുള്ള 159 പേർ കഴിയുന്നു. 21 വീടുകൾ പൂർണമായും 1031 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

കൊല്ലം ജില്ലയിൽ മഴക്കെടുതിയിൽ 7.9 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 20 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ജില്ലയിൽ ആറ് ക്യാമ്പുകളിലായി 281 പേരാണ് കഴിയുന്നത്.

The post മഴക്കെടുതി : സംസ്ഥാനത്ത് കൂടുതൽ പേരെ ക്യാമ്പുകളിലേക്ക് മാറ്റി first appeared on Keralaonlinenews.