കോവിഡ് ബാധിച്ച്‌ മരിച്ച പിതാവിന്‍റെ മൃതദേഹം കാണണമെന്ന് മകന്‍ 51,000 രൂപ തന്നാല്‍ കാണിക്കാമെന്ന് സ്വകാര്യ ആശുപത്രി

google news
കോവിഡ് ബാധിച്ച്‌ മരിച്ച പിതാവിന്‍റെ മൃതദേഹം കാണണമെന്ന് മകന്‍ 51,000 രൂപ തന്നാല്‍ കാണിക്കാമെന്ന് സ്വകാര്യ ആശുപത്രി

കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് മരിച്ച പിതാവിന്‍റെ മൃതദേഹം കാണാന്‍ മകന്‍റെ കൈയില്‍ നിന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് 51,000 രൂപ. കൊല്‍ക്കത്തയിലാണ് സംഭവം.

ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് കോവിഡ് ബാധിച്ച്‌ ഹരി ഗുപ്ത എന്നയാള്‍ മരിച്ചത്. എന്നാല്‍, മരണം സംഭവിച്ച്‌ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്വകാര്യ ആശുപത്രി അധികൃതര്‍ വിവരം കുടുംബാംഗങ്ങളെ അറിയിച്ചില്ലെന്ന് മകന്‍ സാഗര്‍ ഗുപ്ത പറഞ്ഞു.

“ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് പിതാവ് പുലര്‍ച്ചെ ഒരുമണിക്ക് മരിച്ചെന്ന കാര്യം ആശുപത്രി അധികൃതര്‍ ഞങ്ങളെ അറിയിക്കുന്നത്. എന്താണ് നേരത്തെ ഇതിനെക്കുറിച്ച്‌ അറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളെ ബന്ധപ്പെടാന്‍ നമ്പര്‍ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്” – സാഗര്‍ പറഞ്ഞു.

കുടുംബം സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം ശവസംസ്കാരത്തിനായി അയച്ചതായി അറിയിച്ചു. എന്നാല്‍, കുടുംബം ഷിബ്പുര്‍ ശ്മശാനത്തില്‍ എത്തിയപ്പോള്‍ മൃതദേഹം കാണണമെങ്കില്‍ 51,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച്‌ തര്‍ക്കം ഉയര്‍ന്നപ്പോള്‍ 31000 രൂപയായി ചാര്‍ജ് കുറയ്ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പൊലീസിനെ സമീപിക്കാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ശ്മശാനത്തില്‍ ഉണ്ടായിരുന്നെങ്കിലും ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ നിരസിച്ചതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. മൃതദേഹം സംസ്കരിക്കുകയായിരുന്ന ആശുപത്രി പ്രതിനിധികള്‍ ആശുപത്രിയിലെ ഉന്നതാധികാരികളോട് പോയി സംസാരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

സംഭവത്തിന്റെ വീഡിയോ പകര്‍ത്താന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ ഫോണ്‍ തട്ടിപ്പറിച്ചു. അവസാനമായി കുടുംബാംഗങ്ങള്‍ക്ക് ഒന്ന് കാണാന്‍ കഴിയാതെ മൃതദേഹം അടക്കം ചെയ്തു.

The post കോവിഡ് ബാധിച്ച്‌ മരിച്ച പിതാവിന്‍റെ മൃതദേഹം കാണണമെന്ന് മകന്‍ 51,000 രൂപ തന്നാല്‍ കാണിക്കാമെന്ന് സ്വകാര്യ ആശുപത്രി first appeared on Keralaonlinenews.