ഇത് അഭിമാന നിമിഷം : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ നല്‍കാനെത്തിയത് 22 കോവിഡ് വിമുക്തര്‍

google news
ഇത് അഭിമാന നിമിഷം : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ നല്‍കാനെത്തിയത് 22 കോവിഡ് വിമുക്തര്‍

മലപ്പുറം : കോവിഡ് മഹാമാരിയോട് പോരാടുന്ന നാടിനൊപ്പം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണ് കോവിഡ് വിമുക്തരായ ഒരു കൂട്ടം ചെറുപ്പക്കാര്‍. കോവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാനാണ് ഇവര്‍ സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങിയത്.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് ഭേദമായ 21 പേരാണ് ശനിയാഴ്ച രാവിലെ വീണ്ടും ആശുപത്രിയിലേക്ക് തിരിച്ചുവന്നത്. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുന്നതിന്റെ ചാരിഥാര്‍ത്ഥ്യത്തോടെ സാമൂഹിക അകലം പാലിച്ച് അവര്‍ ഒത്തുചേര്‍ന്നു. പ്ലാസ്മ നല്‍കുന്നതിലൂടെ കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്നും കോവിഡിനെ തുരത്താന്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്നും അവര്‍ പ്രതികരിച്ചു.

കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍ നിന്ന് ലഭ്യമാവും. കോവിഡ് ഭേദമായി 14 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വര്‍ഷം വരെ സൂക്ഷിച്ച് വെയ്ക്കാന്‍ സാധിക്കും. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ്് ഈ മുന്നൊരുക്കം നടത്തുന്നതെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.ഷിനാസ് ബാബു പറഞ്ഞു. പ്ലാസ്മ നല്‍കാനായി എല്ലാവരും മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും ചികിത്സാ സമയത്ത് കൊടുത്ത സ്‌നേഹം അവര്‍ ഇരട്ടിയായി തിരിച്ചു തരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരിന്തല്‍മണ്ണ അഗ്നി രക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ ആനമങ്ങാട് വാളങ്കുളം ഷീബ(31), കരുവാരകുണ്ട് ഇരിങ്ങാട്ടിരി നടുത്തൊടിക സിറാജുദീന്‍(30) പെരുമണ്ണ സ്വദേശി അദ്നാന്‍ ക്ളാരി(45) , വെളിയങ്കോട് കറുപ്പറമ്പില്‍ മുംഷിദ്(34), കടലുണ്ടി നഗരം പി എന്‍ ഷഹദ്(24), ആലത്തിയൂര്‍ പരപ്പേരി ഷംസുദീന്‍(47), വെള്ളിയാമ്പ്രം വി ലത്തീഫ്(45), നമ്പന്‍കുന്ന് മുഹമ്മദ് ഷാഫി(38),എടപ്പാള്‍ കുളങ്ങര ഫാസില്‍(32), കാഴിക്കല്‍ മുഹമ്മദലി(48), മുഹമ്മദ് ഫാരിസ ്(35),മഞമ്പാട്ട് അബ്ദുല്‍ ഹക്കീം(33),കളളിതടത്തില്‍ അബ്ദുറഹിമാന്‍(27), കൊത്തുപറമ്പ് മുഹമ്മദ് റിഫാസ്(27), ചാലയില്‍ ഷംസുദീന്‍(47), വെളിയംങ്കോട് കുന്നപറമ്പില്‍ മുംഷിദ്(34), പൊന്‍മുണ്ടം പന്നിക്കോറ മുസ്തഫ(46), വെള്ളിയത്ത് സൈഫുദീന്‍(33), നൗഷാദ്, വിജേഷ് കേഷബ്, സഫ്വാന്‍ എന്നിവരാണ് ഇന്ന് പ്ളാസ്മ നല്‍കാനെത്തിയത്.

The post ഇത് അഭിമാന നിമിഷം : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ നല്‍കാനെത്തിയത് 22 കോവിഡ് വിമുക്തര്‍ first appeared on Keralaonlinenews.