കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മനപൂര്‍വ്വം പിന്നോക്കം പോകുന്നു : കൊടിക്കുന്നില്‍ സുരേഷ് എം.പി

google news
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍  മനപൂര്‍വ്വം പിന്നോക്കം പോകുന്നു : കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം : കോവിഡ്-19ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മനപൂര്‍വ്വം പിന്നോക്കം പോകുന്നതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതുമൂലം സമ്പര്‍ക്കം വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു.

പൂന്തുറയില്‍ ഉണ്ടായ സംഭവം അതീവ ഗൗരവമുള്ളതാണ്. തീരദേശ മേഖലയിലും ഫിഷിംഗ് ഹാര്‍ബറുകളിലും സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു.കോവിഡ് 19 സമ്പര്‍ക്കത്തിലൂടെ സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ പുറകോട്ട് പോയിരിക്കുകയാണ്.

സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള വീഴ്ചയും കോടുകാര്യസ്ഥതയും മൂലമാണ് ദിവസങ്ങളായി തലസ്ഥാന നഗരി അടച്ചിട്ടിരിക്കുന്നത്.ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും കളക്ട്രേറ്റും ഒക്കെ അടച്ചിട്ട് മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വീട്ടിലിരിക്കുന്നത് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കും.

കണ്ടെയ്ന്‍മെന്‍റ് വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. മിക്ക പഞ്ചായത്തുകളും പൂര്‍ണ്ണ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ കിട്ടാതെ വിഷമിക്കുകയാണ്. അവശ്യ സാധനങ്ങള്‍ പോലും കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ താമസിക്കുന്നവര്‍ക്ക് ലഭിക്കുന്നില്ല.

കോവിഡ് 19ന്‍റെ വ്യാപനം പറഞ്ഞ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് അരിയും പച്ചക്കറികള്‍, മത്സ്യം,മാംസം എന്നിവയൊന്നും ലഭിക്കാതെ വന്നിരിക്കുകയാണ്. ക്വാറന്‍റൈനില്‍ ഇരിക്കുന്നവര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. ഭക്ഷണവും കുടിവെള്ളവും പോലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. കോവിഡ് ഡ്യൂട്ടിക്ക് വന്നിരിക്കുന്ന ഉദ്യോഗസ്ഥډാര്‍ക്ക് പോലും വേണ്ടത്ര സുരക്ഷിതത്വം ലഭിക്കുന്നില്ല എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കൊട്ടിഘോഷിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ ഏറ്റവും വലിയ ദുരിതമായി മാറിയിരിക്കുന്നു. കോവിഡ് 19 ബാധിച്ചവരെ കണ്ടെത്താനുള്ള പരിശോധന പോലും ഫലപ്രദമായി നടക്കുന്നില്ല.തുടക്കത്തില്‍ കോവിഡ് 19നെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ അവലംബിച്ച നടപടികള്‍ ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും വീഴ്ചകളാണുള്ളത്. ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ ക്യാമ്പിന് പുറത്തു പോകുന്നതും പരിശോധനാ ഫലം കിട്ടുന്നതിനുള്ള കാലതാമസങ്ങളും ആകെ ജനങ്ങളില്‍ അസംതൃപ്തി പരത്തിയിരിക്കുകയാണ്.കോവിഡ് 19 ന്‍റെ സമ്പര്‍ക്കം മൂലമുള്ള വ്യാപനം തടയാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളത്തില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് മുന്നറിയിപ്പ് നല്‍കി.

The post കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മനപൂര്‍വ്വം പിന്നോക്കം പോകുന്നു : കൊടിക്കുന്നില്‍ സുരേഷ് എം.പി first appeared on Keralaonlinenews.