തൃശ്ശൂർ ഗവ. മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് ബാധിതന് രോഗമുക്തി

google news
തൃശ്ശൂർ ഗവ. മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് ബാധിതന്  രോഗമുക്തി

തൃശ്ശൂർ : തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയ കോവിഡ് രോഗി രോഗവിമുക്തി നേടി. ഡല്‍ഹിയില്‍ നിന്നെത്തിയ ഗുരുവായൂര്‍ സ്വദേശി ജയചന്ദ്രന്‍ (51) ആണ് വെള്ളിയാഴ്ച ആശുപത്രി വിട്ടത്. ജൂണ്‍ ഏഴിനാണു കോവിഡ് സ്ഥിരീകരിച്ച് ജയചന്ദ്രനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ച് ആരോഗ്യനില വഷളായ ജയചന്ദ്രനെ പിറ്റേ ദിവസംതന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്നു നിരവധി മരുന്നുകള്‍ നല്‍കിയെങ്കിലും മരുന്നുകളൊന്നും ഫലിച്ചില്ല.

രണ്ട് തവണയായി 400 മില്ലി പ്ലാസ്മയാണ് നല്‍കിയത്. തുടര്‍ന്ന് രണ്ട് ദിവസത്തിനുശേഷം വെന്റിലേറ്ററില്‍നിന്നും മാറ്റാനായി. കോവിഡ് രോഗവിമുക്തനായ ചാലക്കുടി സ്വദേശി ഡേവീസ് ആന്റണിയാണ് പ്ലാസ്മ നല്‍കിയത്. മെഡിക്കല്‍ കോളജ് രക്തബാങ്കിലെ അഫ്‌റസിസ് യന്ത്രം ഉപയോഗിച്ചാണ് പ്ലാസ്മ ശേഖരിച്ചത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസിന്റെയും സൂപ്രണ്ട് ഡോ. ആര്‍. ബിജുകൃഷ്ണന്റെയും നേതൃത്വത്തില്‍ ജനറല്‍ മെഡിസിന്‍, അനസ്‌തേഷ്യ, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ചികിത്സ നല്‍കിയത്. ഡോക്ടര്‍മാരായ റെനി ഐസക്ക്, ജിജിത്ത് കൃഷ്ണന്‍, ജിയോ എന്നിവര്‍ ചേര്‍ന്ന് ജയചന്ദ്രനെ യാത്രയാക്കി.

The post തൃശ്ശൂർ ഗവ. മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് ബാധിതന് രോഗമുക്തി first appeared on Keralaonlinenews.