കോളേജുകളിൽ അധ്യയനം നാളെ മുതൽ ഓൺലൈനായി, ആദ്യം മന്ത്രിയുടെ ക്ലാസ്

google news
കോളേജുകളിൽ അധ്യയനം നാളെ മുതൽ ഓൺലൈനായി, ആദ്യം മന്ത്രിയുടെ ക്ലാസ്

കോവിഡ് പശ്ചാത്തലത്തിൽ നടത്താൻ നിർദ്ദേശിച്ചിട്ടുള്ള ഓൺലൈൻ ക്ലാസ്സുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ ജൂൺ ഒന്നിന് രാവിലെ 8.30 ന് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് കേന്ദ്രത്തിൽ കൂടി ലൈവ് ക്ലാസ് നടത്തി നിർവഹിക്കുന്നു.

ഈ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളേജുകളിലും മറ്റുള്ളവർക്ക് താഴെ പറയുന്ന ലിങ്കിലും തത്സമയം ലഭിക്കും.
https://asapkerala.webex.com/asapkerala/onstage/g.php?MTID=ec0c9475a883464d05dae21f955272668
സംസ്ഥാനത്തെ ഒന്നുമുതൽ പിജി വരെയുള്ള എല്ലാ ക്ലാസ്സുകളും ജൂൺ ഒന്നിന് ആരംഭിക്കുമെന്നുള്ള സർക്കാർ തീരുമാനം പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നടപ്പിലാക്കുകയാണ്.

കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അധ്യയനം നടത്താൻ നിർദേശം നൽകിയിട്ടുള്ളത്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയ്യാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന രീതിയിൽ അധ്യാപകർ ഓൺലൈനിൽ കൂടി ക്ലാസ്സുകൾ കൈകാര്യം ചെയ്യും.

കോളേജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകർ, പ്രിൻസിപ്പൽ നിശ്ചയിക്കുന്ന റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളേജുകളിൽ ഹാജരാകുകയും മറ്റുള്ളവർ വീടുകളിലിരുന്നും ക്ലാസ്സുകൾ കൈകാര്യം ചെയ്യും. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി മുഴുവൻസമയ ലൈവ് ക്ലാസ്സുകൾ നൽകും.

ഇതിന്റെ പരിമിതി മറികടക്കാൻ അധ്യാപകൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന വീഡിയോകളോ മറ്റു പ്രഗത്ഭർ നയിക്കുന്ന ക്‌ളസ്സുകളുടെ വീഡിയോകളോ കുട്ടികൾക്ക് നൽകും. നിശ്ചിത ഇടവേളകളിൽ ലൈവ് ക്ളാസ്സുകൾ വഴി നേരിട്ട് ആശയ സംവാദം നടത്തും. ഇത്തരത്തിലുള്ള ഫ്‌ളിപ് ക്ളാസ്സ്റൂം പഠനരീതിയാണ് ഇന്നത്തെ സാഹചര്യത്തിൽ പ്രോത്സാഹിപ്പിക്കേണ്ടത്.

ഇതുവഴി മുഴുവൻ സമയവും ലൈവ് ക്ലാസ്സ്റൂം ലഭ്യമാകുന്നതിനുള്ള പരിമിതികൾ ഒരളവുവരെ മറികടക്കാൻ സാധിക്കും. മാത്രവുമല്ല നിശ്ചിത ഇടവേളകളിലെങ്കിലും അധ്യാപക-വിദ്യാർത്ഥി സംവാദം ഉറപ്പിക്കാനുമാകും.

ഓൺലൈൻ ക്ലാസ്സുകൾക്ക് വേണ്ട സാങ്കേതിക സംവിധനങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് ക്ലാസ്സുകൾ ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ പ്രിൻസിപ്പൽമാർ ഒരുക്കണം.

കോവിഡ് കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകാവുന്ന പഠന-ബോധന പ്രതിസന്ധി അധ്യാപക-വിദ്യാർഥി ഐക്യത്തിൽ കൂടി നമുക്കതിജീവിക്കാമെന്നും ഉന്നത വിദ്യഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

‘ഫസ്റ്റ്ബെൽ’ ക്ലാസുകളുടെ തിങ്കളാഴ്ചത്തെ (ജൂൺ 1) ടൈംടേബിൾ

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ th (ജൂൺ 1) വിഷയം തിരിച്ചുള്ള ടൈംടേബിൾ ആയി. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.

പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രിയും 10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയവും ആയിരിക്കും. പത്താം ക്ലാസിന് 11.00 ന് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 ന്് ജീവശാസ്ത്രവും ക്ലാസുകൾ സംപ്രേഷണം ചെയ്യും.

പ്രൈമറി വിഭാഗത്തിൽ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയവും മൂന്നാം ക്ലാസിന് ഒരു മണിയ്ക്ക് മലയാളവും നാലാം ക്ലാസിന് 01.30 ന് ഇംഗ്ലീഷും സംപ്രേഷണം ചെയ്യും. അഞ്ച്, ആറ്, ഏഴ് ക്ലാസുകൾക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും. എട്ടാം ക്ലാസിന് വൈകിട്ട് 3.30 ന് ഗണിതശാസ്ത്രവും 4.00 മണിയ്ക്ക് രസതന്ത്രവും ഒമ്പതാം ക്ലാസിന് 4.30 ന് ഇംഗ്ലീഷും 5.00 മണിയ്ക്ക് ഗണിതശാസ്ത്രവും സംപ്രേഷണം ചെയ്യും.

പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 7.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും തിങ്കളാഴ്ച തന്നെ (ജൂൺ 1) ഇതേക്രമത്തിൽ പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.
കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റലിൽ 411, ഡെൻ നെറ്റ്വർക്കിൽ 639, കേരള വിഷനിൽ 42, ഡിജി മീഡിയയിൽ 149, സിറ്റി ചാനലിൽ 116 എന്നീ നമ്പറുകളിലാണ് ചാനൽ ലഭിക്കുക. വീഡിയോകോൺ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642-ാം നമ്പറിൽ ചാനൽ ദൃശ്യമാകും. മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റർമാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയിൽ കൈറ്റ് വിക്ടേഴ്സ് ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

ഇതിനു പുറമേ www.victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ facebook.com/Victers educhannel വഴിയും തൽസമയവും യുട്യൂബ് ചാനലിൽ youtube.com/itsvicters ൽ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാകും.

ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമായതിനാൽ ജൂൺ ഒന്നിലെ ക്ലാസുകൾ അതേക്രമത്തിൽ ജൂൺ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും. വീട്ടിൽ ടി.വിയോ സ്മാർട്ട് ഫോണോ, ഇന്റർനെറ്റോ ഒന്നുമില്ലാത്ത ഒരു കുട്ടിക്ക്പോലും ക്ലാസുകൾ കാണാൻ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് സർക്കാർ ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.

ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ക്ലാസദ്ധ്യാപകർ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകർ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും പി.ടി.എകളുടേയുമെല്ലാം സഹായത്തോടെ ഏർപ്പെടുത്താനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ആദ്യ ആഴ്ച തന്നെ ആവശ്യകതയ്ക്കനുസരിച്ച് കൈറ്റ് സ്‌കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4545 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾ ഉണ്ടെങ്കിൽ രക്ഷിതാക്കളും കുട്ടികളും യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവർക്കായി പിന്നീട് ഡൗൺലോഡ് ചെയ്ത ഉള്ളടക്കം ഓഫ്ലൈനായി കാണിക്കുന്നതുൾപ്പെടെ വിവിധങ്ങളായ സംവിധാനങ്ങളും തുടർന്ന് ഏർപ്പെടുത്തുന്നതാണ്.

The post കോളേജുകളിൽ അധ്യയനം നാളെ മുതൽ ഓൺലൈനായി, ആദ്യം മന്ത്രിയുടെ ക്ലാസ് first appeared on Keralaonlinenews.

Tags