സമൂഹ വ്യാപനം: എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ നിര്‍ദേശം

google news
സമൂഹ വ്യാപനം: എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ നിര്‍ദേശം

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കറിയാന്‍ എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആറിന്റെ നിര്‍ദേശം. രോഗബാധ സാധ്യത കൂടുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര തൊഴിലാളികള്‍, കണ്ടെയ്‌നര്‍ സോണുകളിലെ വ്യക്തികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരിലാണ് ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടത്.

സാര്‍സ് കോവ് 2 വൈറസ് വ്യാപനത്തിന്റെ തോത് പരിശോധിക്കുന്നതിനായി കഴിഞ്ഞയാഴ്ച എലിസ ആന്റിബോഡി ടെസ്റ്റിന്റെ ഒരു പൈലറ്റ് സീറോ സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ രോഗം പടരുന്നതിന്റെ കാര്യത്തില്‍ രാജ്യം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനായാണ് ഐസിഎംആര്‍ പൈലറ്റ് സര്‍വേ നടത്തിയത്.
‘ഇത്തരത്തില്‍ സമയബന്ധിതമായ സിറോ സര്‍വ്വേകള്‍ നിലവിലെ കോവിഡ് വ്യാപനത്തിന്റെ ഗതി മനസ്സിലാക്കാന്‍ സഹായകമാവും. മാത്രവുമല്ല സംസ്ഥാനങ്ങളോട് ഇത്തരം ടെസ്റ്റുകള്‍ നടത്താന്‍ പറയുന്നതിലൂടെ രോഗവ്യാപനത്തിന്റെ തോതും മനസ്സിലാക്കാനാവും’, മുതിര്‍ന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

എന്‍സൈം അടിസ്ഥാനമാക്കിയുള്ള ലബോറട്ടറി പരിശോധനയാണ് എലിസ ടെസ്റ്റ്. കൂടാതെ രക്തത്തിലെ ആന്റിബോഡികളെ കണക്കാക്കി മുന്‍കാല അണുബാധയെ കണ്ടെത്താനും ഈ ടെസ്റ്റിലൂടെ കഴിയും.
ഐജിജി ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നാണ് എലീസ ടെസ്റ്റിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയാണ് ഐജിജി. കൂടുതല്‍ പേരില്‍ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗത്തിന്റെ സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാന്‍ സാധിക്കും.

നിരവധി വൈറല്‍ അണുബാധകള്‍ ഇത്തരത്തില്‍ കണ്ടെത്താറുണ്ട്. 57 ദിവസത്തെ രോഗബാധയ്ക്കു ശേഷം രോഗം കണ്ടെത്തുന്നതിന് ആന്റിബോഡി പരിശോധനകള്‍ ഉപയോഗപ്രദമാണ്. കോവിഡ് രോഗബാധിതനായ ഒരാളില്‍ രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം ശരീരത്തില്‍ കാണുകയുള്ളൂ. അത് മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. രോഗംവന്ന് മാറിയ ഒരാളിലേ ഈ ടെസ്റ്റ് നടത്താനാവൂ. നിലവില്‍ ഗുരുതരമായി കോവിഡ് ബാധിച്ച ഒരാളില്‍ ഈ ടെസ്റ്റ് നടത്തി ഫലം കണ്ടെത്താന്‍ കഴിയില്ല.

The post സമൂഹ വ്യാപനം: എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ നിര്‍ദേശം first appeared on Keralaonlinenews.

Tags