കോവിഡിനെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ; അവസാന രോഗിയും ആശുപത്രി വിട്ടു

google news
കോവിഡിനെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ; അവസാന രോഗിയും ആശുപത്രി വിട്ടു

കോവിഡ് 19 മഹാമാരി ലോകത്ത് വ്യാപിക്കുമ്പോള്‍ ന്യൂസിലാന്‍ഡിന്റെ പ്രതിരോധ മാതൃക ഫലം കാണുന്നു. പുതിയ കോവിഡ് കേസുകള്‍ ഇല്ലാതെ തുടര്‍ച്ചയായി അഞ്ചു ദിവസം പിന്നിട്ടതോടെ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ഡിസ്ചാര്‍ജ് ചെയ്തു.മിഡില്‍മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവസാനത്തെ കോവിഡ് രോഗി ബുധനാഴ്ച്ചയാണ് ആശുപത്രി വിട്ടത്. കോവിഡിനെതിരായ പോരാട്ടത്തില്‍ മറ്റൊരു സുപ്രധാന നേട്ടം കൂടി ന്യൂസിലാന്‍ഡ് സ്വന്തമാക്കിയെന്നാണ് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ആഷ്‌ലി ബ്ലൂംഫീല്‍ഡ് പ്രതികരിച്ചത്.

രാജ്യത്തെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1462 ആയെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 267435 പേരെയാണ് രാജ്യത്ത് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇവരില്‍ രോഗബാധയുള്ളവരെ കണ്ടെത്താന്‍ പ്രത്യേക ആപ്പും ന്യൂസിലാന്‍ഡ് തയ്യാറാക്കിയിരുന്നു. പ്രാദേശിക ക്ലിനിക്കുകളില്‍ എത്തുന്ന രോഗികളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുതിയ ആപ്പും ന്യൂസിലാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.

അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലാന്‍ഡില്‍ ഇന്നുവരെ 21 പേര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായത്. മാര്‍ച്ച് മുതല്‍ ലോകരാജ്യങ്ങളിലെ തന്നെ ഏറ്റവും ശക്തമായ ലോക്ഡൗണ്‍ കോവിഡിനെതിരെ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലാന്‍ഡ്. ഈ നടപടികളുടെ ഭാഗമായാണ് ന്യൂസിലാന്‍ഡിന് കോവിഡിന്റെ പകര്‍ച്ചയും രണ്ടാംവരവും ഫലപ്രദമായി തടയാനായതെന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞ ജനസംഖ്യയും അവര്‍ക്ക് അനുകൂല ഘടകമായി.

The post കോവിഡിനെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ; അവസാന രോഗിയും ആശുപത്രി വിട്ടു first appeared on Keralaonlinenews.

Tags