ഹരിത എം.എല്‍.എമാരുടെ നദീ സംരക്ഷണയാത്ര വിവാദമാകുന്നു

Story dated:11/17/2012,11 21 am

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: ഹരിതവാദി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നെയ്യാറില്‍ നിന്നും തുടങ്ങി ചന്ദ്രഗിരി വരെ നദീ സംരക്ഷണത്തിനുള്ള പ്രചാരണ യാത്ര വിവാദമാകുന്നു. യാത്രക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

മണല്‍മാഫിയകളെ സഹായിക്കാനാണ് ഹരിതവാദികള്‍ ശ്രമിക്കുന്നതെന്ന് പുഴ സംരക്ഷണ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ ശ്രീജ നെയ്യാറ്റിന്‍കര കേരള ഓണ്‍ലൈന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറില്‍ നിന്നു തുടങ്ങി കാസര്‍ഗോഡ് ജില്ലയിലെ ചന്ദ്രഗിരിപ്പുഴവരെയാണ് ഹരിവാദി എം.എല്‍.എമാര്‍ നയിക്കുന്ന നദീ സംരക്ഷണ പ്രചാരണ യാത്ര. നെയ്യാറിലെ കടവുകള്‍തോറും ഇറങ്ങിച്ചെന്ന് മണല്‍ തൊഴിലാളികളില്‍ നിന്നും പണം പിരിച്ചാണ് ഇവര്‍ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചതെന്ന് ശ്രീജ ആരോപിച്ചു.

തിരുവനന്തപുരത്തെ മണല്‍മാഫിയകളുടെ സംരക്ഷകനായ ആര്‍. ശെല്‍വരാജാണ് പരിപാടിയുടെ അധ്യക്ഷന്‍. ഉദ്ഘാടനത്തിന്റെയും യാത്രയുടെയും ഫ്ളക്‌സ്, നോട്ടീസ് തുടങ്ങിയവ മണല്‍തൊഴിലാളികളുടെ വിയര്‍പ്പിന്റെ വിലയാണെന്നും ശ്രീജ പറയുന്നു. കോണ്‍ഗ്രസ് ‘എ’ ‘ഐ’ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനമാണ് ഇവരുടെ മോഹമെന്നും ശ്രീജ കുറ്റപ്പെടുത്തുന്നു.

നദീ സംരക്ഷണ യാത്രയെന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ പുഴകളോ തകര്‍ന്നുകൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയെക്കുറിച്ചോ ഇതിന്റെ പരിസരങ്ങളില്‍ താമസിക്കുന്ന ദുര്‍ബല ജനവിഭാഗങ്ങളെക്കുറിച്ചോ പഠിക്കാന്‍ തയ്യാറായിട്ടില്ല. യാത്ര എന്ന പേരില്‍ വേദികെട്ടി പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. മണല്‍ തൊഴിലാളികളില്‍ നിന്നും പണം പിരിക്കുന്നതിനു പകരം നെയ്യാറ്റിന്‍കരമുതല്‍ ചന്ദ്രഗിരിവരെ ഭിക്ഷാപാത്രമെടുത്ത് തെണ്ടിയാണ് ഈ യാത്ര നടത്തിയിരുന്നെങ്കില്‍ അന്തസ്സ് ഉണ്ടാകുമായിരുന്നു. മാത്രമല്ല പരിപാടിയില്‍ ഹരിതവാദി എം.എല്‍.എ കെ.എം. ഷാജി എം.എല്‍.എ പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും, യാത്രയിലൂടെ രാഷ്ട്രീയ പൊറാട്ടുനാടകമാണ് നടത്തുന്നതെന്നും ശ്രീജ പറഞ്ഞു.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.