യൂസഫലിയെ അനുകൂലിച്ച് വിഎസ്; സിപിഎം സമ്മര്‍ദ്ദത്തില്‍

Story dated:05/27/2013,04 47 pm

തിരുവനന്തപുരം: പ്രമുഖ വ്യവസായി എം.എ. യുസഫലിയുടെ കൊച്ചിയിലെ പ്രൊജക്റ്റുകള്‍ നിമയപരമായല്ലാതെ ഒന്നും നേടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയടക്കമുള്ള മന്ത്രിമാര്‍ പരിശോധിച്ച ശേഷമാണ് ലുലുവിന് അനുമതി നല്‍കിയത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് എന്തുനടന്നുവെന്ന് തനിക്കറിയില്ല. ലുലു മാളിന്റെ കെട്ടിടം നിയമനുസൃതം തന്നെയാണ് പണിതിരിക്കുന്നതെന്ന് വിഎസ് പറഞ്ഞു.

ബോള്‍ഗാട്ടി പദ്ധതിയുടെ നടത്തിപ്പുകാരായ എം.എ.യൂസഫലിയുടെ ഗ്രൂപ്പ് ചുളുവിലയ്ക്ക് സര്‍ക്കാരില്‍ നിന്നും ഭൂമി കൈക്കലാക്കിയെന്ന് സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് വി.എസിന്റെ ഇപ്പോഴത്തെ പ്രസ്താവന.

യൂസഫലി പ്രശ്‌നത്തില്‍ ഏറണാകുളം ജില്ലാ കമ്മറ്റിയും വിഎസ്സും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന കമ്മറ്റി ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് എം.എം.യൂസഫലി പിന്മാറുന്നതിനോട് യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാര്‍ട്ടി നിലപാടിനു വിരുദ്ധമായി യൂസഫലിയെ പിന്തുണച്ച വിഎസിന്റെ നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് എംഎം ലോറന്‍സ് പറഞ്ഞു. വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് പാര്‍ട്ടി ഈ നിലപാട് സ്വീകരിച്ചത്. തുറമുഖ നിയമം അറിയാത്തതു കൊണ്ടാണ് വിഎസ് ഇങ്ങനെ പ്രതികരിച്ചത്. തുറമുഖ ഭൂമി തുറമുഖ ആവശ്യത്തിനു വേണ്ടി മാത്രമേ വിനിയോഗിക്കാവൂ എന്നാണ് നിയമം. ഇതു മനസിലാക്കാതെയാണ് വിഎസ് പ്രതികരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.