സൂര്യ ടിവിയുടെ ‘മലയാളി ഹൗസ്’ റിയാലിറ്റി ഷോയില്‍ സിന്ധു ജോയി

Story dated:05/02/2013,12 05 pm

കൊച്ചി: വേദാര്‍ത്ഥ എന്റര്‍ടെയിന്‍മെന്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന റിയാലിറ്റിഷോ ‘മലയാളിഹൗസ്’ മെയ് 5ന് സൂര്യ ടിവിയില്‍ ആരംഭിക്കും. 100 ദിവസം കൊണ്ട് ജീവിതത്തിന്റെ ഗതി മാറ്റാമെന്ന സ്വപ്‌നവുമായി ഒത്തുചേര്‍ന്ന നാനാ തുറകളില്‍പ്പെട്ട ആളുകളുടെ ജീവിതത്തിന്റെ പ്രതിഫലനമാണ് ഈ ഷോ.

പരസ്പരം ഒട്ടും പരിചയമില്ലാത്ത എട്ടു സ്ത്രീകളും എട്ടു പുരുഷന്മാരും അടങ്ങുന്ന പതിനാറു പ്രശസ്തര്‍ ഒരു വീടിനുള്ളില്‍ 100 ദിവസം താമസിക്കുന്നതാണ് റിയാലിറ്റി ഷോ. ഈ വീടിനകത്തെ ഇവരുടെ ഒരോ നിമിഷങ്ങളുംക്യാമറയില്‍ പകര്‍ത്തും. തങ്ങള്‍ക്ക് ലഭിച്ച സ്ഥലത്ത് ഒരു വീട്ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് ജീവിക്കുന്ന 16 പേരാണ് പരിപാടിയിലുള്ളത്. രാഷ്ട്രീയ പ്രവര്‍ത്തക സിന്ധുജോയി പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന.

പരിപാടിയുടെ തുടക്കത്തില്‍ വീടിന്റെ നടുമുറ്റവും പൂന്തോട്ടവും മാത്രമാണ് ഈ വീട്ടില്‍താമസിക്കാനെത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ ലഭിക്കുന്നത്. ആഴ്ച്ചകള്‍ പിന്നിടുമ്പോള്‍ താമസക്കാര്‍ ചിലര്‍ പുറത്താവുകയും വീടിന്റെ പൂട്ടികിടക്കുന്ന ഓരോമുറികള്‍ തുറക്കുകയും ചെയ്യും.

എല്ലാ ആഴ്ച്ചയുടെയും അവസാനം എലിമിനേഷന്‍ പ്രക്രിയ നടപ്പാക്കാന്‍ താമസക്കാരോട് ആവശ്യപ്പെടും. മത്സരാര്‍ത്ഥികള്‍ തന്നെയാകും പുറത്താകേണ്ടവരെ നിശ്ചയിക്കുക. ഏറ്റവുംകൂടുതല്‍ വോട്ട് കിട്ടുന്നയാളെ ഏകകണ്ഠമായി ഒഴിവാക്കും. ഇതിലൂടെ വീടിന്റെ മറ്റൊരു ഭാഗം തുറക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കും. താമസ സ്ഥലത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ അതിലൂടെ ഇവര്‍ക്കാകും.

എന്തെങ്കിലും കാരണംകൊണ്ട് ഏതെങ്കിലും താമസക്കാരനെ ഏകകണ്ഠമായി ഒഴിവാക്കാന്‍ ഇവര്‍ വിസമ്മതിക്കുകയാണെങ്കില്‍ പൊതുജനങ്ങളടങ്ങിയ 15 അംഗ പാനല്‍ വീട്ടിലെ താമസക്കാരുമായി തത്സമയം സംസാരിച്ച് ആരെ ഒഴിവാക്കണമെന്ന് തീരുമാനിക്കും. ഈ സാഹചര്യത്തില്‍ മത്സരാര്‍ത്ഥിക്ക് വീട്‌വിട്ട് പോവുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. എന്നാല്‍ ഇങ്ങനെ ആള്‍ പുറത്ത് പോകുമ്പോള്‍ പകരം വീടിന്റെ ഏതെങ്കിലും ഭാഗം തുറക്കാന്‍ അവസരം ലഭിക്കില്ല.

സംവിധായികയും നടിയുമായ രേവതിയാണ് പരിപാടിയുടെ അവതാരകയായി എത്തുന്നത്. ഒന്നും മുന്‍കൂട്ടി തയ്യാറാക്കാത്തതിനാല്‍ ആങ്കര്‍ എന്ന നിലക്ക് തനിക്കിത് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് രേവതി പറഞ്ഞു. താന്‍ പരിപാടിയുടെ ആങ്കര്‍ മാത്രമല്ല മദ്ധ്യസ്ഥന്‍, കൗണ്‍സിലര്‍ എന്നീ റോളുകള്‍ കൂടി വഹിക്കുമെന്ന് അവര്‍കൂട്ടിച്ചേര്‍ത്തു.

മലയാളിഹൗസ് പ്രേക്ഷകന് രസകരമായ അനുഭവമായിരിക്കും. വീടിനകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രേക്ഷകരുടെ ജീവിതത്തിലെ സന്ദര്‍ഭങ്ങളുമായി സാമ്യമുണ്ടാകുമ്പോള്‍ പരിപാടി മത്സരാര്‍ത്ഥിയും പ്രേക്ഷകനും തമ്മിലുള്ള ശക്തമായ ബന്ധത്തിന് കാരണമാകും.

‘ദക്ഷിണ ഇന്ത്യയിലെ ഏറ്റവും മികച്ചവിനോദ ചാനലായ സൂര്യ ടിവിയില്‍ സംപ്രേക്ഷണംചെയ്യുന്ന മലയാളിഹൗസ് ദക്ഷിണേന്ത്യന്‍ വിനോദ മാര്‍ക്കറ്റിലെ വ്യത്യസ്തമായ ആശയമാണെന്ന് സൂര്യ ടിവി വക്താവ് പറഞ്ഞു. പരിപാടി മലയാളി പ്രേക്ഷകര്‍ക്ക് വിനോദം പകരുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു’.

പരിപാടിയുടെ ഫോര്‍മാറ്റാണ് അതിനെ വ്യത്യസ്ഥമാക്കുന്നത്. മലയാളിഹൗസിലൂടെ വേദാര്‍ത്ഥ ദക്ഷിണേന്ത്യന്‍ വിനോദ മാര്‍ക്കറ്റില്‍ രംഗപ്രവേശനം ചെയ്യുകയാണ്. രേവതിയും മത്സരാര്‍ത്ഥികളും ഫോര്‍മാറ്റുമാണ് പരിപാടിയുടെ ആകര്‍ഷക ഘടകം. കേരളത്തിലെ പ്രമുഖരായ 16 പേര്‍ കേരള ഹൗസിലെ താമസക്കാര്‍. ഇവര്‍ മലയാളത്തിലേ സംസാരിക്കാന്‍ പാടുള്ളൂ. വിജയിക്ക് കൊച്ചിയില്‍ വില്ല സമ്മാനമായി ലഭിക്കും.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.