സച്ചിന്‍ ഗോപാല്‍ വധം: മുഖ്യപ്രതിയായ പോപ്പുലര്‍ഫ്രണ്ട് നേതാവ് അറസ്റ്റില്‍

Story dated:09/30/2012,11 55 am

കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുന്ന് സ്‌കൂള്‍ പരിസരത്തുവച്ച് എ.ബി.വി.പി. പ്രവര്‍ത്തകനായ സച്ചിന്‍ ഗോപാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയെ അന്വേഷണസംഘം അറസ്റ്റ്‌ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് കക്കാട് യൂണിറ്റ് പ്രസിഡന്റ് കക്കാട് കുഞ്ഞിപ്പള്ളി മസ്‌കന്‍ വീട്ടില്‍ അസ്‌കര്‍(24) ആണ് അറസ്റ്റിലായത്.

 പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അസ്‌കറിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. ഇയാളാണ് സച്ചിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം കക്കാട് പുഴയില്‍ ഉപേക്ഷിച്ച കത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പോലീസ് കണ്ടെടുത്തു.

 പള്ളിക്കുന്ന് സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഘടന അംഗത്വ വിതരണവുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം. സ്‌കൂളില്‍ കാമ്പസ് ഫ്രണ്ടിന്റെ യൂണിറ്റ് രൂപവത്കരണം നടക്കുന്നതിനാല്‍ അവിടെ പോകണമെന്ന് അസ്‌കറിനോട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കൂളില്‍ എ.ബി.വി.പി.കാമ്പസ് ഫ്രണ്ട് സംഘര്‍ഷം നിലനില്‍ക്കുന്നത് കണക്കിലെടുത്തായിരുന്നു ഇത്. ബൈക്കില്‍ പള്ളിക്കുന്നിലേക്ക് പോയ അസ്‌കര്‍ കത്തിയും കരുതിയിരുന്നു. സ്‌കൂളില്‍ പ്രശ്‌നമുണ്ടായാല്‍ അത് സ്വയം നേരിടാനായിരുന്നു കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേതാക്കള്‍ നല്കിയ നിര്‍ദേശം. പുറത്ത് പ്രശ്‌നമുണ്ടായാല്‍ നേരിടലായിരുന്നു അസ്‌കറിന്റെയും സംഘത്തിന്റെയും ചുമതല.

രാവിലെ സ്‌കൂളില്‍ സംഘര്‍ഷമുണ്ടായി. ഇതിന്റെ ഭാഗമായാണ് സച്ചിന്‍ഗോപാലിനെ വൈകിട്ട് ആക്രമിച്ചത്. അസ്‌കറിനൊപ്പം ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. സച്ചിനെ കുത്തിയത് അസ്‌കറാണ്. ഇതിനുശേഷം തളാപ്പില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അരികിലെത്തി. പിന്നീട് കക്കാട്ടേക്ക് പോയി. രാത്രി ഒരു സുഹൃത്തിനൊപ്പം പോയി കത്തി കക്കാട് പുഴയില്‍ ഉപേക്ഷിച്ചു.

കുത്തേറ്റ് മംഗലാപുരം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സച്ചിന്‍ ഏകദേശം രണ്ടുമാസം കഴിഞ്ഞ് സപ്തംബര്‍ അഞ്ചിനാണ് മരിക്കുന്നത്. സച്ചിന്‍ മരിച്ചതോടെ ഒളിവില്‍ പോയ അസ്‌കര്‍ കഴിഞ്ഞദിവസം കണ്ണൂരിലെത്തിയപ്പോഴാണ് സി.ഐ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ്‌സംഘം കക്കാട് റോഡില്‍നിന്ന് പിടികൂടിയത്.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.