വീഡിയോ പരിശോധിച്ചു; വിമാനത്താവള വാക്കേറ്റത്തില്‍ രഞ്ജിനിക്കെതിരെയും കേസ്

Story dated:05/17/2013,01 40 pm

നെടുമ്പാശ്ശേരി: വിമാനത്താവളത്തില്‍ വച്ച് വരി തെറ്റിച്ചതിന്റെ പേരില്‍ യാത്രക്കാരനുമായി വഴക്കിട്ട ചാനല്‍ അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസിനെതിരെയും പോലീസ് കേസെടുത്തു. വിമാനത്താവളത്തിലെ വീഡിയോ പരിശോധിച്ചാണ് രഞ്ജിനിക്കെതിരെയും കേസെടുത്തത്.

സംഭവത്തില്‍ ഇപ്പോള്‍ പ്രതികളായിരിക്കുന്ന രഞ്ജിനി ഹരിദാസ്, പൊന്‍കുന്നം സ്വദേശി ബിനോയ് ചെറിയാന്‍ എന്നിവര്‍ക്കെതിരേ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു. ബിനോയിയുടെ ഭാര്യ കൊച്ചുറാണിയുടെ പരാതി പ്രകാരമാണ് രഞ്ജിനിക്കെതിരെ കേസ്.

ഇന്നലെ എമിറേറ്റ്‌സ് വിമാനത്തിലാണ് രഞ്ജിനിയും യുഎസില്‍ നിന്നും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് വരികയായിരുന്ന പൊന്‍കുന്നം സ്വദേശി ബിനോയിയും നാട്ടിലെത്തിയത്. തുടര്‍ന്ന് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനുവേണ്ടി വരി നില്‍ക്കുമ്പോഴാണ് സംഭവം. ക്യൂവില്‍ ബിനോയിയെ മറികടന്ന് രഞ്ജിനി മുന്‍ നിരയിലേക്ക് കയറി നിന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

തങ്ങള്‍ 18 മണിക്കൂര്‍ യാത്ര ചെയ്തു വന്നവരാണെന്നും എത്രയും വേഗം വീട്ടിലെത്താന്‍ ആഗ്രഹമുണ്ടെന്നും ബിനോയ് പറഞ്ഞു. ഇടയ്ക്കു കയറാന്‍ പറ്റില്ലെന്നു ശഠിച്ചതോടെ രഞ്ജിനി ബിനോയ്ക്കുനേരേ തിരിഞ്ഞു. രഞ്ജിനി തന്റെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെയും മുന്നിലേക്ക് കയറ്റി നിര്‍ത്തി. ഇതോടെ ബിനോയിയും രഞ്ജിനിയും കടുത്ത വാക്കേറ്റമുണ്ടാവുകയും രഞ്ജിനിയുടെ പരാതി പ്രകാരം ബിനോയിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് വിമാനത്താവളത്തിലെ വീഡിയോ പരിശോധിച്ച പോലീസ് രഞ്ജിനിക്കെതിരെയും കേസ് ചാര്‍ജ്ജ് ചെയ്യുകയായിരുന്നു.

 താന്‍ ക്യൂ തെറ്റിച്ചില്ലെന്നും കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ മാറി നില്‍ക്കുകയായിരുന്നുവെന്നും തന്റെ ജോലിയെയും വീട്ടുകാരെയും അയാള്‍ അപഹസിച്ച് സംസാരിച്ചതായും രഞ്ജിനി ഹരിദാസ് പിന്നീട് പറഞ്ഞു.

English summary
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല.