Sunday June 16th, 2019 - 2:19:am
topbanner
topbanner

ഓണത്തിന് സിനിമ കാണാന്‍ ലോണെടുക്കേണ്ടി വരുമോ? ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

മുബ്നാസ് കൊടുവള്ളി
ഓണത്തിന് സിനിമ കാണാന്‍ ലോണെടുക്കേണ്ടി വരുമോ? ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

ഓണത്തിന് സിനിമ കാണാന്‍ ലോണെടുക്കേണ്ടി വരുമോ. സാംസ്‌കാരിക കേരളത്തില്‍ സംസ്‌കാര ശൂന്യമായ ഒരുപാട് കാര്യങ്ങള്‍ ദിനംപ്രതി നമ്മള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. കൊള്ള, കോല, സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍, അഴിമതി, തീവ്രവാദം, ഭീകരവാദം, അസഹിഷ്ണുത, വിലക്കയറ്റം തുടങ്ങി മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ ഒരുപാട് പ്രവര്‍ത്തികള്‍ ഇന്ന് സമൂഹത്തെ വേട്ടയാടുന്നുണ്ട്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടുത്ത വെല്ലുവിളിയായിട്ടാണ് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് കാണാന്‍ കഴിയുക.

ഇതില്‍ സാധാരണ ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് ''വിലക്കയറ്റം''. വിലക്കയറ്റം എല്ലാ മേഖലയിലും രൂക്ഷമായികൊണ്ടിരിക്കുകയാണ്. സാധന സാമഗ്രികളുടെയും പഴം പച്ചക്കറി പലചരക്കുകളുടേയും അവൈശ്വസനീയവും ആകസ്മികവുമായ വില വര്‍ദ്ധന കാരണം കുടുംബ ബജറ്റ് താളം തെറ്റി ജനങ്ങള്‍ പിച്ച തെണ്ടേണ്ട അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിക്കൊണ്ടിരിക്കുന്നത്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഓഫറുകള്‍ കൊടുത്ത് ബാലറ്റ് പെട്ടി നിറക്കാനും വാഗ്ദാനങ്ങള്‍ കൊണ്ട് പെരു മഴ പെയ്യിക്കാനും വീറും വാശിയും മത്സരവും നടത്തുന്നുണ്ടെങ്കിലും അതൊന്നും പാലിക്കാതിരിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഐക്യം പലരേയും പോലെ എന്നെയും ആശങ്കയിലാക്കുന്നുണ്ട്.

വിലക്കയറ്റത്തിന്റെ എല്ലാ മേഖലയും വെളിച്ചത്ത് കൊണ്ട് വരാനോ വിശദമാക്കാനോ ഉള്ള സമയമോ അവസരമോ ഇല്ലാത്തതിനാലും ഇതൊരു കലയുമായി ബന്ധപ്പെട്ട ലേഖനമായതിനാലും ആ ഭാഗം മാത്രം വ്യകതമാക്കാന്‍ ആഗ്രഹിക്കുന്നു. ഈ ഏപ്രില്‍ മാസം കോഴിക്കോട് ജില്ലയിലുള്ള ഒരു സിനിമാ തിയേറ്ററില്‍ ഞാന്‍ 'കിംഗ് ലയര്‍' എന്ന സിനിമ കാണാന്‍ പോയി. അന്ന് 100 രൂപ കൊടുത്താണ് ഞാന്‍ ടിക്കറ്റെടുത്തത്. ഇതേ തിയേറ്ററില്‍ ഞാന്‍ കഴിഞ്ഞയാഴ്ച സിനിമ കാണാന്‍ പോയി.സിനിമ മാറിയാല്‍ പൈസയും മാറുമോ എന്നൊരു സന്ദേഹം എനിക്ക് തോന്നി. ഞാന്‍ ഫ്രണ്ടിനോട് ചോദിച്ചപ്പോള്‍ അവന്‍ എന്നെ കളിയാക്കി ചിരിക്കുകയാണ് ചെയ്തത്. അങ്ങനെ സിനിമക്ക് അനുസരിച്ച് ടിക്കറ്റില്‍ മാറ്റം വരില്ലെന്നവന്‍ പറഞ്ഞു. പക്ഷെ 'പ്രേതം' എന്ന സിനിമ ഞാന്‍ കണ്ടത് 110 രൂപ കൊടുത്തിട്ടാണ്. അപ്പോഴാണ് സുഹൃത്ത് പറഞ്ഞത് ഈ അടുത്തു വരെ 100 രൂപയായിരുന്നു ചാര്‍ജ് ഇപ്പോഴാണ് 110 ആക്കിയതെന്ന്.

തോന്നിയത് പോലെ ജനങ്ങളെ പിഴിയാനും ചൂഷണം ചെയ്യാനും ഇവര്‍ക്കൊക്കെ ആരാണ് ലൈസന്‍സ് കൊടുത്തത്? സാധാരണക്കാരായ പ്രേക്ഷകരുടെ കലാസ്‌നേഹത്തെ ധാര്‍ഷ്ട്യത്തിന്റെ മുഖം മൂടിയണിഞ്ഞ് അരിഞ്ഞ് വീഴ്ത്താനാണോ നിങ്ങള്‍ ശ്രമിക്കുന്നത്? ഇതിനൊന്നും ഇവിടെ നിയമമില്ല? ആരാണ് ഇതിനൊക്കെ ഉത്തരവാദി? സംസ്‌കാരമില്ലാത്ത മന്ത്രിമാരോ? അതോ ആഡംബര ജീവിതം നയിക്കാന്‍ വേണ്ടി കോടികള്‍ കൈപ്പറ്റുന്ന സൂപ്പര്‍ താരങ്ങളോ? അതുമല്ലെങ്കില്‍ ജനങ്ങളുടെ കാലാസ്വാദനത്തെ ചൂഷണം ചെയ്യുന്ന തിയേറ്റര്‍കാരോ? ആര് തന്നെയായാലും ഇതൊന്നും മനുഷ്യ മനസ്സാക്ഷിക്ക് നിലക്കുന്ന കാര്യങ്ങളല്ല.

നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ ഒരു തിയേറ്റര്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെങ്കില്‍ സര്‍ക്കാരിന്റെ ഉത്തരവ് വേണം. വര്‍ഷങ്ങളായി അവിടെ (ഷോപ്പിംഗ് മാളുകളില്‍ പോലും) 85 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ഇതെന്ത് കൊണ്ടാണ് കേരളത്തില്‍ നടത്താന്‍ കഴിയാത്തത്? ഭരിക്കുന്നവര്‍ ജനങ്ങളെ സേവിക്കാനാണ് നിലകൊള്ളേണ്ടത് എന്ന പാഠം മറന്ന് പോകുന്നിടത്താണ് ഒരു സര്‍ക്കാര്‍ നശിച്ച് തുടങ്ങുന്നത് എന്ന പരമാര്‍ത്ഥം മറന്ന് പോകരുത് . നാളെ ഒരു സിനിമ കാണാന്‍ തിയേറ്റര്‍കാര്‍ ചുമരിന്മേല്‍ ഒട്ടിച്ചു വെക്കുന്ന പൈസ മുഴുവന്‍ കൊടുക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍ സിനിമ കാണണോ വേണ്ടയോ എന്ന തീരുമാനം എടുക്കാന്‍ ഞങ്ങള്‍ ജനങ്ങളും നിര്‍ബന്ധിതരാകും എന്ന് അറിയിക്കുന്നു.

തിയേറ്ററിലെ ടിക്കറ്റ് ചാര്‍ജ് പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുക. ജനങ്ങളുടെ അനുവാദമോ സഹകരണമോ കൂടാതെ ചാര്‍ജ് വര്‍ദ്ധിപ്പിക്കാതിരിക്കുക. താരങ്ങളുടെ കാട് കയറിയ വീട് മോഡി പീഡിപ്പിക്കാനും, കുലുക്കമില്ലാതെ യാത്ര ചെയ്യാന്‍ ബെന്‍സ് വാങ്ങാനും ജനങ്ങളെ ഞെരുക്കാം എന്ന ആശയം മുന്നോട്ട് വെക്കുന്നത് ഉചിതമായ കാര്യമാണെന്ന് തോന്നുന്നില്ല. കലയേയും കലാകാരന്മാരേയും ഞങ്ങള്‍ക്കിഷ്ടമാണ്. പ്രത്യേകിച്ച് സിനിമയേയും സിനിമാ താരങ്ങളേയും. പക്ഷെ അത് ജനങ്ങളുടെ ഒരു കഴിവ് കേടോ പിടിപ്പു കേടോ ആയി നിങ്ങള്‍ കാണരുത്. സിനിമാ സ്‌നേഹം പ്രകടിപ്പിക്കാന്‍ ബാങ്കില്‍ നിന്ന് ലോണെടുക്കേണ്ട അവസ്ഥയിലേക്ക് ഞങ്ങളെ കൊണ്ടെത്തിക്കരുത്. അങ്ങനെ വന്നാല്‍ അതിന്റെ പ്രത്യാഘാതം സിനിമാക്കാര്‍ക്കും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും എന്ന കാര്യം ഓര്‍മയില്‍ വെക്കുക.

'കുട്ടിപ്പട്ടാളത്തിൽ': കുട്ടികളോട് അശ്ലീല ചോദ്യങ്ങൾ: അവതാരകയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷനും

എംഎസ്എഫ് നേതാവിന്റെ പോലീസിനെ പേടിച്ചുള്ള ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Read more topics: cinema, theater, onam,
English summary
cinema theater charge increase kerala
topbanner

More News from this section

Subscribe by Email