topbanner
Thursday June 22nd, 2017 - 10:00:pm
topbanner

തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ക്കെതിരെ പരാതിയമുമായി വീട്ടമ്മ

suvitha
തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ക്കെതിരെ പരാതിയമുമായി വീട്ടമ്മ

തൊടുപുഴ: നഗരസഭയിലെ കൗണ്‍സിലര്‍ക്കെതിരെ പരാതിയുമായി വനിതാ കമ്മിഷന് മുന്നിൽ വീട്ടമ്മ. പരാതിക്കാരിയായ വീട്ടമ്മയ്‌ക്കും മകനുമെതിരേ മകന്റെ ഭാര്യ കൗണ്‍സിലറുടെ നിര്‍ദേശപ്രകാരം ഗാര്‍ഹിക പീഡന നിയമപ്രകാരം കേസ്‌ കൊടുത്തിരുന്നു. ഇത്തരത്തില്‍ മൂന്നു കേസുകള്‍ കോടതിയിലാണ്‌.

മരുമകളെക്കൊണ്ടു തനിക്കും മകനുമെതിരേ നിര്‍ബന്ധിപ്പിച്ചു കേസ്‌ നല്‍കുകയായിരുന്നെന്നാണു വീട്ടമ്മ വനിതാ കമ്മിഷനു നല്‍കിയ പരാതിയില്‍ പറയുന്നത്‌. പരാതി നല്‍കിയതില്‍ കൗണ്‍സിലര്‍ക്കുള്ള പങ്കെന്താണെന്നു കണ്ടെത്തണമെന്നാവശ്യപ്പെട്ടാണു പരാതി.

മരുമകളുടെ പരാതി സംബന്ധിച്ചു കൗണ്‍സിലറോട്‌ ചോദിച്ചപ്പോള്‍ വീട്ടമ്മയ്‌ക്കെതിരേ മാനനഷ്‌ടത്തിനു കേസ്‌ കൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്‌. വീട്ടമ്മയുടെ പരാതിയില്‍ സംഭവത്തിന്റെ സത്യാവസ്‌ഥ അറിയാന്‍ കൗണ്‍സിലര്‍ക്കെതിരേ അന്വേഷണം നടത്തുമെന്ന്‌ വനിതാ കമ്മിഷന്‍ പറഞ്ഞു. സ്വന്തമായി പാര്‍പ്പിടമില്ലെന്നു കാട്ടി യുവതി കമ്മിഷനു പരാതി നല്‍കി.

കമ്പംമെട്ട്‌ സ്വദേശിനിയായ യുവതി ഭര്‍ത്താവിന്റെ പ്രേരണയെത്തുടര്‍ന്ന്‌ കുടുംബത്തില്‍നിന്നു വീതം നല്‍കണമെന്നാവശ്യപ്പെട്ട്‌ പരാതി നല്‍കിയിരുന്നു. ഇതോടെ യുവതിയും വീട്ടുകാരും തമ്മില്‍ അകന്നു. യുവതിയുടെ വീട്ടുകാര്‍ നാല്‍പ്പത്‌ സെന്റ്‌ സ്‌ഥലം സ്‌ത്രീധനമായി നല്‍കിയെങ്കിലും ഭര്‍ത്താവിന്റെ ചികിത്സയ്‌ക്കും മറ്റുമായി വീടും സ്‌ഥലവും വില്‍ക്കേണ്ടിവന്നു.

ഇതോടെ സ്വന്തമായി ഭൂമിയോ സ്‌ഥലമോ ഇല്ലാത്ത സ്‌ഥിതിയായി. ഇതോടെയാണു ഭര്‍ത്താവിന്റെ പ്രേരണയെത്തുടര്‍ന്ന്‌ യുവതി തന്റെ വീതം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ രംഗത്തെത്തിയത്‌. ഭര്‍ത്താവ്‌ ഇതിനിടയില്‍ ആത്മഹത്യ ചെയ്‌തു. ഇപ്പോള്‍ യുവതി വൃദ്ധനായ പിതാവിനൊപ്പമാണു താമസിക്കുന്നത്‌. സ്വന്തമായി ഒരു സെന്റ്‌ ഭൂമിയെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ടാണു യുവതി വനിതാ കമ്മിഷനെ സമീപിച്ചത്‌.

പരാതി നേരിട്ടു ബോധ്യപ്പെട്ടാല്‍ വനിതാ കമ്മിഷന്‍ ഇതുസംബന്ധിച്ചു നേരിട്ട്‌ കലക്‌ടറുമായി ചര്‍ച്ച ചെയ്യാമെന്നു ഉറപ്പും നല്‍കി. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളുമായി ഭര്‍ത്താവ്‌ ഉപേക്ഷിച്ച യുവതിയും പരാതിയുമായി കമ്മിഷനു മുന്‍പിലെത്തി. അടച്ചുറപ്പില്ലാത്ത വീടില്ലാത്തതിനാല്‍ മകളുമായി ഭീതിയോടെ ജീവിതം തള്ളി നീക്കുന്നതെന്നു വീട്ടമ്മ പറഞ്ഞു. വനിതാ കമ്മിഷന്റെ പരിധിയില്‍പ്പെടാത്ത നിരവധി കേസുകളാണ്‌ ഇത്തവണ കമ്മിഷനു പരിഗണിക്കേണ്ടി വന്നത്‌.

മറ്റൊരു കേസില്‍ തൊടുപുഴയിലെ പ്രമുഖ പബ്ലിക്‌ സ്‌കൂളിലെ മാനേജര്‍ക്കെതിരേ അധ്യാപികയും ജീവനക്കാരും പരാതിയുമായി രംഗത്തെത്തി. സ്‌കൂള്‍ മാനേജര്‍ മാനസികമായി പീഡിപ്പിക്കുന്നെന്നു കാട്ടിയായിരുന്നു പരാതി. സംഭവത്തില്‍ നിജസ്‌ഥിതി അന്വേഷിക്കുമെന്നു പ്രമീളദേവി പറഞ്ഞു. ഗാര്‍ഹീക പീഡന കേസുകള്‍ക്ക്‌ പുറമേ ഭര്‍ത്താവ്‌ ഉപേക്ഷിച്ച പോയ കേസുകളില്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ളതും വസ്‌തു സംബന്ധമായ കേസുകളും കമ്മിഷനു മുന്‍പാകെ വന്നു.

ആകെ 72 കേസുകളാണ്‌ ഇത്തവണ കമ്മിഷനു മുന്‍പാകെ വന്നത്‌. ഇവയില്‍ 42 കേസുകളും രമ്യമായി പരിഹരിച്ചതായി വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ പ്രമീളാദേവി പറഞ്ഞു. പോലീസ്‌ അന്വേഷണം ആവശ്യമായ ആറുകേസുകളും ആര്‍.ഡി ഒയുടെ റിപ്പോര്‍ട്ട്‌ ആവശ്യമുള്ള രണ്ടുകേസുകളും ഉണ്ട്‌. 17 കേസുകളാണ്‌ അടുത്ത സിറ്റിങ്ങിലേക്കു മാറ്റിവച്ചിരിക്കുന്നത്‌.

English summary
lady gave complaint against the thodupuzha councilor
topbanner topbanner

More News from this section

Subscribe by Email