Friday September 25th, 2020 - 9:32:am

വശ്യസൗന്ദര്യത്തിന്റെ കാഴ്ചകളൊരുക്കി മുണ്ടേരിക്കടവ് പക്ഷിസങ്കേതം

NewsDesk
വശ്യസൗന്ദര്യത്തിന്റെ കാഴ്ചകളൊരുക്കി  മുണ്ടേരിക്കടവ് പക്ഷിസങ്കേതം

കണ്ണൂര്‍:വശ്യസൗന്ദര്യത്തിന്റെ മായക്കാഴ്ചകളൊരുക്കി സന്ദര്‍ശകരെ കാത്തിരിക്കുകയാണ് മുണ്ടേരിക്കടവ് പക്ഷിസങ്കേതം. മുണ്ടേരി പുഴയോരത്തുള്ള പക്ഷിസങ്കേതം സൈബിരിയയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഹിമാലയത്തില്‍ നിന്നുമുള്ള എരണ്ട പക്ഷികളുടെ പറുദീസയാണ്. ഒരു ലക്ഷത്തിലധികം എരണ്ട പക്ഷികളാണ് ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഇവിടെ എത്തുന്നതെന്ന് മുണ്ടേരി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മനുഷ്യര്‍ അധികമൊന്നും കൈ തൊടാത്ത അപൂര്‍വ്വമായ തണ്ണീര്‍ത്തടമേഖലയാണ് മുണ്ടേരിക്കടവ് പ്രദേശം. പക്ഷി നിരീക്ഷകര്‍ അപൂര്‍വ ഗണത്തില്‍ പെടുത്തിയ 12 പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അക്വില കുടംബത്തില്‍ പെട്ടതും വംശനാശഭീഷണി നേരിടുന്നതുമൂലം റെഡ് ഡാറ്റ ബുക്കിലുള്‍പെടുത്തിയതുമായ നാലിനം പരുന്തുകളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ചേരക്കോഴി, പുള്ളിപ്പരുന്ത്, കഷണ്ടി കൊക്ക്, സന്യാസിത്താറാവ് തുടങ്ങിയ പക്ഷികളും ഇവിടെ എത്തുന്നുണ്ട്. ആകെ ഇരുനൂറിലധികം സ്പീഷിസുകളിലായി ലക്ഷക്കണക്കിന് പക്ഷികള്‍ വര്‍ഷം തോറും ഇവിടെ സന്ദര്‍ശകരായി എത്തുന്നുണ്ടെന്നാണ് പക്ഷി നിരീക്ഷകരുടെ കണക്ക്.

ജൈവവൈവിധ്യവും കാലാവസ്ഥയുടെ പ്രത്യേകതകളുമാണ് പ്രധാനമായും പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അപൂര്‍വ മത്സ്യങ്ങളും ഇവിടെയുണ്ട്. വൈവിധ്യമാര്‍ന്ന അമ്പതോളം മത്സ്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഔഷധ ഗുണമുള്ള അമ്പതിലധികം സസ്യങ്ങളും പുല്‍ച്ചെടികളുമാണ് മറ്റൊരു സവിശേഷത. തണ്ണീര്‍ത്തടങ്ങള്‍ ഗ്രാമത്തിന്റെ ജലസംഭരണിയും ജീവനോപാധിയുമാണ്. ദേശാടന പക്ഷികളുടെ കാഷ്ഠം നെല്‍കൃഷിക്ക് വളമായി തീരുകയും ചെയ്യുന്നു.
ദേശാടന പക്ഷികള്‍ അവരുടെ വാസ സ്ഥലത്ത് അതിശൈത്യം തുടങ്ങുമ്പോഴാണ് ഇവിടേക്ക് വരുന്നത്.

 

ചാരത്തലയന്‍ തിത്തിരി, മഞ്ഞക്കുറിയന്‍ താറാവ്, ചാരക്കഴുത്തന്‍, വരി എരണ്ട, കരിആള, വെള്ളപൊക്കന്‍, ചെറിയ നീര്‍ക്കാക്ക, ചേരക്കൊക്കന്‍, കുളക്കൊക്ക്, നീലക്കോഴി, കരിന്തലയന്‍ നീര്‍ക്കാക്ക, ഇടമുണ്ടി, കാലിമുണ്ടി, ചെമ്പന്‍ കഷണ്ടിക്കൊക്ക്, വേലിത്തത്ത, ചെറുമുണ്ടി, മേടുതപ്പി, പവിഴക്കാലി, ചായമുണ്ടി, കൃഷ്ണ പരുന്ത്, വട്ടക്കണ്ണന്‍ എരണ്ട, വലിയ പുള്ളിപ്പരുന്ത്, പെരുമുണ്ടി, പച്ച എരണ്ട, കിന്നരി നീര്‍ക്കാക്ക, ചായമുണ്ടി, കരുവാരക്കുരു, ചരല്‍ക്കുരുവി, പച്ചക്കാടകൊക്ക്, ചെറിയ പുള്ളിപരുന്ത്, ആറ്റുമണല്‍ കോഴി, ചെങ്കണ്ണി തിത്തിരി എന്നിവയാണ് ഇവിടെ എത്തുന്ന പ്രധാന ദേശാടന പക്ഷികള്‍. പൂക്കൈത, തേള്‍ക്കട, വാതം കൊല്ലി, കൊത്തടി വള്ളി, ചൂത്, നെയ്തലാമ്പല്‍, ആനത്തൊട്ടാവാടി, ചക്കരത്തുമ്പ, മധുരം കൊല്ലി, മഞ്ഞക്കുറുന്തോട്ടി, ഉതിരം, ഊര്‍പ്പം എന്നിങ്ങനെയുള്ള ഔഷധ സസ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മുണ്ടേരിക്കടവിന്റെ ദൃശ്യമനോഹാരിത കണ്ടാസ്വദിക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികളും പ്രകൃതി സ്‌നേഹികളും എത്താറുണ്ട്. പൊതുവെ ശാന്തമായ ഇവിടം പക്ഷി നിരീക്ഷണത്തിനും അനുയോജ്യമായ ഇടമാണ്. പക്ഷികളുടെ വിശ്രമകേന്ദ്രമായ പുഴയോര വൃക്ഷങ്ങളും സസ്യ വൈവിധ്യവും സംരക്ഷിക്കുന്നതിലൂടെ കൂടുതല്‍ പക്ഷികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.

അനുസ്മരണത്തിന് ക്ഷണിച്ചില്ല; മണിയെ കുറിച്ചുള്ള വിനയന്റെ ഓര്‍മക്കുറിപ്പ് വൈറല്‍

 

 

Read more topics: munderi kadavu, bird sanctuary
English summary
munderi kadavu bird sanctuary kannur
topbanner

More News from this section

Subscribe by Email