Saturday October 19th, 2019 - 10:06:am
topbanner

കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്ട്‌സിന്റെ ഉദ്ഘാടനം

NewsDesk
കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്ട്‌സിന്റെ ഉദ്ഘാടനം

രാജ്യന്തര നിലവാരത്തില്‍ കോട്ടയം ജില്ലയിലെ തെക്കുംതലയില്‍ കേരള സര്‍ക്കാര്‍ സ്ഥാപിച്ച സിനിമാ പഠനകേന്ദ്രം കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്ട്‌സിന്റെ ഉദ്ഘാടനം ജനുവരി 11 വൈകുന്നേരം 3.15ന് ഇന്‍ഡ്യന്‍ വൈസ്പ്രസിഡന്റ് ഹമീദ് അന്‍സാരി നിര്‍വഹിക്കും. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും ദേശീയ സിനിമാ പഠനകേന്ദ്രമാണിത്. കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിക്കാനാണ് ഒരു വര്‍ഷം കാത്തിരുന്നത്. മൂന്നു ബ്ലോക്കുകളായാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേഷന്‍, സിനിമാട്ടോഗ്രാഫി, ആക്ടിങഎഡിറ്റിങ്ഡയറക്ഷന്‍ എന്നീ ബ്ലോക്കുകളാണ് പൂര്‍ത്തിയായത്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റലുകളും പൂര്‍ത്തിയായി, മുഖ്യമന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്‌സില്‍ ആറു വിഷയങ്ങളില്‍ 10 പേര്‍ വീതം 60 വിദ്യാര്‍ത്ഥികളുടെ ആദ്യബാച്ച് 2014ലും രണ്ടാമത്തെ ബാച്ച് 2015ലും ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ തന്നെ താമസിക്കണമെന്ന് നിര്‍ബന്ധമാണ്. 35000 രൂപയാണ് കോഴ്‌സ് ഫീ. മറ്റ് ചെലവുകള്‍ ചേര്‍ത്താല്‍ പ്രതിവര്‍ഷം ഒരു ലക്്ഷത്തോളം ചെലവ് വരും. ഓള്‍ ഇന്‍ഡ്യാ പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സ്‌ക്രിപ്റ്റ് റൈറ്റിങ് ആന്റ് ഡയറക്ഷന്‍, എഡിറ്റിങ്, സിനിമാട്ടോഗ്രാഫി, ഓഡിയോഗ്രാഫി, അനിമേഷന്‍ ആന്റ് വിഷ്യല്‍ എഫക്ട്‌സ്, ആക്ടിങ് എന്നിവയാണ് കോഴ്‌സുകള്‍. 12 അധ്യാപകരെയും 12 ഡെമോണ്‍സ്‌ട്രേറ്റര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്.


500 പേര്‍ക്ക് ഇരിക്കാവുന്ന തിയറ്ററിന്റെ നിര്‍മ്മാണം രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ഇത് ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ക്ക് സിനിമ കാണാന്‍ തുറന്നു കൊടുക്കും. ലോകോത്തര നിലവാരമുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. 8.75 കോടിയോളം രൂപ ഇതിനായി വിനിയോഗിച്ചു. ഓഡിറ്റോറിയം, മിക്‌സിങ് സ്റ്റുഡിയോ, ഷൂട്ടിങ് ഫ്‌ളോര്‍ എന്നിവയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാകും.

സ്ഥാപനത്തിലെ അണ്‍സ്‌കില്‍ഡ് ജോലികള്‍ക്ക് പ്രാദേശിക പരിഗണന നല്‍കും. കാന്റീന്‍ കരാര്‍ നല്‍കിയിരിക്കുന്നത് കുടുംബശ്രീക്കാണ്. അദ്ദേഹം പറഞ്ഞു.


കെ.ആര്‍നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ ഡീംഡ് സര്‍വകലാശാലയാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. സിനിമാഗവേഷണ കേന്ദ്രമായി ഭാവിയില്‍ ഇത് വികസിപ്പിക്കാനാണ് പദ്ധതി.


സര്‍ക്കാരിന്റെ 55 സെന്റ് ഭൂമിയോടൊപ്പം 10.6 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്താണ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നത്. 2011ല്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. 2012 മുതല്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്റെ നിയന്ത്രണത്തില്‍ നിന്ന് മാറി സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങി. ആര്‍ക്കിടെക്ട് ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ഗ്രൂപ്പിനായിരുന്നു നിര്‍മ്മാണച്ചുമതല. 53 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 41.09 കോടി നിര്‍മ്മാണത്തിനും 11.91 കോടി ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, പുസ്തകങ്ങള്‍ എന്നിവയ്ക്കും ചെലവായി.

ഉദ്ഘാടനത്തിന് സിനിമാരംഗത്തെ പ്രഗത്ഭരുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ ജനപ്രതിനിധികളുടെയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പത്രസമ്മേളനത്തിലും തുടര്‍ന്നു നടന്ന യോഗത്തിലും ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഗവേണിങ് കൗണ്‍സില്‍ ഡയറക്ടര്‍ ജി. രാജശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ യു.വി. ജോസ്, ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ, ഗവേണിങ് കൗണ്‍സില്‍ വൈസ്‌ചെയര്‍മാന്‍ ജോഷി മാത്യു, ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളായ ടി.എ. റസാക്ക്്, നവാസ് പൂനൂര്‍, പി.കെ. രാജു, ആര്‍ക്കിടെക്ട് പത്മശ്രീ ശങ്കര്‍, അക്കാദമിക് രജിസ്റ്റാര്‍ മോഹന്‍ അബ്രാഹം, അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

English summary
Press Conference Conveaed By CM regardinng the inauguration of K R Narayanan National Instiute of Visual Science and Arts
topbanner

More News from this section

Subscribe by Email