topbanner
Wednesday May 24th, 2017 - 7:41:am
topbanner

പിന്നോട്ടെടുത്ത ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് പരിക്ക്: രണ്ടുവയസുകാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

NewsDesk
പിന്നോട്ടെടുത്ത ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് പരിക്ക്: രണ്ടുവയസുകാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: പിന്നോട്ടെടുത്ത സ്വകാര്യ ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് പരിക്ക്. വീട്ടമ്മയോടൊപ്പമുണ്ടായിരുന്ന രണ്ടുവയസുകാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിക്കത്തോട് മങ്ങാക്കരയില്‍ ശാന്തമ്മ(70)യ്ക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ 10.15നു നാഗമ്പടം ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം നടന്നത്. ശാന്തമ്മയുടെ കാലിന്റെ പാദത്തിലൂടെയാണ് ബസിന്റെ ചക്രം കയറിയതെന്നു ട്രാഫിക് പോലീസ് പറഞ്ഞു.

പരിക്കേറ്റ ശാന്തമ്മയെ പോലീസ് ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാന്തമ്മയോടൊപ്പമുണ്ടായിരുന്ന മകന്റെ കുട്ടി ബസിനടിയില്‍പ്പെട്ടെങ്കിലും പരിക്കുകളൊന്നുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം- പള്ളിക്കത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തോംസണ്‍ ബസാണ് അപകടമുണ്ടാക്കിയതെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. വാരിശേരിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുവാന്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു ശാന്തമ്മയും കുഞ്ഞും.

സമാനമായ സംഭവം രണ്ടാം തവണ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് പിന്നോട്ടെടുത്ത ബസിനടയില്‍പ്പെട്ട് ഒളശ കൊച്ചുപറമ്പില്‍ സുഗുണന്‍-പ്രമീള ദമ്പതികളുടെ മകള്‍ അരുണിമ (11) മരിക്കുന്നത്.  മുത്തശിക്കൊപ്പം പെന്‍ഷന്‍ വാങ്ങാന്‍ പോയി തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടയില്‍ ബസിടിച്ച് തലയിലൂടെ കയറിയിറങ്ങിയാണ് അരുണിമയുടെ മരണം. അപകടത്തില്‍ അരുണിമയുടെ മുത്തശി കൊച്ചുപറമ്പില്‍ സുകുമാരന്റെ ഭാര്യ ശാന്തമ്മ(73)യ്ക്ക് പരിക്കേറ്റിരുന്നു.
മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് സമാനമായ സംഭവം നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ നടക്കുന്നത്.

നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പിന്നോട്ടെടുത്ത ബസിന്റെ ചക്രം കയറി വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്നാണ് ഗതഗാത പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. ഗതാഗതപരിഷ്‌കാരത്തെ തുടര്‍ന്ന് മുമ്പ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ ഇറങ്ങിവരുന്ന ഭാഗത്തു കൂടിയാണ് ബസുകള്‍ നിലവില്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത്. സ്റ്റാന്‍ഡിലേക്കു കയറുന്ന ഭാഗത്തു കൂടി ബസുകള്‍ ഇറങ്ങി പോകണം. എന്നാല്‍ ഗതാഗതരപരിഷ്‌കാരം വിജയമായിരുന്നുവെങ്കിലും പോലീസിന്റെ സാന്നിധ്യം കുറഞ്ഞതോടെ ബസുകള്‍ തോന്നുംപടി സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി. ഇങ്ങനെ സ്റ്റാന്‍ഡില്ലേക്കെത്തുന്ന ബസുകള്‍ അലക്ഷ്യമായാണ് മുന്നോട്ടും പിന്നോട്ടുമെടുക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.

മിക്കപ്പോഴും സറ്റാന്‍ഡിലെത്തുന്ന ബസുകളുടെ അമിതവേഗം ധൃതിയും തുടര്‍ച്ചയായി അപകടങ്ങള്‍ സൃഷ്ടിക്കുകയാണ്. പലപ്പോഴും സ്റ്റാന്‍ഡിലെത്തി ആളുകളെ ഇറക്കുന്ന ബസില്‍ ഡ്രൈവര്‍മാര്‍ മാത്രമാണുണ്ടാകുക. ബസ് പിന്നോട്ട് എടുക്കുമ്പോള്‍ കൃത്യമായ സൈഡ് പറയേണ്ട കണ്ടക്ടറും ക്ലീനര്‍മാരും ഈ സമയങ്ങളില്‍ ബസില്‍ ഉണ്ടാകാറില്ല. ഇവര്‍ ആളെ ഇറക്കുമ്പോള്‍ തന്നെ ബസില്‍നിന്നും ഇറങ്ങിപോയിട്ടുണ്ടാകും. ബസിന്റെ ഇരുവശങ്ങളും നോക്കി ആളില്ലെന്നു ഉറപ്പു വരുത്തി ബസ് കൃത്യമായി സ്റ്റാന്‍ഡ് പിടിക്കേണ്ടതു ഡ്രൈവര്‍മാരുടെ മാത്രം ഉത്തരവാദിത്തമായി മാറുന്ന കാഴ്ചയാണ്. ഇത്തരത്തില്‍ ബസ് പിന്നോട്ട് എടുക്കുമ്പോള്‍ ഡ്രൈവറുടെ കാഴ്ച പരിമിതമായതിനാല്‍ അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

Read more topics: accident, kottayam,
English summary
bus accident kottayam
topbanner topbanner

More News from this section

Subscribe by Email