തളിപ്പറമ്പ്: അത്താഴക്കൂട്ടത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് വിശപ്പുരഹിത-ഭിക്ഷാടന വിരുദ്ധ നഗരം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സൗജന്യ ഭക്ഷണ ഫ്രീസറിന്റെ ഉദ്ഘാടനം 16 ന് വൈകുന്നേരം 5.30 ന് ദേശീയപാതക്ക് സമീപം ജില്ലാ കളക്ടർ മിർ മുഹമ്മദാലി ഉദ്ഘാടനം ചെയ്യും.
നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദ് അധ്യക്ഷത വഹിക്കും. ഏത് സമയത്തും ആവശ്യക്കാർക്ക് ഭക്ഷണം ഉറപ്പുവരുത്തി തളിപ്പറമ്പിൽ നിന്ന് പട്ടിണി തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷണഫ്രീസർ സ്ഥാപിക്കുന്നത്.
ദേശീയപാതക്ക് റോട്ടറി ജംഗ്ഷനിലാണ് ഭക്ഷണപൊതികളടങ്ങുന്ന ഫ്രീസർ സ്ഥാപിക്കുക. ദുരുപയോഗം തടയാനായി കെയർടേക്കറും സുരക്ഷാക്യാമറയും ഉണ്ടായിരിക്കും. വിശക്കുന്നവർക്ക് ഏപ്പോൾ വേണമെങ്കിലും ഇതിൽ നിന്ന് ഭക്ഷണം എടുത്ത് കഴിക്കാം.
ഇവിടേക്ക് വരുന്ന ഭിക്ഷാടകരേയും തെരുവ് അന്തേവാസികളേയും അടുത്തറിഞ്ഞ് അവരുടെ പ്രശ്നങ്ങൾ പഠിച്ച് പുനരധിവാസം ഉൾപ്പെടെ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. നഗരസഭ, സൂപ്പർമാർക്കറ്റ്, ഹോട്ടലുകൾ എന്നിവയുമായി സഹകരിച്ചാണ് ഭക്ഷണം എത്തിക്കുന്നതെന്ന് ഭാരവാഹികളായ ഷഫീക്ക് മുഹമ്മദ്, വിജയ് നീലകണ്ഠൻ, കെ.പി.ഫൈസൽ എന്നിവർ അറിയിച്ചു.