Sunday April 21st, 2019 - 12:02:am
topbanner
topbanner

പുലിമുരുഗന്‍; സാങ്കേതികവിദ്യയുടെ മീശപ്പെരുക്കം : റിവ്യൂ

അഡ്വ: ജഹാംഗീർ റസാഖ് പാലേരി
പുലിമുരുഗന്‍; സാങ്കേതികവിദ്യയുടെ മീശപ്പെരുക്കം : റിവ്യൂ

അഡ്വ: ജഹാംഗീർ റസാഖ് പാലേരി 

പുതിയ കാലത്തെ സിനിമാസ്വാദനത്തെ രണ്ടായി തിരിക്കാമെന്നു തോന്നുന്നു. ആസ്വാദനം വശമുള്ള, മുന്‍വിധികളോ, നിര്‍ബന്ധങ്ങളോ ഇല്ലാത്ത നിലവാരമുള്ള പ്രേക്ഷകര്‍ക്കായുള്ള നല്ല സിനിമകള്‍. സൂപ്പര്‍ താരത്തിന്‍റെ ആരാധകര്‍ക്കായുള്ള , നിര്‍ബന്ധങ്ങളും, ക്ലീഷേ ചേരുവകളും ചേര്‍ത്ത, ചിലപ്പോഴൊക്കെ യുക്തിപോലും മാറ്റിവച്ച് ആസ്വദിക്കേണ്ടി വരുന്ന സൂപ്പര്‍താര സിനിമകള്‍. ആദ്യം പറഞ്ഞതില്‍ സിനിമയുടെ പ്രമേയവും, നിലവാരവുമാണ്‌ പ്രധാനമെങ്കില്‍ രണ്ടാമത്തേതില്‍ സൂപ്പര്‍താരം മാത്രമാണ് പ്രധാനം.

മാഫിയകളെപ്പോലെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഫാന്‍സ്‌ അസോഷിയേഷനുകള്‍ക്ക്, ചില ബ്രഹ്മാണ്ട സൂപ്പര്‍താര ചിത്രങ്ങളെ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ്‌ സൃഷ്ട്ടിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതിനും ചുരുങ്ങിയത് ഒരു രണ്ടു ഡസന്‍ അടയാളങ്ങളെങ്കിലും മലയാള സിനിമയില്‍ മാത്രമുണ്ട്. ചില മോഹന്‍ലാല്‍ സിനിമകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍ എന്നതും സൂക്ഷ്മ പരിശോധനയില്‍ മനസ്സിലാകും. പുതിയ കാലത്ത് അസോഷിയെഷന്‍ പോര്‍വിളികളും കടന്ന് ഓണ്‍ലൈന്‍ സംഘപരിവാര്‍ ഭക്തര്‍ താരത്തിനെയും സിനിമയെയും രാഷ്ട്രീയപരമായി ഹൈജാക്ക് ചെയ്യുന്ന കാഴ്ചയും ഇന്നിന്‍റെ അനുഭവമാണ്.

വന്ന്യമായ ദൃശ്യ ചാരുതകളുടെ സമ്പന്നതയെ അടയാളപ്പെടുത്തുന്നതാണ് #പുലിമുരുഗന്‍ എന്ന മോഹന്‍ലാല്‍ സിനിമ. ആ ദൃശ്യപരതയുടെ മനോഹാരിത മാറ്റിനിര്‍ത്തിയാല്‍ ഇത് മുകളില്‍ പറഞ്ഞതില്‍ രണ്ടാമത്തെ ഗണത്തില്‍ വരുന്ന, ആരാധകര്‍ക്ക് മാത്രമായുള്ള സിനിമയാണ്. പ്രമേയത്തിന്‍റെ നിലവാരഗരിമയൊന്നും ഈ സിനിമയ്ക്ക് അവകാശപ്പെടാനില്ല. പക്ഷേ പതിവുപോലെ വ്യക്തികള്‍ അവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. കാടിന്‍റെയോരത്ത് വന്യമായ ജീവിത യാഥാര്‍ഥ്യങ്ങളോട് പൊരുതി ജീവിക്കുന്ന, കൂപ്പില്‍ നിന്ന് മരത്തടികള്‍ സ്വന്തം ലോറിയില്‍ കടത്തി ജീവിക്കുന്ന സാധുവായ ഒരു തൊഴിലാളിയാണ് ഇതിലെ നായക കഥാപാത്രം. വിദ്യാസമ്പന്നനോ, പുറംലോകത്തിന്‍റെ ആസുരതകള്‍ കണ്ടു വളര്‍ന്നവനോ അല്ലാത്തതിനാല്‍ ഒട്ടൊക്കെ നിഷ്കളങ്കനുമാണ് മുരുഗന്‍. അനിയനും , ഭാര്യയും, പെണ്കുഞ്ഞും അടങ്ങുന്ന ചെറിയ ലോകത്തെ അതിയായി സ്നേഹിക്കുന്നവനാണ് മുരുഗന്‍. ആ അവസ്ഥയിലുള്ള കഥാപാത്രത്തെ പൂര്‍ണ്ണമാക്കാന്‍ മോഹന്‍ലാലിന് സാധിച്ചു എന്നതും പുലിമുരുഗന്റെ മേന്മകളില്‍ ഒന്നാണ്.

അച്ഛനെ കണ്‍മുന്നില്‍ കൊന്നുകളഞ്ഞ പുലിയോടുള്ള മുരുഗന്റെ പകതന്നെയാണ് സിനിമയുടെ പ്രമേയം. ബാലനായ മുരുഗന്‍ ആ പുലിയെ കെണിവച്ച് കൊല്ലുന്നു. പിന്നീട് പുലിപ്പേടിയില്‍ നിന്ന് ഗ്രാമീണരെ രക്ഷിക്കുവാനുള്ള അവതാര പുരുഷനായി മാറുകയാണ് മുരുഗന്‍. ഇതിനിടയില്‍ കാട്ടിലെ കഞ്ചാവ് കൃഷിയും, മയക്കു മരുന്ന് മാഫിയകളും എല്ലാം വില്ലന്മാരായി വരുമ്പോള്‍ മുരുഗദൗത്യങ്ങള്‍ വര്‍ധിക്കുകയാണ്. ആ ദൗത്യങ്ങളെ, എല്ലാ അമാനുഷ നായക കഥാപാത്രങ്ങളെയും പോലെ വിജയകരമായി പൂര്‍ത്തിയാക്കുന്നിടത്ത്, ആരാധക തൃപ്തി നേടി മുരുഗനും അവസാനിക്കുന്നു.

കാടും, വന്യജീവികളും, മനുഷ്യരും പ്രമേയമാകുന്ന സിനിമകളുടെ ഒരു ധാരാളിത്തം തന്നെ ലോക സിനിമയിലുണ്ട്. ടാര്‍സന്‍, ജംഗിള്‍ബുക്ക്‌, ഓള്‍ഡ്‌ മാന്‍ ആന്‍ഡ് ദി സീ തുടങ്ങി, ദി എഡ്ജ്, ഔട്ട്‌ ഓഫ് ആഫ്രിക്ക വരെയുള്ള ക്ലാസ്സിക്കുകളും അക്കൂട്ടത്തില്‍ പെടും. മലയാളത്തില്‍ മൃഗയ, മൈ ഡിയര്‍ കരടി, അടിവാരം, തുടങ്ങി ആ ലിസ്റ്റ് നീളുന്നുണ്ട്. മുരുഗനില്‍ വന്യതയുമായി ഇഴുകി ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെ സിനിമ പ്രതിഫലിപ്പിക്കുന്നൊന്നുമില്ല. The Wild Hunter എന്ന ടാഗ് ലൈന്‍ അന്വര്‍ത്ഥമാക്കാന്‍ കാടിനെ സഫലമായി ഉപയോഗിച്ചിരിക്കുന്നു എന്ന് മാത്രം.

അമാനുഷ നായകന്‍റെ പഞ്ച് ഡയലോഗുകള്‍ക്ക് പകരം ഇരുത്തം വന്ന ഭാവങ്ങളും, കമലദളം, വാനപ്രസ്ഥം ... തുടങ്ങിയ മാതൃകയില്‍ മോഹന്‍ലാല്‍ എന്ന കലാകാരന്‍റെ (താരത്തിന്റെയല്ല) നടന ശരീരത്തെ ഭംഗിയായി ഉപയോഗിക്കുന്നതുമാണ് പുലിമുരുഗനെ ഇഷ്ട്ടപ്പെടുന്ന ആസ്വാദന തലത്തിലെ മറ്റൊരു കാരണം. ലാലിനെ ഉപയോഗിക്കുന്നതില്‍ വിജയിച്ച സംവിധായകരില്‍ ഒരാളാണ് വൈശാഖ് എന്ന് ആ അര്‍ത്ഥത്തില്‍ നിശ്ചയമായും പറയാം.

25 കോടിയിലേറെ രൂപ മുതല്‍മുടക്കിയ സിനിമയുടെ മലയാളത്തിനു അത്രമേല്‍ പരിചിതമല്ലാത്ത സാങ്കേതികത്തികവ് തന്നെയാണ് മുരുഗന്‍ കാണേണ്ട സിനിമയാണ് എന്ന് പറയുന്നതിന്‍റെ ന്യായം. മലയാളത്തില്‍ സാങ്കേതികവിദ്യയുടെ അര്‍ത്ഥപൂര്‍ണ്ണമായ ഉപയോഗത്തിന്‍റെ ഉദ്ഘാടനം എന്ന് വേണമെങ്കില്‍ #പുലിമുരുഗന്‍ എന്ന സിനിമ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടെക്കാം. ഗ്രാഫിക്സും, മിക്സിങ്ങും, പുലിയുമായുള്ള (സിനിമയില്‍ കടുവയെയാണ് കാണിക്കുന്നത്) സംഘട്ടന- ചേസിംഗ് രംഗങ്ങളെ ഉദ്വേഗജനകമാക്കുന്നുണ്ട്.

ഷാജികുമാറിന്റെ ക്യാമറ മലയാള സിനിമയില്‍ അടുത്തകാലത്തുണ്ടായ നവ്യാനുഭവങ്ങളില്‍ ഒന്നായിരിക്കുമെന്ന് നിസംശയം പറയാം. ഒരു കാടിന്‍റെ മനോഹാരിത എല്ലാ ആങ്കിളിലും ഷാജി മനോഹരമായി പകര്‍ത്തിയിരിക്കുന്നു.

#നരസിംഹ ഹാങ്ങോവരുകള്‍, പഴത്തൊലി- മുഖത്തടി ക്ലീഷേ കോമഡികള്‍ (കരച്ചില്‍ വരുന്ന രംഗങ്ങള്‍) , നായകന്‍റെ ശരീരം കാണുന്ന മാദകത്വമുള്ള വച്ച്കെട്ട് കഥാപാത്രത്തിന് തോന്നുന്ന ശരപഞ്ജരം മോഡല്‍ ആകര്‍ഷണങ്ങള്‍... തുടങ്ങിയ പ്രേക്ഷകനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്ന വൃത്തികേടുകള്‍ എന്തിനാണ് ഈ സിനിമയിലും ചേര്‍ത്തത് എന്ന് വൈശാഖ് ഉത്തരം പറയേണ്ട ന്യൂനതകള്‍ തന്നെയാണ്.

എഡിറ്റിംഗ്, പശ്ചാത്തല സംഗീതം എന്നിവയും മികവുറ്റതായി പറയുമ്പോള്‍, പാട്ട്, അതിനു വേണ്ടിയുള്ള കഥാ സന്ദര്‍ഭം എന്നിവ പാട്ടിനുവേണ്ടിയുള്ള കൃത്രിമത്വം തോന്നിപ്പിച്ച ഒന്നായിരുന്നു എന്നും പറയാം.

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ലാല്‍, സിദ്ധീക്ക് തുടങ്ങിയവരും സ്വന്തം റോള്‍ ഭംഗിയാക്കിയപ്പോള്‍, മകരന്ദ് ദേശ്പാണ്ടേക്കും ജഗപതി റാണക്കും ഒന്നും കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് പറയേണ്ടി വരും. സുരാജ് വെഞ്ഞാറമൂട് മിമിക്രിയിലെക്കും, സ്റ്റേജ് ഷോകളിലേക്കും മടങ്ങി മലയാള പ്രേക്ഷകരോട് ദയ കാണിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു. എം ആര്‍ ഗോപകുമാറിന്റെ വൈദ്യന്‍ വേഷം അദ്ദേഹം അനവധി വര്‍ഷങ്ങള്‍ക്കു ശേഷം ചെയ്ത നല്ലൊരു കഥാപാത്രം എന്ന് പറയാം.

ടോമിച്ചന്‍ മുളകുപാടം 25 കോടി മുടക്കി നിര്‍മ്മാതാവായ ഈ ചിത്രം ആദ്യദിനം മാത്രം 15 കോടി നേടി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ നിലയില്‍ മലയാള സിനിമയുടെ ബോക്സോഫീസ് ചരിത്രത്തിനും മുരുഗന്‍ അടയാളപ്പെടുത്തപ്പെടും. ആരാധക തൃപ്തിക്കല്ലാതെ ഉദയ്കൃഷ്ണയുടെ രചനയില്‍ ഒന്നുമില്ല എന്നതും ശ്രദ്ധേയം..!

താരാരാധകരുടെ ഇതുവരെയുള്ള സോഷ്യല്‍ മീഡിയ അവകാശവാദങ്ങളെല്ലാം പൊള്ളയാണ്‌. കാരണം പ്രമേയപരമായി ഒരു മികച്ച സിനിമയല്ല പുലിമുരുഗന്‍. അമാനുഷ മോഹന്‍ലാല്‍ ആരാധകര്‍ക്ക് പുറമേ, 25 കോടി വിലവന്ന സാങ്കേതിക തികവിന്റെ മലയാള സിനിമയിലെ ഉദ്ഘാടന മഹാമഹം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുലിമുരുഗന്‍ നിശ്ചയമായും കാണാം; ധൈര്യമായി...

മണിക്കൊപ്പം അഭിനയിക്കാന്‍ മുന്‍നിര നടിമാര്‍ മടികാണിച്ചത് എന്തുകൊണ്ട് ?

സീരിയല്‍ രംഗത്തുള്ളവര്‍ ഞങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിച്ചിരുന്നു: സജി നായര്‍

Read more topics: Puli Murugan, review,
English summary
Puli Murugan latest review malayalam,
topbanner

More News from this section

Subscribe by Email